പ്രതീകാത്മക ചിത്രം
കൊണ്ടോട്ടി: സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ കര്‍ശന നടപടികളില്ലാത്തത് ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും റാക്കറ്റുകള്‍ക്കും തണലാകുന്നു. സ്വര്‍ണക്കടത്ത് എന്ന സാമ്പത്തികക്കുറ്റത്തിന് വഴിയൊരുക്കാനായി ഭീഷണി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, പീഡനം തുടങ്ങി കൊലപാതകങ്ങള്‍വരെ നടക്കുന്നു. ക്വട്ടേഷന്സംഘങ്ങളാണ് ഇവ ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഇതിന്റെ ഏറ്റവുമൊടുവിലെ സംഭവമാണ് അഗളി വാക്ക്യത്തൊടിയിലെ അബ്ദുള്‍ ജലീലിന്റെ കൊലപാതകം.
കഴിഞ്ഞ ജൂണില്‍ രാമനാട്ടുകരയില്‍ അഞ്ചു യുവാക്കള്‍ മരിച്ച വാഹനാപകടത്തിന്റെ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നായി 60-ഓളം പേരാണ് കേസില്‍ പിടിയിലായത്. പിടിയിലായവരെല്ലാം ക്വട്ടേഷന്‍ സംഘാംഗങ്ങളോ മറ്റു ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരോ ആണ്. കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല. പിടിയിലായവരെല്ലാം ജാമ്യത്തിലിറങ്ങി. പ്രധാന പ്രതികളായ മൂന്നുപേരെക്കൂടി പിടികൂടിയശേഷം കുറ്റപത്രം നല്‍കുെമന്നാണ് പോലീസ് പറയുന്നത്.
നേരത്തെ ഒറ്റയ്ക്കും തെറ്റയ്ക്കും നടന്നിരുന്ന സ്വര്‍ണക്കടത്ത് ഇന്ന് വലിയ റാക്കറ്റുകളുടെ നിയന്ത്രണത്തിലാണ്. വിദേശത്തും നാട്ടിലും പടര്‍ന്നു കിടക്കുന്ന ഈ മാഫിയകളെ സഹായിക്കുന്നതാകട്ടെ ക്വട്ടേഷന്‍ സംഘങ്ങളും. കള്ളക്കടത്ത് സ്വര്‍ണം പിടിക്കുമ്പോള്‍ പോലും ഇതിനു പിന്നിലെ റാക്കറ്റുകള്‍ രക്ഷപ്പെടുന്നു. ക്വട്ടേഷന്‍ സംഘങ്ങളടക്കമുള്ളവരെ പിടികൂടാനോ, പിടികൂടിയാല്‍ത്തന്നെ സമയബന്ധിതമായി നടപടികളെടുത്ത് ശിക്ഷ ഉറപ്പാക്കാനോ കഴിയാത്തത് ഇവര്‍ക്ക് ധൈര്യം പകരുന്നു.
കോഴിക്കോട്ടെ കുരുക്കില്നിന്നൊഴിയാന് നെടുമ്പാശ്ശേരിയിലേക്ക്
കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് തടയാന്‍ കഴിഞ്ഞ ഡിസംബറില്‍ പോലീസും രംഗത്തിറങ്ങിയതോടെ സ്വര്‍ണക്കടത്ത് മാഫിയ നെടുമ്പാശ്ശേരിയിലേക്ക് ചുവട് മാറ്റിക്കൊണ്ടിരിക്കുകയാണ്. കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ പോലീസും സംവിധാനമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ 20 കിലോയിലേറെ സ്വര്‍ണമാണ് പോലീസ് മാത്രം കരിപ്പൂരില്‍നിന്ന് പിടികൂടിയത്. കരിപ്പൂരില്‍ കൂടുതല്‍പ്പേര്‍ പിടിയിലാകാന്‍ തുടങ്ങിയതോടെ സ്വര്‍ണമാഫിയ മറ്റുവിമാനത്താവളങ്ങളിലേക്കും പ്രവര്‍ത്തനം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നെടുമ്പാശ്ശേരി വഴിയാണ് കൂടുതല്‍ ഓപ്പറേഷന് നടക്കുന്നത്.
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട,മൂന്ന് പേര് പിടിയില്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിച്ച 1.103 കിലോ സ്വര്‍ണം പോലീസ് പിടികൂടി. സംഭവത്തില്‍ യാത്രക്കാരനടക്കം മൂന്ന് പേര് പിടിയിലായി.
ശനിയാഴ്ച രാവിലെ ഒന്‍പതിന് ജിദ്ദയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തിയ തിരൂരങ്ങാടി മമ്പുറം മുഗംവീട്ടില് അബ്ബാസ് (52), സ്വീകരിക്കാനെത്തിയ കൊടുവള്ളി ആവിലോരം സ്വദേശികളായ അയ്യപ്പന്‍കണ്ടിയില്‍ ഷംനാദ് (29), തറമ്മല്‍ നൗഫല്‍ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ വന്ന കാര്‍ കസ്റ്റഡിയിലെടുത്തു. സ്വര്‍ണം മിശ്രിതരൂപത്തില്‍ നാല് കാപ്സ്യൂളിലാക്കിയാണ് അബ്ബാസ് സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചത്. മൂവരെയും പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..