സമീർ
കുറ്റിപ്പുറം: ദുബായില്‍നിന്ന് സ്വര്‍ണം കടത്തിയ കേസിലെ പ്രതിയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് രേഖകളും പണവും കൈക്കലാക്കുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയുംചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. പൊന്നാനി കടവനാട് പൊള്ളക്കാന്റകത്ത് സമീറിനെ (38)യാണ് അറസ്റ്റുചെയ്തത്.
കാഞ്ഞങ്ങാട് കല്ലൂരാവി മുഷ്താഖ് മന്‍സിലില്‍ മുസമ്മിലിനെയാണ് (23) ഡിസംബര്‍ 19-ന് ആബിദ്, അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം കുറ്റിപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. ഈ സംഘത്തിലുണ്ടായിരുന്ന ആളാണ് അറസ്റ്റിലായ സമീര്‍. കാറില്‍ തട്ടിക്കൊണ്ടുപോയ സംഘം തന്നെ മര്‍ദിക്കുകയും നഗ്നവീഡിയോ എടുക്കുകയും കൈവശമുണ്ടായിരുന്ന 25,000 രൂപയും 500 ദിര്‍ഹവും ദുബായ് ഡ്രൈവിങ് ലൈസന്‍സും കവര്‍ന്നതായുമാണ് മുസമ്മില്‍ കുറ്റിപ്പുറം പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
ദുബായില്‍ ജോലിചെയ്തിരുന്ന മുസമ്മില്‍ വിസ റദ്ദാക്കി ഈ മാസം 17-ന് കരിപ്പൂര്‍വഴി നാട്ടിലേക്ക് വരുന്നതിനിടയിലാണ് സ്വര്‍ണക്കടത്ത് നടത്തിയതിന് പിടിയിലായത്. കൊടുവള്ളി സ്വദേശി വഴി കിട്ടിയ ഒരു കിലോ തൂക്കമുള്ള നാല് ക്യാപ്സൂള്‍ രൂപത്തിലുള്ള സ്വര്‍ണക്കട്ടികളാണ് ഇയാള്‍ എത്തിക്കാന്‍ ശ്രമിച്ചത്.
നാട്ടിലെത്തിയാല്‍ ഹബീബ് എന്ന ഒരാള്‍ വിളിക്കുമെന്നും സ്വര്‍ണം അയാള്‍ പറയുന്നയാള്‍ക്ക് കൊടുക്കണമെന്നുമായിരുന്നു നിര്‍ദേശം. മുസമ്മില്‍ കരിപ്പൂരില്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയയുടന്‍ സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. എന്നാല്‍ ഇയാളില്‍നിന്ന് മൂന്ന് ക്യാപ്സൂളുകള് മാത്രമാണ് സ്ക്വാഡ് പിടിച്ചെടുത്തത്.
സ്റ്റേഷന്‍ജാമ്യം കിട്ടി പുറത്തിറങ്ങിയ മുസമ്മില്‍ പിടികൂടാതിരുന്ന സ്വര്‍ണം പിന്നീട് ചേളാരിയില്‍വെച്ച് ഹബീബിന് കൈമാറിയതായാണ് മൊഴിയില്‍ പറയുന്നത്.
മുസമ്മിലിനെ ആബിദ് ഫോണില്‍ വിളിച്ച് കേസിന്റെ കാര്യത്തിന് വക്കീലിനെ കാണാന്‍ വേണ്ടി 19-ന് കോഴിക്കോടിനടുത്ത ഫറോക്കില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം മുസമ്മിലും കൂട്ടുകാരന് മുജിതബയും ഫറോക്കിലെത്തി. അവിടെയെത്തിയപ്പോള്‍ കുറ്റിപ്പുറത്ത് എത്താന്‍ നിര്‍ദേശം ലഭിച്ചു.
കുറ്റിപ്പുറത്തെത്തിയപ്പോള്‍ മുജിതബയെ ആബിദ് ഒരു വാഹനത്തില്‍ കയറ്റി വിട്ടു. പിന്നീട് വക്കീലിന്റെ വീട്ടിലേക്ക് പോകാമെന്നു പറഞ്ഞ് മുസമ്മിലിനെ കാറില്‍ കയറ്റി. തുടര്‍ന്നായിരുന്നു മര്‍ദനം.
മര്‍ദനമേറ്റ മുസമ്മില്‍ പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും സംഘത്തെ ഭയന്ന് ആദ്യം പോലീസിനെ വിവരം അറിയിച്ചില്ല. സംഘത്തിന്റെ ഭീഷണി തുടര്‍ന്ന സാഹചര്യത്തില്‍ കുറ്റിപ്പുറം പോലീസില്‍ പരാതി നല്കി. പ്രതികള്‍ സഞ്ചരിച്ച ആഡംബര കാര്‍ പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ മേല്‍നോട്ടത്തില്‍ കുറ്റിപ്പുറം എസ്.ഐ. ഷാഹുല്‍, എസ്.ഐ. ഷമീല്‍, എസ്.ഐ. മധു, എസ്.സി.പി.ഒ. മാരായ വിജീഷ്, വിമോഷ്, അലക്സ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.
Content Highlights: gold smuggling case accused kidnapped by criminal gang in kuttippuram one arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..