എം.ശിവശങ്കർ,സ്വപ്ന സുരേഷ്
കൊച്ചി: 2020 ജൂലായ് അഞ്ച്, അന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ വിലാസത്തിലെത്തിയ ബാഗേജില്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇത് വിശദമായി പരിശോധിക്കുകയായിരുന്നു. പ്രത്യേക അനുമതി വാങ്ങി നടത്തിയ പരിശോധനയിലാണ് ബാഗേജിനുള്ളില്‍ സ്വര്‍ണം കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ഈ വിവരം പുറത്തറിയുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി വരെ അറസ്റ്റിലാവുകയും സ്പീക്കറും മന്ത്രിയുമടക്കം ആരോപണ വിധേയനാവുകയും ചെയ്ത കേസ് കുറെ നാളുകള്‍ക്ക് ശേഷം വീണ്ടും ചര്‍ച്ചയാവുമ്പോള്‍ ഇത്തവണ ആരോപണം വന്നിരിക്കുന്നത് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേയാണ്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനവേളയില്‍ ഒരു പെട്ടി കറന്‍സി കടത്തിയെന്ന ഗുരുതരമായ ആരോപമാണ് കേസിലെ മുഖ്യ പ്രതിയായിരുന്ന സ്വപ്ന സുരേഷ് ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന്, മുന്‍മന്ത്രി കെ.ടി.ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്തെന്നുമുള്ളത് രഹസ്യമൊഴിയായി പറഞ്ഞുവെന്നും സ്വപ്ന പറയുമ്പോള്‍ ഇത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കാണ് കൂടിയാണ് തിരികൊളുത്തിയിരിക്കുന്നത്.
കേരളം ഞെട്ടിയ സ്വര്‍ണക്കടത്ത്
നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പിന്നാലെ ആരാണ് ഇതിനുപിന്നിലെന്ന ചോദ്യങ്ങളുയര്‍ന്നു. കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന സരിത്ത്, സ്വപ്ന സുരേഷ് തുടങ്ങിയവരിലേക്കായി അന്വേഷണം. സംഭവത്തില്‍ കേസെടുത്തതോടെ സ്വപ്നയും സന്ദീപും അടക്കമുള്ളവര്‍ ഒളിവില്‍ പോയി.
ജൂലായ് 19-നാണ് സ്വപ്ന സുരേഷിനെ ബെംഗളൂരുവില്‍നിന്ന് എന്‍.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഒളിവില്‍ കഴിഞ്ഞ സ്വപ്നയെ ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്.
സ്വപ്നയക്കൊപ്പം സരിത്ത്, സന്ദീപ് നായര്‍ തുടങ്ങിയവരും പിടിയിലായി. ഇവരുടെ ഉദ്യോഗസ്ഥ-രാഷ്ട്രീയ ബന്ധങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ നീണ്ടു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പല അനുബന്ധ കേസുകളും പൊങ്ങിവന്നു. എന്‍.ഐ.എ, കസ്റ്റംസ്, ഇ.ഡി. സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജന്‍സികളാണ് വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഡോളര്‍ക്കടത്തിലും ലൈഫ് മിഷന് വിവാദത്തിലും കേസുകളുണ്ടായി. സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണനും മന്ത്രിയായിരുന്ന കെ.ടി.ജലീലും ചോദ്യംചെയ്യലിന് വിധേയരായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വര്‍ണക്കടത്ത് പ്രധാന ചര്‍ച്ചാവിഷയവുമായി.
മാസ്റ്റര്‍ ബ്രൈന്‍ എം.ശിവശങ്കര്‍;
അറസ്റ്റ് ഒടുവില്‍ പുസ്തകം
തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ മാസ്റ്റര്‍ ബ്രൈന്‍ എന്ന് ഇഡി കണ്ടെത്തിയിരുന്നത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിനെയായിരുന്നു. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറെ അറസ്റ്റുചെയ്തത് സര്‍ക്കാരിന് വലിയ തിരിച്ചടിയായി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇ.ഡി അറസ്റ്റിലേക്ക് നീങ്ങിയത്. 30 ലക്ഷം ഒളിപ്പിക്കാന്‍ സ്വപ്ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചുവെന്നാണ് അന്ന് ഇ.ഡി കണ്ടെത്തിയത്. എന്‍.ഐ.എ. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ സ്വര്‍ണക്കടത്ത് കേസായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ളത്. കേസിന്റെ കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ എം. ശിവശങ്കര്‍ പുസ്തകവുമായി രംഗത്തെത്തിയതും ഏറെ ചര്‍ച്ചയായി. അശ്വത്ഥാമാവ്: വെറും ഒരു ആന എന്ന പുസ്തകത്തില്‍ സ്വര്‍ണക്കടത്തില്‍ വെളിപ്പെടുത്തലുമായാണ് ശിവങ്കര്‍ രംഗത്തെത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ സൂത്രധാരനും മുഖ്യസംഘാടകനും താനാണെന്നു വാദിച്ച സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ നുണപറഞ്ഞെന്നായിരുന്നു എം. ശിവശങ്കറുടെ കുറ്റപ്പെടുത്തല്‍.
സ്വപ്നയും സരിത്തുമെല്ലാം മുഖംമൂടികള്‍ മാത്രമാണെന്നും താനാണ് 'മാസ്റ്റര്‍മൈന്‍ഡ്' എന്നും ആധികാരികഭാവത്തില്‍ സോളിസിറ്റര്‍ ജനറല്‍ വാദിക്കുകയായിരുന്നെന്ന് ശിവശങ്കര്‍ തന്റെ പുസ്തകത്തില്‍ പറഞ്ഞു.
എല്ലാം എവിടെയോ എഴുതിയ തിരക്കഥയായിരുന്നു. മുഖ്യമന്ത്രിയെ കേസില്‍ വലിച്ചിഴയ്ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കുമേല്‍ നല്ല സമ്മര്‍ദമുണ്ടെന്നു വ്യക്തമായിരുന്നെന്ന് ശിവശങ്കര്‍ വ്യക്തമാക്കി. യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി സ്വപ്ന മൂന്നുവര്‍ഷമായി അടുത്തസുഹൃത്താണ്. അവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നറിഞ്ഞപ്പോള്‍ അസ്തപ്രജ്ഞനായിപ്പോയെന്നും ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.
മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയ്ക്ക് തിരിച്ചടിയായിക്കൊണ്ടായിരുന്നു സ്വപ്ന സുരേഷ് അടക്കമുള്ള മുഖ്യപ്രതികള്‍ക്കെല്ലാം ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ സ്വപ്ന അടക്കമുള്ളവര്‍ ജയില്‍ മോചിതരായി.
സ്വര്‍ണക്കടത്തില്‍ യു.എ.പി.എ. ചുമത്തി എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി മുഖ്യപ്രതികള്‍ക്കെല്ലാം ജാമ്യം അനുവദിച്ചത്. സ്വപ്ന സുരേഷിന് പുറമേ പി.എസ്. സരിത്ത്, കെ.ടി. റമീസ്, ജലാല്‍ തുടങ്ങിയവരാണ് കേസിലെ പ്രധാനപ്രതികള്‍.
പ്രതികള്‍ക്കെതിരെ യു.എ.പി.എ. കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എന്‍.ഐ.എ.യുടെ വാദം. എന്നാല്‍ ഈ വാദം തള്ളിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
സ്വപ്നയ്ക്ക് ജോലി
വിവാദങ്ങള്‍ക്കിടയില്‍ സ്വപ്നയ്ക്ക് ജോലി നല്കി എച്ച്.ആര്.ഡി.എസ് എന്ന സന്നദ്ധ സംഘടന രംഗത്തുവന്നതും കാണാന്‍ കഴിഞ്ഞു. 43000 രൂപ ശമ്പളത്തില്‍
എച്ച്ര്ഡിഎസ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായിട്ടാണ് സ്വപ്ന സുരേഷ് നിയമിതനാവുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലാണ് ഈ എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്. ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്ക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് എന്‍ജിഒ സ്ഥാപിക്കപ്പെട്ടതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ എച്ച്.ആര്.ഡി.എസിന് ബി.ജെ.പി സംഘപരിവാര്‍ ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ആരോപണം ഉന്നയിച്ച് കൊണ്ട് സ്വപ്ന രംഗത്തെത്തിയതും ഈ ബി.ജെ.പി ബന്ധം കൊണ്ടാണ് എന്നാണ് ഇടത് നേതൃത്വത്തിന്റെ വാദം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..