.
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലും പരിസരത്തുംനിന്നുമായി മൂന്നു യാത്രക്കാരില്‍നിന്നായി നാലരക്കിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും കരിപ്പൂര്‍ പോലീസുമാണ് പിടികൂടിയത്.
മൂന്നു യാത്രക്കാരില്‍നിന്ന് ഏകദേശം 1.5 കോടി വിലവരുന്ന സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്.
തിങ്കളാഴ്ച രാവിലെ ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വന്ന മലപ്പുറം സ്വദേശിയായ ഫഹദില്‍(22)നിന്ന് 1168 ഗ്രാം സ്വര്‍ണമിശ്രിതവും കണ്ണൂര്‍ സ്വദേശിയായ റമീസില്‍(32)നിന്ന് മിക്സിയില്‍ ഒളിപ്പിച്ചനിലയില്‍ 1.86 കിലോ സ്വര്‍ണവും ആണ് കണ്ടെടുത്തത്. മിക്സിയുടെ മോട്ടോറിനുള്ളിലായി ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വര്‍ണം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രണ്ടുപേരെയും കസ്റ്റംസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു.
അസിസ്റ്റന്റ് കമ്മീഷണര്‍ സിനോയ് കെ. മാത്യുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ എം. പ്രകാശ്, കെ.കെ. പ്രവീണ്‍കുമാര്‍, സലില്‍, മുഹമ്മദ് ബഷീര്‍, ഇന്‍സ്പെക്ടര്‍മാരായ കപില്‍ദേവ് സുരീര, മുഹമ്മദ് ഫൈസല്‍, എം. പ്രതീഷ്, ഹവില്‍ദാര്‍ എം. സന്തോഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.
വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 1782 ഗ്രാം സ്വര്‍ണമാണ് കരിപ്പൂര്‍ പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം, തിരൂര്‍ താനാളൂര്‍ വെള്ളിയത്ത് നിസാമുദീനെ (46) അറസ്റ്റുചെയ്തു.
ദമാമില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ കോഴിക്കോട്ടെത്തിയത്. മിക്സിയുടെ ഉള്ളിലും മൊബൈല്ഫോണിനകത്താക്കിയുമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
കസ്റ്റംസ് വിഭാഗത്തെ വെട്ടിച്ച് പുറത്തുകടന്ന ഇയാളെ നേരത്തേ വിവരംലഭിച്ച് കാത്തിരുന്ന കരിപ്പൂര്‍ പോലീസ് പിടികൂടുകയായിരുന്നു. പിടികൂടിയ സ്വര്‍ണത്തിന് 91,82,450 രൂപ വിലവരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..