വിവാഹവീട്ടില്‍ കല്യാണത്തലേന്ന് മോഷണം, വധുവിന്റെ 30 പവന്‍ സ്വര്‍ണം കവര്‍ന്നു


കല്യാണത്തലേന്ന് വധു ബന്ധുക്കള്‍ക്ക് സ്വര്‍ണംകാണിക്കുന്ന പതിവുണ്ട്. ഇതിന്റെ ഭാഗമായാണ് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ ബന്ധുക്കള്‍ക്ക് കാണിച്ചത്.

മോഷണംപോയ സ്വർണാഭരണ ശേഖരം

വാണിമേല്‍: വിവാഹവീട്ടിലെ അലമാരയില്‍ പ്രത്യേക കവറില്‍ സൂക്ഷിച്ച 30 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. വാണിമേല്‍ വെള്ളിയോട് സയ്യിദ് സഖാഫ് എം.എന്‍. ഹാഷിംകോയ തങ്ങളുടെയും ഹാജറബീവിയുടെയും മകള്‍ സയ്യിദത്ത് ഹന്ന ഫാത്തിമയുടെ കല്യാണത്തിന്റെ തലേദിവസമാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. വെളളിയാഴ്ച രാത്രി ഒന്‍പതിനുശേഷമാണ് ഇവ മോഷണംപോയതെന്ന് കരുതുന്നു.

അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ വധു ഹന്ന ഫാത്തിമ ബന്ധുക്കള്‍ക്ക് കാണിച്ചിരുന്നു. സാധാരണ കല്യാണത്തലേന്ന് വധു ബന്ധുക്കള്‍ക്ക് സ്വര്‍ണംകാണിക്കുന്ന പതിവുണ്ട്. ഇതിന്റെ ഭാഗമായാണ് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ ബന്ധുക്കള്‍ക്ക് കാണിച്ചത്. വിദൂരദിക്കില്‍നിന്നുള്ള ബന്ധുക്കളടക്കം 500-ഓളം പേര്‍ ചടങ്ങിനെത്തിയിരുന്നു. സ്വര്‍ണം കാണിക്കാനെത്തിയവരില്‍ ഏറെയും പര്‍ദ ധരിച്ചെത്തിയവരായിരുന്നു. വീടിന്റെ മുകളിലത്തെ മുറിയിലെ അലമാരയിലാണ് ആഭരണം സൂക്ഷിച്ചിരുന്നത്. അതിനുശേഷം വധുവും സംഘവും വീടിന്റെ താഴെഭാഗത്തേക്കുവന്ന് ഭക്ഷണം കഴിച്ചു. ആഭരണങ്ങള്‍ അണിയാന്‍വേണ്ടി മുറിയിലെത്തിയപ്പോഴാണ് അവ കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്.

22 പവന്‍ സ്വര്‍ണം നാദാപുരത്തെ ജൂവലറിയില്‍നിന്ന് വാങ്ങിയതാണ്. ബാക്കി എട്ടുപവന്‍ ബന്ധുക്കള്‍ പാരിതോഷികമായി നല്‍കിയതാണ്. രണ്ടുപവന്‍ വള, നാലുപവന്‍ മാല, നെക്ലേസ്, റിങ് പാദസരം, വലിയ മാല, ചെയിന്‍ എന്നിവ അടങ്ങുന്ന ആഭരണങ്ങളാണ് മോഷണംപോയത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വീട്ടിലും പരിസരത്തും വ്യാപകപരിശോധന നടത്തിയങ്കിലും ഒന്നുംകണ്ടെത്താന്‍ സാധിച്ചില്ല.

രാത്രിയില്‍ ബന്ധുക്കള്‍ വളയം പോലീസില്‍ പരാതി നല്‍കി. വിവാഹദിവസമായ ശനിയാഴ്ച വളയം ഇന്‍സ്‌പെക്ടര്‍ എ. അജീഷ്, എസ്.ഐ. അനീഷ് വടക്കേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലം പരിശോധിച്ചു. ചിലരുടെ ഫിംഗര്‍ പ്രിന്റുകള്‍ ശേഖരിച്ചതായും അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

അന്വേഷണം സ്ത്രീകളെ കേന്ദ്രീകരിച്ച്

വാണിമേല്‍: വെള്ളിയോട് കല്യാണവീട്ടിലെ സ്വര്‍ണാഭരണം മോഷണംപോയ കേസില്‍ പോലീസ് അന്വേഷണം സ്ത്രീകളെ കേന്ദ്രീകരിച്ച്. വെള്ളിയോട് സയ്യിദ് സഖാഫ് എം.എന്‍. ഹാഷിംകോയ തങ്ങളുടെ വീട്ടിലാണ് കല്യാണത്തലേന്ന് 30 പവന്‍ സ്വര്‍ണാഭരണം മോഷണംപോയത്.

വധു മുകളിലത്തെ നിലയില്‍നിന്നും താഴെ നിലയിലേക്കുവന്ന സമയത്താണ് മോഷണം നടന്നത്. ഈ സമയത്ത് സ്വര്‍ണാഭരണം സൂക്ഷിച്ച മുകളിലത്തെ മുറിയില്‍ ബന്ധു എത്തിയപ്പോള്‍ മുറി ഉള്ളില്‍നിന്ന് പൂട്ടിയനിലയിലായിരുന്നു.

മുറിക്കകത്ത് ഉത്തരവാദപ്പെട്ട ആരെങ്കിലും ഉണ്ടാകുമെന്ന വിശ്വാസത്തില്‍ തിരിച്ചുപോവുകയായിരുന്നു. ഈ സമയത്തുണ്ടായിരുന്ന സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. കൊയിലാണ്ടി, തിക്കോടി, എകരൂല്‍, കുഞ്ഞിപ്പള്ളി, വടകര തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള ആളുകളാണ് വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയത്.

പര്‍ദധരിച്ചെത്തിയവരില്‍ ആരെങ്കിലുമായിരിക്കും മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കല്യാണത്തിനായി നാട്ടിന്‍പുറങ്ങളില്‍ പണം സ്വരൂപിക്കാന്‍ പണംപയറ്റ് നടത്താറുണ്ട്.

കല്യാണച്ചെലവും സ്വര്‍ണത്തിനുള്ള പണവും പലരും കണ്ടെത്തുന്നത് ഇത്തരത്തിലാണ്. കല്യാണവീട്ടില്‍ സ്വര്‍ണാഭരണം മോഷണം പോയതായി അറിഞ്ഞതോടെ ഒട്ടേറെപ്പേര്‍ പണംപയറ്റില്‍ പങ്കെടുക്കാനെത്തി.

Content Highlights: gold robbery while wedding day in kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented