ഷഹല, ഡീന
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ പുതുവഴികൾതേടി കള്ളക്കടത്തുസംഘങ്ങൾ. സ്ത്രീകളെ ഉപയോഗിച്ചുള്ള കള്ളക്കടത്തിനാണ് ഇപ്പോൾ സ്വർണക്കടത്ത് മാഫിയ മുന്നിട്ടിറങ്ങിയിരിക്കുന്നത്. രണ്ടുദിവസത്തിനുള്ളിൽ 2048 ഗ്രാം സ്വർണമാണ് പോലീസ് പിടിച്ചെടുത്തത്. രണ്ടു യുവതികൾ പോലീസ് പിടിയിലാകുകയുംചെയ്തു. സ്ത്രീകളെ വിശദമായി പരിശോധിക്കുകയില്ല എന്നതും കസ്റ്റംസിന്റെ പരിമിതികളുമാണ് മാഫിയയുടെ പുതിയ നീക്കത്തിനു പിന്നിൽ. കാസർകോട് മാഫിയ വീണ്ടും സ്വർണക്കടത്തിൽ സക്രിയമായതും പുതിയ നീക്കത്തിനു പിന്നിലുണ്ട്.
മുൻപ് കരിപ്പൂർ വഴിയുള്ള കോഴിക്കോട്ടെ സ്വർണക്കടത്തിന്റെ ഭൂരിഭാഗവും ഈ മാഫിയ വഴിയായിരുന്നു. കരിപ്പൂരിലെത്തിക്കുന്ന സ്വർണം വഴിയിൽ തട്ടിയെടുക്കൽ പതിവായതോടെ ഇവർ കളംമാറ്റി.
ഈ സ്ഥാനം വയനാട്, മലപ്പുറം ജില്ലയിലെ സംഘങ്ങൾ ഏറ്റെടുത്തു. ഈ കുത്തക തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കാസർകോട് സംഘങ്ങൾ ഇപ്പോൾ നടത്തുന്നതെന്ന് അധികൃതർ സംശയിക്കുന്നു. ഇതിന് സ്ത്രീകളെയും ഇരയാക്കുന്നുവെന്നുമാത്രം. ചെറിയ അംശം സ്വർണംപോലും കണ്ടെത്താവുന്ന അത്യാധുനിക ഉപകരണങ്ങൾ കൈവശമുള്ള കസ്റ്റംസ് പരിശോധിച്ചു വിട്ടയച്ചവരാണ് പുറത്ത് പോലീസ് പിടിയിലായ രണ്ടു സ്ത്രീകളും. വിമാനത്താവളത്തിനകത്ത് സഹായം ലഭ്യമായിരുന്നതായി ഇരുവരും പോലീസിന് വിവരം നൽകിയതായി അറിയുന്നു.
സ്വർണവുമായെത്തിയ യുവതിയും കവർച്ചയ്ക്കെത്തിയ സംഘവും അറസ്റ്റിൽ
കരിപ്പൂർ: വിദേശത്തുനിന്ന് സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ യുവതിയെയും യുവതിയുടെ ഒത്താശയോടെ സ്വർണം തട്ടിയെടുക്കാൻ എത്തിയ സംഘത്തെയും പോലീസ് അറസ്റ്റുചെയ്തു. ദുബായ്-കോഴിക്കോട് വിമാനത്തിൽ എത്തിയ വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ഡീന (30), ഇവർ ഏർപ്പാടാക്കിയതനുസരിച്ച് സ്വർണം തട്ടിയെടുക്കാൻ എത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), വാണിയംകരയിലെ മുഹമ്മദ് ജംനാസ് (36) എന്നിവരാണ് അറസ്റ്റിലായത്.

എട്ടുലക്ഷം രൂപ വിലവരുന്ന 146 ഗ്രാം സ്വർണവുമായാണ് ഡീന എത്തിയത്. വയനാട് സ്വദേശിക്കുവേണ്ടി കൊണ്ടുവന്നതാണെന്നു പറയുന്നു. ഇതു തട്ടിയെടുക്കാനാണ് മറ്റു നാലുപേർ ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയതെന്ന് പോലീസ് പറയുന്നു. കൊടുത്തുവിട്ട കക്ഷിയുടെ ആളുകൾക്ക് സ്വർണം കൈമാറുന്നതിനുമുൻപേ തട്ടിയെടുത്ത് വീതംവെക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയത്.
കസ്റ്റംസിനെ വെട്ടിച്ചും സ്വർണം സ്വീകരിക്കാൻ എത്തിയ സംഘത്തെ കബളിപ്പിച്ചും കവർച്ചസംഘത്തോടൊപ്പം കാറിൽ കയറി അതിവേഗം പോയ ഡീനയുടെ വാഹനം പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ലഗേജിൽ ഒളിപ്പിച്ച സ്വർണം ഏറെനേരത്തെ ചോദ്യംചെയ്യലിനു ശേഷമാണ് കണ്ടെടുത്തത്. പ്രതികളെ 14 ദിവസത്തേക്ക് മഞ്ചേരി ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതി റിമാൻഡ്‌ചെയ്തു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം നടന്നുവരുകയാണ്.
അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ 1.8 കിലോ സ്വർണം; യുവതി കരിപ്പൂരിൽ പിടിയിൽ
മലപ്പുറം: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പോലീസ് പിടികൂടി. 1.884 കിലോ സ്വർണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി ഷഹലയെ (19) വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്ന് പാക്കറ്റുകളാക്കി സ്വർണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വിലവരും പിടിച്ചെടുത്ത സ്വർണത്തിന്. ഞായറാഴ്ച രാത്രി പത്തരക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സപ്രസിലാണ് യുവതി എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തിയ യുവതിയെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മണിക്കൂറുകളോളം ചോദ്യം ചെയ്തുവെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുന്ന മറുപടികളായിരുന്നു യുവതിയുടെ പക്കൽ നിന്ന് ലഭിച്ചത്. തുടർന്ന് ലഗേജ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതിലും പോലീസിന് ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ശേഷം യുവതിയുടെ ദേഹപരിശോധനയിൽ, അടിവസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളിലായി വിദഗ്ദമായി തുന്നിച്ചേർത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.
Content Highlights: gold smuggling mafia using women as carriers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..