യുവാവിനെ കെട്ടിയിട്ടതിൻറെ ദൃശ്യം
പേരാമ്പ്ര: തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം പന്തിരിക്കര സൂപ്പിക്കടയില്‍നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഇര്‍ഷാദിന്റേത് തന്നെയെന്ന് സൂചന നല്കി ഡി.എന്‍.എ. പരിശോധനാറിപ്പോര്‍ട്ട്. ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ രക്തസാംപിള്‍ ശേഖരിച്ച് വ്യാഴാഴ്ച കണ്ണൂരിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ ഡി.എന്‍.എ. പരിശോധനയ്ക്കായി അയച്ചിരുന്നു. ഇത് തിക്കോടിയില്‍ കണ്ടെത്തിയ മൃതദേഹത്തിലെ ഡി.എന്‍.എ.യുമായി സാമ്യമുള്ളതാണെന്ന റിപ്പോര്‍ട്ടാണ് പോലീസിന് ലഭിച്ചത്.
ഇതോടെ സ്വര്‍ണക്കടത്ത് തട്ടിക്കൊണ്ടുപോകല്‍ കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. തട്ടിക്കൊണ്ടുപോകപ്പെട്ട ഇര്‍ഷാദ് പുറക്കാട്ടിരി പാലം പരിസരത്തുവെച്ച് പുഴയിലേക്ക് ചാടിയെന്ന സംശയത്തിന്റെ തുടര്‍ച്ചയായാണ് ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്. ജൂലായ് 17-നാണ് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തുന്നത്.
കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയുടേതാണെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചിരുന്നു. ഇവരുടെ ബന്ധുക്കളുടെ ഡി.എന്‍.എ. പരിശോധനാഫലം കഴിഞ്ഞദിവസം ലഭിച്ചപ്പോള്‍ ബന്ധമില്ലെന്ന സൂചനയാണ് ലഭിച്ചിരുന്നത്. ഇതോടെയാണ് മൃതദേഹം ഇര്‍ഷാദിന്റേതാണോ എന്ന് പരിശോധിക്കാന്‍ പോലീസ് തീരുമാനിക്കുന്നത്. ഇര്‍ഷാദ് പുറക്കാട്ടിരിഭാഗത്ത് പുഴയിലേക്ക് ചാടിയതായി കസ്റ്റഡിയിലെടുത്തയാള്‍ പോലീസിനോട് പറഞ്ഞിരുന്നു.
ജൂലായ് 15-ന് കാറിലെത്തിയ അഞ്ചംഗസംഘത്തിലെ രണ്ടു യുവാക്കള്‍ പുറക്കാട്ടിരി പാലത്തിന് താഴെ എത്തിയിരുന്നതായി നേരത്തേതന്നെ ദൃക്സാക്ഷികളുടെ മൊഴിയുണ്ട്. ഒരാള്‍ പുഴയിലേക്ക് വീണതോടെ മറ്റുള്ളവര്‍ കാറില്‍ രക്ഷപ്പെടുന്നത് തൊഴിലാളികള്‍ കണ്ടിരുന്നു. അന്ന് ഇക്കാര്യത്തില്‍ എലത്തൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.
ഇക്കാര്യവും കസ്റ്റഡിയിലെടുത്തവരുടെ മൊഴിയും പരിഗണിച്ചാണ് വീണത് ഇര്ഷാദാവാമെന്ന് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പോലീസ് പുറക്കാട്ടിരി പാലത്തിനടുത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു.
രണ്ടുപേർകൂടി അറസ്റ്റിൽ
പേരാമ്പ്ര: ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി. കല്പറ്റ കടുമിടുക്കിൽ ജിനാഫ് (31), വൈത്തിരി ചെറുമ്പാല വീട്ടിൽ ഷഹീൽ (26) എന്നിവരെയാണ് പെരുവണ്ണാമൂഴി ഇൻസ്പെക്ടർ കെ. സുഷീർ അറസ്റ്റുചെയ്തത്. പേരാമ്പ്ര മജിസട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ മൂന്നുപേർ അറസ്റ്റിലായി.
കണ്ണൂർ പിണറായി മർഹബ വീട്ടിൽ മർസീദാണ് (32) തിങ്കളാഴ്ച അറസ്റ്റിലായിരുന്നത്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാലിഹിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾ വിദേശത്താണെന്നും ഇടയ്ക്ക് നാട്ടിലെത്തി ജൂലായ് മാസത്തിൽ വിദേശത്തേക്ക് തിരികെപ്പോയതാണെന്നുമാണ് പോലീസ് കണ്ടെത്തൽ.
മേയ് 13-നാണ് ഇർഷാദ് ദുബായിൽനിന്ന് നാട്ടിലേക്കെത്തിയത്. 23-ന് വീട്ടിൽനിന്ന് ജോലിക്കെന്നും പറഞ്ഞ് വയനാട്ടിലേക്കുപോയി. ജൂലായ് മാസം എട്ടിനാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്. വിദേശത്തുനിന്ന് എത്തിച്ച 60 ലക്ഷത്തോളം മൂല്യമുള്ള സ്വർണം തിരികെനൽകിയില്ലെങ്കിൽ ഇർഷാദിനെ കൊല്ലുമെന്നായിരുന്നു ഭീഷണി.
സൂപ്പിക്കട സ്വദേശി ഷെമീറുൾപ്പടെ മൂന്നുപേർക്കാണ് സ്വർണം കൈമാറിയതെന്നായിരുന്നു മാതാപിതാക്കളുടെ വെളിപ്പെടുത്തൽ. ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചികിത്സാർഥം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ സുഹൃത്തുക്കളെയും മുഹമ്മദ് സാലിഹുമായി ബന്ധമുള്ളവരെയുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ചോദ്യംചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..