ഇർഷാദ്, തട്ടിക്കൊണ്ടുപോയതിന് പിന്നാലെ അയച്ചുനൽകിയചിത്രം (വലത്) | Image: Mathrubhumi news screengrab
പെരിന്തല്‍മണ്ണ: സ്വര്ണക്കടത്തുകാര് മര്‍ദനത്തിനിരയാകുന്ന സംഭവങ്ങളേറെയുണ്ടെങ്കിലും അവരുടെ ജീവന് നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് കടത്ത് നിയന്ത്രിക്കുന്നവരുടെ പ്രവര്ത്തനംമാറുന്നു.
ഏറ്റവും ഒടുവിലത്തേതാണ് കോഴിക്കോട് പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ മരണം. വിദേശത്തുനിന്ന് സ്വര്‍ണം നല്കുമ്പോള് മുതല്‍ വിമാനം കയറി നാട്ടിലെത്തി നിശ്ചിത ആള്‍ക്ക് കൈമാറുന്നതുവരെ വാഹകര്‍ കടത്ത് സംഘങ്ങളുടെ നിരീക്ഷണത്തിലാവും. നാട്ടില്‍ വിമാനമിറങ്ങുന്നതോടെ കാത്തിരിക്കുന്ന സംഘങ്ങള്‍ വാഹകരെ കൊണ്ടുപോകുകയാണ് പതിവുരീതി. രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് പരിശോധിക്കുമ്പോള്‍ സ്വര്‍ണം കണ്ടെത്തിയില്ലെങ്കിലാണ് മര്‍ദനവും ചോദ്യംചെയ്യലും തുടങ്ങുന്നത്. വിദേശത്ത് സ്വര്‍ണം വാഹകര്‍ക്ക് എത്തിക്കുന്ന സംഘങ്ങള്‍തന്നെ സ്വര്‍ണം മാറ്റുന്നതായും വാഹകര്‍ കബളിക്കപ്പെടുന്നതായും സംശയിക്കപ്പെടുന്നുണ്ട്.
പെരിന്തല്‍മണ്ണയില്‍ കൊല്ലപ്പെട്ട അഗളി സ്വദേശി വാക്യത്തൊടി അബ്ദുള്‍ ജലീലി (42)ന് നാലുദിവസത്തോളമാണ് ക്രൂരമായ പീഡനമേറ്റത്. മേയ് 15-ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ജലീലിനെ തട്ടിക്കൊണ്ടുവന്ന സംഘം 19-ന് രാവിലെയാണ് അവശനിലയില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. അന്ന് രാത്രി ജലീല്‍ മരിച്ചു. വിവിധ കേന്ദ്രങ്ങളിലെത്തിച്ച് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് ശരീരമാസകലം കീറിവരഞ്ഞായിരുന്നു പീഡനം. ബോധരഹിതനായപ്പോള്‍ സ്വന്തംനിലയ്ക്ക് ചികിത്സ നല്കി. നില വഷളായപ്പോള്‍ അപകടത്തില്‍ പരിക്കേറ്റ് കിടക്കുകയാണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച് മുങ്ങുകയായിരുന്നു.
സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് ആശുപത്രിയിലെത്തിച്ചയാളെ തിരിച്ചറിഞ്ഞ പോലീസ് നടത്തിയ അന്വേഷണമാണ് മുഖ്യപ്രതി ആക്കപ്പറമ്പ് സ്വദേശി മുഹമ്മദ് യഹിയ(35) അടക്കമുള്ളവരെ പിടികൂടുന്നതിലെത്തിയത്. ജലീലിന് സൗദിയില്‍ കൈമാറിയെന്ന് പറയുന്ന 1.200 കിലോഗ്രാം സ്വര്‍ണം എവിടെയെന്ന് കണ്ടെത്തിയിട്ടില്ല. വിദേശത്ത് സംഘത്തിന് സഹായം ചെയ്തവരെയും സംഭവശേഷം വിദേശത്തേക്ക് കടന്നവരെയും കണ്ടെത്തുന്നതിന് പോലീസ് നടപടികള്‍ സ്വീകരിച്ചുവരികയാണ്. നാട്ടില്‍ ഇവര്‍ക്കായി നിരീക്ഷണം നടത്തുന്നുമുണ്ട്.
ജീവൻ കളയണോ?
സാധാരണഗതിയിൽ ഒരു കിലോഗ്രാം സ്വർണം കടത്തുമ്പോൾ നാല്-അഞ്ച് ലക്ഷം രൂപയാണ് കടത്തുകാരന് കിട്ടുന്നത്. വിമാനടിക്കറ്റും നൽകും. ഈ തുകയ്ക്കുവേണ്ടി നിയമവിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ട് ജീവൻ കളയണോ എന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ആലോചിക്കണം. തീവ്രവാദ പ്രവർത്തനങ്ങളെ സഹായിക്കുന്നവരടക്കം വലിയൊരു സംഘമാണ് സ്വർണക്കടത്തിനുപിന്നിലെന്നും ഓർക്കണം. -ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇര്‍ഷാദിന്റെ മരണം കൊലപാതകമെന്ന് സംശയം, സ്വര്‍ണക്കടത്തുസംഘം അപായപ്പെടുത്തിയതായി സൂചന
വടകര: സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ വലിയപറമ്പില്‍ കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദി (28) ന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ്. ആസൂത്രിത കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. ജൂലായ് 17-ന് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ ജഡം ഇര്‍ഷാദിന്റേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ സ്ഥിരീകരിച്ചതായി കോഴിക്കോട് റൂറല്‍ എസ്.പി. ആര്. കറുപ്പസ്വാമി വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു. മര്‍ദനമേറ്റ് അവശനായ ഇര്‍ഷാദിനെ കാറില്‍ കൊണ്ടുപോയി പുഴയിലേക്ക് തള്ളിയിട്ടതായിരിക്കാമെന്നാണ് പോലീസ് നിഗമനം.
തട്ടിക്കൊണ്ടുപോയവര്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത ചിത്രത്തില്‍ ഇര്‍ഷാദിന്റെ രണ്ടു കൈകളും ബന്ധിച്ചനിലയിലാണ്. മാരകമായ മര്‍ദനത്തിനിരയായിട്ടുണ്ടെന്ന് സംഘം അയച്ചുകൊടുത്ത ചിത്രത്തില്‍ വ്യക്തമാണ്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ നെറ്റിയില്‍ മുറിവുണ്ടായിരുന്നതായി വിവരമുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ഇര്‍ഷാദിന്റെ മൃതദേഹം മേപ്പയ്യൂരില്‍നിന്ന് കാണാതായ ദീപക്കിന്റേതാണെന്നുകരുതി ഏറ്റുവാങ്ങി ദഹിപ്പിച്ചതിനാല്‍ റീ പോസ്റ്റുമോര്‍ട്ടത്തിന് സാധ്യതയില്ല. ഈ സാഹചര്യത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാണ്.
ദുബായില്‍നിന്നു വരുമ്പോള്‍ കൊണ്ടുവന്ന 60 ലക്ഷംരൂപ വിലവരുന്ന സ്വര്‍ണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. ഇതിലൊരാള്‍ ഇര്‍ഷാദ് പുറക്കാട്ടിരി ഭാഗത്ത് പുഴയിലേക്ക് ചാടിയെന്ന് മൊഴിനല്‍കിയിരുന്നു. ജൂലായ് 15-ന് കാറിലെത്തിയ അഞ്ചംഗസംഘത്തിലെ ഒരാള്‍ പുഴയിലേക്ക് വീണതായി സമീപത്തെ തൊഴിലാളികളുടെ മൊഴിയുമുണ്ട്. ഇതോടെയാണ് ഇത് ഇര്‍ഷാദാണെന്ന സംശയം ബലപ്പെട്ടത്.
മൃതദേഹം കടപ്പുറത്തടിഞ്ഞ സമയത്ത് ഇര്‍ഷാദിനെ കാണാതായ പരാതി ഇല്ലായിരുന്നു. മേപ്പയ്യൂരില്‍നിന്ന് കാണാതായ ദീപക്കിന്റെ ബന്ധുക്കളെത്തി മൃതദേഹം പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ഏറ്റുവാങ്ങി സംസ്കാരം നടത്തി. പിന്നീടാണ് ഡി.എന്‍.എ. പരിശോധനാഫലം വരുന്നതും മരണപ്പെട്ടത് ദീപക്കല്ലെന്ന് വ്യക്തമാകുന്നതും. നാസറിന്റെയും നഫീസയുടെയും മകനാണ് ഇര്‍ഷാദ്. ഭാര്യ: ഷഹദ. സഹോദരങ്ങള്‍: അര്‍ഷാദ് (ദുബായ്), അംന ഷറിന്. കണ്ടെടുത്ത മൃതദേഹം ദീപകിന്റേതല്ലെന്നുറപ്പായ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്താനും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..