അബ്ദുൾജലീൽ
പെരിന്തല്‍മണ്ണ: കേരളത്തിലേക്ക് കടത്താന്‍ സൗദിയില്‍നിന്ന് അബ്ദുള്‍ജലീലിന് നല്കിയ സ്വര്‍ണം ഇവിടെയെത്താത്തതാണ് അയാളുടെ മരണത്തിലേക്കെത്തിച്ച സംഭവങ്ങള്‍ക്ക് കാരണമെന്ന് പോലീസ്. ചോദ്യംചെയ്യലില്‍ യഹിയയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്.
യഹിയയുടെ പങ്കാളികള്‍ ഏജന്റുമാര്‍ മുഖേന ജലീലിന് സ്വര്‍ണം നല്‍കിയിരുന്നു. സാധാരണ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ അവരുടെ രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് കടത്തുന്നയാളുടെ ശരീരത്തില്‍ സ്വര്‍ണം വെച്ചുകെട്ടിയോ മറ്റോ നല്‍കാറാണ് പതിവ്. എന്നാല്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന ജലീലിനെ പുറപ്പെടും മുന്‍പേ രഹസ്യകേന്ദ്രത്തിലേക്കെത്തിച്ചാല്‍ വീട്ടുടമ അറിയുമെന്നതിനാല്‍ ജലീലിന്റെ മുറിയിലേക്ക് സംഘമെത്തി. സ്വര്‍ണം ജലീല്‍തന്നെ ശരീരത്തില്‍ ഒളിപ്പിച്ചതായി പറയുകയും തുടര്‍ന്ന് സംഘം ഇയാളെ വിമാനത്താവളത്തിലെത്തിക്കുകയും ചെയ്തു. വിമാനത്താവളത്തിലെ ലോഞ്ചിലെത്തുംവരെ ഇയാള്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നെടുമ്പാശേരിയിലെത്തിയതോടെ യഹിയയും സംഘവും ജലീലിനെ കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ ജലീലിന്റെ ൈകയിലോ ശരീരത്തിലോ സ്വര്‍ണമുണ്ടായിരുന്നില്ല. ഇതോടെയാണ് സംഘം മര്‍ദനവും പീഡനവും തുടങ്ങിയതെന്നാണ് കരുതുന്നത്. സ്വര്‍ണം ജലീല്‍ അവിടെത്തന്നെ മറ്റാര്‍ക്കോ കൈമാറുകയോ മറ്റെന്തെങ്കിലും രീതിയില്‍ മാറ്റുകയോ ചെയ്തുവെന്നാണ് സംശയിക്കുന്നത്.
സ്വര്‍ണം ഇവിടെ എത്തിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂവെന്ന് ഡിവൈ.എസ്.പി. എം. സന്തോഷ്കുമാര്‍ പറഞ്ഞു. സ്വര്‍ണം ജലീലിന്റെ അവിടുത്തെ മുറിയില്‍ തന്നെയുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി അവിടുത്തെ പോലീസും അന്വേഷണ ഏജന്‍സികളുമായും ബന്ധപ്പെടുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.
യഹിയയ്ക്ക് ആദ്യംമുതലേ എല്ലാകാര്യങ്ങളിലും പങ്കുണ്ടായിരുന്നതായും പറയുന്നു. അബ്ദുള്‍ ജലീലിന് മുന്‍പ് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇയാളുടെ യാത്രാരേഖകള്‍ പരിശോധിച്ചശേഷമേ പറയാനാകൂവെന്നും പോലീസ് പറഞ്ഞു.
മുഖ്യപ്രതി യഹിയ റിമാന്‍ഡില്‍
സൗദിയില്‍നിന്നെത്തിയ പ്രവാസിയെ വിമാനത്താവളത്തില്‍നിന്നു തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുകൊന്നത് 57 ലക്ഷം രൂപയുടെ കടത്തുസ്വര്‍ണം കണ്ടെത്തുന്നതിനുവേണ്ടി. അഗളി സ്വദേശി വാക്യത്തൊടി അബ്ദുള്‍ജലീലിനെ(42) കൊലപ്പെടുത്തിയ കേസില്‍ തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലായ മുഖ്യപ്രതി കീഴാറ്റൂര്‍ ആക്കപ്പറമ്പ് കാര്യമാട് സ്വദേശി മാറുകരവീട്ടില്‍ യഹിയ മുഹമ്മദിനെ (35) റിമാന്‍ഡ്ചെയ്തു.
വിദേശത്തുനിന്ന് അബ്ദുള്‍ജലീല്‍ കടത്തിയെന്നു കരുതുന്ന 1.200 കിലോഗ്രാം സ്വര്‍ണം കണ്ടെടുക്കുന്നതിനാണ് തട്ടിക്കൊണ്ടുപോയത്. കേസില്‍ നേരിട്ടു ബന്ധമുള്ള രണ്ടുപേര്‍ വിദേശത്തേക്കു കടന്നതായും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്കുമാര്‍ അറിയിച്ചു.

യഹിയയെ തിങ്കളാഴ്ച രാത്രി പൂന്താനത്തെ ആളൊഴിഞ്ഞ പ്രദേശത്തെ രഹസ്യകേന്ദ്രത്തില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിനുശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. സൗദിയില്‍ സ്വര്‍ണക്കടത്ത് നടത്തുന്ന പങ്കാളികളും യഹിയയും ചേര്‍ന്ന് നാട്ടിലേക്കുവന്ന ജലീലിന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണം കണ്ടെത്തുന്നതിനുവേണ്ടിയാണ് ഇയാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. കൊടുത്തുവിട്ട സ്വര്‍ണം ജിദ്ദയില്‍തന്നെ ആര്‍ക്കെങ്കിലും കൈമാറുകയോ ഒളിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് യഹിയയുടെ ഭാഷ്യമെന്ന് പോലീസ് പറഞ്ഞു.
19-ന് രാവിലെ അബ്ദുള്‍ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം മൊബൈലും സിംകാര്‍ഡും ഒഴിവാക്കി മുങ്ങിയ യഹിയ ഉണ്യാല്‍, പാണ്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. ഇയാള്‍ക്കെതിരേ മുന്‍പ് അടിപിടിക്കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ജലീലിനെ കൂട്ടിക്കൊണ്ടുവന്ന് ആദ്യം പെരിന്തല്‍മണ്ണ ജൂബിലിയിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലെത്തിച്ച് മര്‍ദിച്ചു. തുടര്‍ന്ന് ആക്കപ്പറമ്പ് ഗ്രൗണ്ടിലും റബ്ബര്‍തോട്ടത്തിലും പിന്നീട് മാനത്തുമംഗലത്ത് രഹസ്യകേന്ദ്രത്തിലും കൊണ്ടുവന്നു പീഡിപ്പിച്ചു. കൂടുതല്‍ പരിക്കേല്‍പ്പിച്ച സമയത്ത് ബോധം നഷ്ടപ്പെടാതിരിക്കാന്‍ ഗ്ലൂക്കോസും മറ്റും കൊടുത്തു. കേസില്‍ നേരത്തേ അറസ്റ്റിലായ മണികണ്ഠന്, റഫീഖ് മുഹമ്മദ് മുസ്തഫ, അനസ് ബാബു, മുഹമ്മദ് അബ്ദുള്‍ അലി, അല്‍ത്താഫ് എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും പോലീസ് പറഞ്ഞു. കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേരാണ് വിദേശത്തേക്കു കടന്നത്.
ഇവരടക്കം നാലുപേര്‍കൂടി കേസില്‍ പ്രതികളാണ്. ഇവരെ പിടികൂടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. യഹിയയുടെ പങ്കാളികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകാന്‍ സാധ്യതയുണ്ട്. കേസില്‍ ആകെ ഒന്‍പത് പ്രതികള്‍ അറസ്റ്റിലായി. ഇതില്‍ ആദ്യം അറസ്റ്റിലായ അഞ്ചുപേരെ ചൊവ്വാഴ്ച പോലീസ് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി.
ഒളിയിടങ്ങള്‍ മാറിയും പുഴ നീന്തിക്കടന്നും യഹിയ
പെരിന്തല്‍മണ്ണ: മുഖ്യപ്രതി യഹിയ മുഹമ്മദ് രാത്രിയില്‍ മാത്രം സഞ്ചരിച്ച് ഒളിയിടങ്ങള്‍ മാറിക്കഴിയുകയായിരുന്നുവെന്ന് അന്വേഷണസംഘം. നേരത്തേ പിടിയിലായ മരയ്ക്കാര്‍ ഒരുക്കിക്കൊടുത്ത പാണ്ടിക്കാട് വളരാട് ചൂരക്കാവിലെ വീടിന്റെ ശൗചാലയത്തില്‍ കഴിഞ്ഞിരുന്ന യഹിയ ശനിയാഴ്ച രാത്രിയാണ് പോലീസെത്തുമ്പോഴേക്കും രക്ഷപ്പെട്ടത്. മരയ്ക്കാര്‍ പിടിയിലായെന്ന വിവരം അറിഞ്ഞതോടെയായിരുന്നു ഇത്. കാട്ടിലൂടെ നടന്നാണ് ആക്കപ്പറമ്പിലെത്തിയത്. വളരാടുനിന്ന് ഒറവംപുറം പുഴ നീന്തിക്കടന്ന് ആറുകിലോമീറ്ററോളം അകലെയുള്ള ആക്കപ്പറമ്പിലും പിന്നീട് പൂന്താനത്തും എത്തുകയായിരുന്നു.
പൂന്താനത്ത് പഴയ വീടിനുള്ളില്‍ കഴിയുമ്പോഴാണ് തിങ്കളാഴ്ച വൈകീട്ടോടെ പിടിയിലായത്. വളരാടുനിന്ന് രക്ഷപ്പെട്ടതോടെ യഹിയ പ്രദേശം വിട്ടുപോയിട്ടില്ലെന്നും റബര്തോട്ടങ്ങളിലെയും ആളൊഴിഞ്ഞ സ്ഥലങ്ങളിലെയും താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് ഒളിവില്‍ കഴിയുന്നതെന്നും സംഘം മനസ്സിലാക്കി. ഇവിടം വിട്ടുപോയാല്‍ വലിയ സഹായങ്ങളൊന്നും ലഭിക്കില്ലെന്നതും ഇവിടെത്തന്നെ തുടരുന്നതിന് കാരണമായതായി അന്വേഷണസംഘം പറഞ്ഞു.
കൈയടി നേടി അന്വേഷണസംഘം
ഒരാളെ ശരീരമാസകലം മുറിവുകളോടെ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചയാള്‍ മുങ്ങി. ആകെയുള്ളത് ആശുപത്രിയിലെത്തിച്ചയാളുടെ സി.സി.ടി.വി. ദൃശ്യം മാത്രം. അവിടെ തുടങ്ങിയ വിശ്രമമില്ലാത്ത അന്വേഷണത്തിലാണ് ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യപ്രതിയെ അടക്കം ഒന്‍പതുപേരെ പിടികൂടാനായത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവുമാണ് കൈയടി നേടുന്നത്.
രാപകല്‍ വ്യത്യാസമില്ലാതെയുള്ള അന്വേഷണദിവസങ്ങളായിരുന്നു കഴിഞ്ഞത്. ഇതിനിടെ ശനിയാഴ്ച രാത്രി യഹിയയുടെ ഒളിത്താവളത്തില്‍ സംഘമെത്തുന്നതിന് കുറച്ചുമുന്പ് പ്രതി രക്ഷപ്പെട്ടത് തിരിച്ചടിയായി. എങ്കിലും പ്രതീക്ഷ കൈവിടാതെ പ്രതി താമസിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും സഹായിക്കാന്‍ സാധ്യതയുള്ള ആളുകളെയും നിരീക്ഷിച്ച് കണ്ടെത്തിയായിരുന്നു തിരച്ചില്‍. ഇതിനൊടുവിലാണ് തിങ്കളാഴ്ച വൈകീട്ടോടെ യഹിയയെ പിടികൂടിയത്. 19-ന് രാവിലെ അബ്ദുള്‍ജലീലിനെ ആശുപത്രിയിലാക്കിയപ്പോള്‍ മുതല്‍ പോലീസ് അന്വേഷണം തുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങളും കൃത്യത്തിലു
ള്‍പ്പെട്ട വാഹനങ്ങളുടെ വിവരങ്ങളും ശേഖരിച്ച ശേഷമുള്ള അന്വേഷണത്തില്‍ പ്രതികള്‍ കുഴല്‍പ്പണ, സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടവരാണെന്നു കണ്ടെത്തി.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് രക്ഷപ്പെടാന്‍ പഴുതൊരുക്കാതെ പ്രതികളുടെ വീടുകളിലും എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം നടത്തിയുമുള്ള അന്വേഷണമാണ് പ്രതികളെ പൂട്ടിയത്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ സുനില്‍ പുളിക്കല്‍, സി.എസ്. ഷാരോണ്‍, എസ്.ഐ.മാരായ സി.കെ. നൗഷാദ്, ഷിജോ തങ്കച്ചന്, ജൂനിയര്‍ എസ്.ഐ. ഷൈലേഷ്, പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ. സതീഷ്കുമാര്‍, സി.പി. മുരളീധരന്, പ്രശാന്ത് പയ്യനാട്, എന്‍.ടി. കൃഷ്്ണകുമാര്‍, മനോജ്കുമാര്‍, കെ. ദിനേശ്, കെ. പ്രഭുല്‍, രജീഷ്, ഐ.പി. രാജേഷ്, ബൈജു, മുഹമ്മദ് ഫൈസല്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
വ്യാഴാഴ്ച ആശുപത്രിയിലെത്തിച്ച അബ്ദുള്‍ജലീല്‍ മരിക്കുന്നത് അന്ന് രാത്രി 12.15-ഓടെയാണ്. പിറ്റേന്നായപ്പോളേക്കും കേസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച ഇതില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരടക്കം അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിറ്റേന്ന് യഹിയയെ ഒളിവില്‍ കഴിയാനും ഫോണും സിംകാര്‍ഡും എടുത്തുനല്‍കാനും സഹായിച്ച മൂന്നുപേരെക്കൂടി അറസ്റ്റ്ചെയ്തിരുന്നു.
ലഗേജും ആയുധങ്ങളും കണ്ടെത്തി
പെരിന്തല്‍മണ്ണ: അബ്ദുള്‍ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി യഹിയ, കസ്റ്റഡിയില്‍ വാങ്ങിയ മുഹമ്മദ് അബ്ദുള്‍ അലി (അലിമോന്) എന്നിവരുമായി തെളിവെടുപ്പ് നടത്തി. ജൂബിലിയിലെ വീട്ടില്‍നിന്ന് ജലീലിന്റേതെന്നു കരുതുന്ന ലഗേജുകള്‍ കണ്ടെടുത്തു. അബ്ദുള്‍ജലീലിനെ പാര്‍പ്പിച്ച് പീഡിപ്പിച്ച വീടുകളിലായിരുന്നു തെളിവെടുപ്പ്. യഹിയയുമായി മാനത്തുമംഗലത്തെ ആളൊഴിഞ്ഞ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെനിന്ന് മര്ദിക്കാനുപയോഗിച്ചതെന്നു കരുതുന്ന ജാക്കി ലിവറും രക്തംപുരണ്ട പാന്റ്സും ഷര്‍ട്ടും കണ്ടെടുത്തിട്ടുണ്ട്.
വൈകീട്ടോടെയാണ് പെരിന്തല്‍മണ്ണ ജൂബിലി റോഡിലെ വീട്ടില്‍ അലിമോനുമായി തെളിവെടുപ്പ് നടത്തിയത്. ജലീലിനെ ആദ്യമെത്തിച്ച വീടാണിത്. ഗള്‍ഫ് സാധനങ്ങളടങ്ങിയ ലഗേജ് ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ജലീലിനെ ഉപദ്രവിക്കാനുപയോഗിച്ചതെന്നു കരുതുന്ന രക്തക്കറപുരണ്ട കത്തി, കത്രിക തുടങ്ങിയവയും കണ്ടെത്തിയതായാണ് വിവരം. വിമാനത്താവളത്തില്‍നിന്ന് ജലീലിനെ ആദ്യമെത്തിച്ച സ്ഥലമാണ് ജൂബിലിയിലെ വീട്. മാനത്തുമംഗലത്തെ വീട്ടില്‍വെച്ചും മര്‍ദിച്ചതായാണ് പോലീസ് പറയുന്നത്.
പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, മേലാറ്റൂര്‍ ഇന്‍സ്പെക്ടര്‍ സി.എസ്. ഷാരോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തെളിവെടുപ്പ് നടത്തിയത്. മലപ്പുറത്തെ സയന്റിഫിക് ഓഫീസര്‍ ഇഷാഖ്, വിരലടയാളവിദഗ്ധ റുബീന, ഫോട്ടോഗ്രാഫര്‍ വി.എസ്. അനൂപ് തുടങ്ങിയവരടങ്ങിയ ഫൊറന്‍സിക് സംഘവും തെളിവുകള്‍ ശേഖരിച്ചു.
കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ച് പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി. അഞ്ചുദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയില്‍ നല്‍കിയത്. വരുംദിവസങ്ങളില്‍ ഇവരുമായി വിവിധ ഭാഗങ്ങളില്‍ തെളിവെടുപ്പ് നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..