ഫയൽചിത്രം | മാതൃഭൂമി
മട്ടന്നൂര്‍ (കണ്ണൂര്‍): പ്രവര്‍ത്തനം തുടങ്ങി നാലുവര്‍ഷത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത് 104 കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണം. ഇത് 221 കിലോഗ്രാമോളംവരും. 315 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു.
കസ്റ്റംസിനും ഡി.ആര്.ഐ.ക്കും പുറമേ വിമാനത്താവള പോലീസും സ്വര്‍ണം പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്താതെ പോയ സ്വര്‍ണമാണ് നാലുതവണയായി പോലീസ് പിടിച്ചത്. പ്രതിവര്‍ഷം 80 കിലോഗ്രാമോളം സ്വര്‍ണമാണ് ഇവിടെ പിടികൂടുന്നത്.
പിടികൂടിയ സ്വര്‍ണം കേന്ദ്രസര്‍ക്കാരിലേക്കാണ് പോകുന്നത്. സ്വര്‍ണം പിടികൂടി 90 ദിവസത്തിനുള്ളിലാണ് റിസര്‍വ് ബാങ്ക് വഴി കേന്ദ്രസര്‍ക്കാരിന് കൈമാറുന്നത്.പിടികൂടിയ സ്വര്‍ണം കൈമാറുംമുന്പ് കൊണ്ടുവന്നയാളെ രേഖാമൂലം അറിയിക്കും. അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണമായതിനാല്‍ അവര്‍ക്ക് എതിര്‍ക്കാനാകില്ല. കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സീല്‍ചെയ്ത് ഡിജിറ്റൈസേഷന് നടപടികളും പൂര്‍ത്തീകരിച്ചാണ് നല്‍കുക. കേന്ദ്രസര്‍ക്കാരിന്റെ മിന്റുകള്‍ വഴിയാണ് സ്വര്‍ണം കൈകാര്യംചെയ്യുന്നത്.
അതേസമയം പിടികൂടപ്പെടാതെ കോടികളുടെ സ്വര്‍ണം വിമാനത്താവളങ്ങള്‍ വഴി കടത്തുന്നുണ്ടെന്ന മറുവശവും ഇതിനുണ്ട്.
നികുതിയിനത്തില്‍ ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് സ്വര്‍ണക്കടത്ത് വഴി സര്‍ക്കാരിന് നഷ്ടമാകുന്നത്. ഒരുകോടി രൂപ വരെയുള്ള സ്വര്‍ണം പിടിച്ചാല്‍ കസ്റ്റംസ് തന്നെ ജാമ്യം നല്‍കും. ഒരു കോടിക്ക് മുകളിലുള്ള സ്വര്‍ണം കടത്തിയാല്‍ റിമാന്‍ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരും. ഇത് കണക്കാക്കി ഒരുകോടി രൂപയ്ക്ക് താഴെ വരുന്ന സ്വര്‍ണമാണ് മിക്കവരും കടത്താന്‍ ശ്രമിക്കുന്നത്.
കടത്തിന്റെ പുതിയ രീതികള്‍
എളുപ്പം പിടിയിലാകാതിരിക്കാന്‍ തുണിയില്‍ മുക്കിയും പെയിന്റടിച്ചുമൊക്കെയാണ് സ്വര്‍ണക്കടത്തിന്റെ പുതിയ രീതികള്‍. ചോക്കളേറ്റ് കവറിന്റെയും കമ്പിയുടെയും രൂപത്തിലുമുള്ള സ്വര്‍ണം കണ്ണൂരില്മുന്പ് പിടിച്ചിരുന്നു. സ്ത്രീകളെയും കുട്ടികളെയും കടത്തിന് ഉപയോഗിക്കുന്നതും വര്‍ധിക്കുകയാണ്. കടത്തിക്കൊണ്ടുവരുന്നവരില്നിന്ന് സ്വര്‍ണം തട്ടിപ്പറിക്കുന്ന സംഘങ്ങളും വ്യാപകമായതോടെ പോലീസും മുഴുവന്‍ സമയവും വിമാനത്താവള പരിസരത്ത് നിരീക്ഷണം നടത്തുന്നുണ്ട്.
2018 മുതല്‍ കസ്റ്റംസ് പിടികൂടിയ സ്വര്‍ണം കിലോഗ്രാമില്‍
2018-193.5
2019-2047.1
2020-2155.5
2021-2259.4
2022-23 ഇതുവരെ - 47
Content Highlights: gold smuggling through kannur airport
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..