പട്ടാപ്പകല്‍ കവർന്നത് 95 പവന്‍, കാറിന്‍റെ ശബ്ദംകേട്ട് മതില്‍ചാടി; 9-ാം ദിനം പോലീസിന്‍റെ കെണിയിലായി


• പ്രതിയുമായി പോലീസ് നെഹ്റു നഗറിലെത്തി തെളിവെടുപ്പ് നടത്തുന്നു

കുന്നംകുളം: ശാസ്ത്രിജി നഗറിലെ എൽ.ഐ.സി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ദേവിയുടെ വീട്ടിൽനിന്ന് 95 പവൻ കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽഫലാഹിൽ ഇസ്മയിലി(30)നെയാണ് സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ജനുവരി ഒന്നിന് പകൽ, വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളിൽനിന്ന് പ്രതിയുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പകൽ മോഷണം നടത്തുന്ന സംസ്ഥാനത്തെ നൂറ്റമ്പതോളം പേരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. ഇവരിൽ ജയിലിന് പുറത്തുള്ളവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇസ്മയിൽ കുടുങ്ങിയത്. ആളില്ലാത്ത വീടാണെന്ന് ഉറപ്പാക്കിയശേഷം അകത്തുകയറി വിലപിടിപ്പുള്ള സാധനങ്ങൾ കവരുന്നതാണ് സ്ഥിരം രീതിയെന്നും പോലീസ് പറഞ്ഞു.

40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കോഴിക്കോട്ടെ ജൂവലറിയിൽ വിറ്റിരുന്നു. ഇതിൽ 80 പവനോളം കണ്ടെത്തി. സ്വർണം വിറ്റ് ലഭിച്ച പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ധർമടം, എളമക്കര, മലപ്പുറം, തൃക്കാക്കര, കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് ടൗൺ, ഫറൂക്ക്, നല്ലളം, കായംകുളം, പത്തനാപുരം, കളമശ്ശേരി എന്നീ പോലീസ് സ്‌റ്റേഷനുകളിൽ ഇസ്മയിലിന്റെ പേരിൽ കേസുകളുണ്ട്. കഴിഞ്ഞ മാസം പുനലൂരിലെ വീട്ടിൽനിന്ന് 30 പവൻ സ്വർണാഭരണങ്ങൾ കവർന്നതായും പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഡിസംബർ രണ്ടിനാണ് മാവേലിക്കര ജയിലിൽനിന്ന് ഇയാൾ പുറത്തിറങ്ങിയത്. എ.സി.പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പ്രതിയുമായി ശാസ്ത്രിജി നഗറിലെ വീട്ടിലെത്തി തെളിവെടുത്തു.

തൃശ്ശൂർ ക്രൈം സ്‌ക്വാഡിലെ എസ്.ഐ.മാരായ സുവ്രതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, രാകേഷ്, കുന്നംകുളം സ്റ്റേഷനിലെ എസ്.ഐ.മാരായ രാജീവ്, ഷക്കീർ അഹമ്മദ്, സുകുമാരൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കണക്കുകൂട്ടലുകൾ പൊളിച്ചടുക്കിയ പോലീസ് തന്ത്രം

പുതുവത്സരദിനത്തിൽ വൈകീട്ട് നാലോടെയാണ് വലിയ മോഷണത്തിന്റെ വിവരം പുറത്തറിയുന്നത്. കുന്നംകുളം സ്റ്റേഷനിൽനിന്നുള്ള പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി. പിന്നാലെ, ജില്ലാ ക്രൈം സ്‌ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. പ്രാഥമിക പരിശോധനയിൽതന്നെ പ്രതിക്ക് രക്ഷപ്പെടാനുള്ള വഴിയെല്ലാമടച്ചെന്ന് ക്രൈം സ്‌ക്വാഡ് ഉറപ്പിച്ചിരുന്നു. പഴുതുകൾ നൽകാതെയുള്ള നീക്കമാണ് വൈകാതെ പ്രതിയെ വലയിലാക്കുന്നതിലേക്ക് നീങ്ങിയത്.

മോഷണം നടന്ന് ആദ്യത്തെ രണ്ടുദിവസം തുമ്പൊന്നും കിട്ടാതെ അന്വേഷണസംഘം ബുദ്ധിമുട്ടി. നിരീക്ഷണ ക്യാമറകളിൽനിന്നുള്ള സൂചനകൾ ലഭിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പകൽ മോഷണം നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾകൂടി ശേഖരിച്ചതോടെ പ്രതിയിലേക്കെത്താനുള്ള പിടിവള്ളിയായി. പ്രതിയായ ഇസ്മയിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയിട്ടുണ്ടെന്നറിഞ്ഞതോടെ ഇയാളെക്കുറിച്ചുള്ള അന്വേഷണമായി.

വിവിധ പോലീസ് സ്റ്റേഷനുകളിലെ സമാനമായ കുറ്റകൃത്യങ്ങളും അന്വേഷണത്തിന് പിൻബലം നൽകി. മോഷണം നടത്തിയാൽ അവിടെനിന്നുള്ള വാർത്തകൾ തേടുന്ന രീതി ഇസ്മയിലിനുണ്ട്. കുന്നംകുളത്തെ മോഷണത്തെക്കുറിച്ചുള്ള വിവരങ്ങളും ഇയാൾ അന്വേഷിച്ചിരുന്നു. പോലീസ് പിന്നാലെയില്ലെന്ന നിഗമനത്തിലാണ് കോഴിക്കോട്ടെത്തി സ്വർണാഭരണങ്ങൾ വിറ്റത്.

പിന്നീട് യാത്രയുടെ റൂട്ട് തെക്കൻ ജില്ലകളിലേക്ക് മാറ്റി. എന്നാൽ, ഇയാളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് മോഷണം നടന്ന് ഒമ്പതാം ദിവസം ഇസ്മയിൽ പോലീസിന്റെ കൈയിലായി. ഗുരുവായൂരിലെ സ്വർണാഭരണ മോഷണക്കേസ് അന്വേഷിച്ച ക്രൈം സ്‌ക്വാഡിലെ എസ്.ഐ.മാരായ സുവ്രതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, രാകേഷ്, സീനിയർ സി.പി.ഒ.മാരായ ജീവൻ, പഴനിസ്വാമി, സി.പി.ഒ.മാരായ ലികേഷ്, ആഷിഷ്, വിപിൻ, സുജിത്, ശരത്, വിനിത എന്നിവരാണ് ഈ അന്വേഷണത്തിലുമുണ്ടായിരുന്നത്.

കുന്നംകുളത്തുനിന്ന് എ.എസ്.ഐ. സുമേഷ്, സി.പി.ഒ.മാരായ ഗഗേഷ്, അഭീഷ്, റിജിൻദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അപ്രതീക്ഷിതമായി വീട്ടുകാരെത്തി; തെളിവുകൾ നശിപ്പിക്കാതെ കടന്നു

'വീടിന്റെ പ്രധാന ഗേറ്റ് തുറന്ന് മുറ്റത്തെത്തി. രണ്ടുതവണ കോളിങ് ബെൽ അടിച്ചിട്ടും ആരെയും പുറത്തുകണ്ടില്ല. വീടിന്റെ പിൻഭാഗത്തെത്തി. പൊളിച്ചുമാറ്റാതെ നിന്നിരുന്ന ചുമരിലൂടെ സൺഷേഡിലേക്കും അവിടെനിന്ന് ടെറസിലുമെത്തി. വാതിൽ രണ്ടുമൂന്നുതവണ ശക്തമായി തള്ളിയതോടെ പൊളിഞ്ഞു. ഇതിലൂടെ അകത്തുകടന്നു...' മോഷണം നടന്ന ശാസ്ത്രിജി നഗറിലെ പ്രശാന്തിയിലെത്തിയ പ്രതി ഇസ്മയിൽ പോലീസിനോട് മോഷണരീതികൾ വിശദീകരിച്ചു.

രക്ഷപ്പെട്ടതെങ്ങനെയെന്നായിരുന്നു പോലീസിന്റെ അടുത്ത ചോദ്യം. 'മുറ്റത്ത് കാറിന്റെ ശബ്ദം കേട്ടു. ആ സമയത്ത് തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു. ഗൃഹനാഥ ദേവിയുടെ കാൽപ്പെരുമാറ്റം കേട്ടതോടെ വീട്ടിൽനിന്ന് പാന്റ്സ് എടുത്തിട്ടു. പിൻവശത്തെ വാതിൽ തുറന്ന് മതിൽ ചാടിക്കടന്ന് റോഡിലെത്തി. കാണിയാമ്പാൽ പാടശേഖരത്തിലൂടെ അടുത്ത റോഡിലേക്കെത്തി.

ആ സമയത്ത് അതുവഴി വന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു.' ഭാവവ്യത്യാസമില്ലാതെയായിരുന്നു മറുപടി.

വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസും മുഖം മനസ്സിലാകാതിരിക്കാൻ മാസ്‌കും ഉപയോഗിച്ചിരുന്നു. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പേഴ്‌സുകളാണ് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അടുക്കളയിലിട്ട് കത്തിച്ചത്.

ഇതിന്റെ ഭാഗങ്ങൾ കത്തിതീരുന്നതിന് മുമ്പ് ദേവി വീട്ടിലേക്ക് മടങ്ങിയെത്തി. പ്രതി അഴിച്ചിട്ട പാന്റ്, ഗ്ലൗസ്, മാസ്‌ക് എന്നിവയെല്ലാം മോഷണം നടന്ന വീട്ടിൽനിന്ന് പോലീസിന് ലഭിച്ചിരുന്നു. ഇവ തിരിച്ചെടുക്കാൻ കഴിഞ്ഞില്ലെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയൂടെ മോഷണരീതി ഞെട്ടലോടെയാണ് ദേവി കേട്ടുനിന്നത്. “ആ സമയത്ത് അയാളുടെ കണ്ണിൽപ്പെടാഞ്ഞത് ഭാഗ്യമായി” - ദേവി പിന്നീട് പ്രതികരിച്ചു.

Content Highlights: gold theft from Kunnamkulam: Accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented