Photo: facebook.com|krishnakumarswapna
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജാമ്യം തേടി ഹൈക്കോടതിയിൽ. സ്വർണക്കടത്തിൽ എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്ന സുരേഷ് ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്.
തനിക്കെതിരായ യു.എ.പി.എ. കേസ് നിലനിൽക്കില്ലെന്നും കേസിന്റെ വിചാരണ അനന്തമായി നീളുകയാണെന്നുമാണ് ജാമ്യഹർജിയിൽ പറയുന്നത്. ഇതിനാൽ ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ സ്വപ്ന സുരേഷ് ജാമ്യഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടിക്കപ്പെട്ടിട്ട് ഒരുവർഷം തികയുന്ന ദിവസമാണ് സ്വപ്ന ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വരുംദിവസം ഹർജി പരിഗണിക്കും.
2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയത്. പിന്നാലെ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർ പിടിയിലായി. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങൾ നീണ്ടു. സ്വർണക്കടത്തിന് പുറമേ ഡോളർക്കടത്തിലും ലൈഫ് മിഷൻ വിവാദത്തിലും കേസുകളുണ്ടായി.
എൻ.ഐ.എ, ഇ.ഡി. സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജൻസികൾ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ സ്വർണക്കടത്ത് പുറത്തറിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഈ അന്വേഷണങ്ങളൊന്നും എവിടെയും എത്താത്ത അവസ്ഥയിലാണ്. മാത്രമല്ല, മുഖ്യപ്രതികളായ ഫൈസൽ ഫരീദ്, യുഎഇ കോൺസുലേറ്റ് മുൻ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി തുടങ്ങിയവരെ ഇന്ത്യയിലെത്തിക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടുമില്ല.
Content Highlights:gold smuggling case swapna suresh submitted bail plea on nia case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..