കവർച്ച നടന്ന വീടിന്റെ പിൻഭാഗത്ത് പോലീസ് പരിശോധന നടത്തുന്നു(ഇടത്ത്) മോഷ്ടാവിന്റേതെന്ന് കരുതുന്ന സിസിടിവി ദൃശ്യം(വലത്ത്)
ഗുരുവായൂര്‍: ഗുരുവായൂരില്‍ 371 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ ക്യാമറയില്‍ പതിഞ്ഞ യുവാവിന്റെ ദൃശ്യത്തിനു പിന്നാലെ പോലീസ്. മുഖം മറച്ചുപിടിച്ച, ദൃഢഗാത്രനായ യുവാവാണ് ദൃശ്യത്തിലുള്ളത്. ഈ ശരീരഘടനയുള്ള, മുന്‍ പ്രതികളെയാണ് പോലീസ് തിരയുന്നത്. സി.സി.ടി.വി. ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം വേണ്ടത്ര വ്യക്തമല്ലാത്തതിനാല്‍ സമീപപ്രദേശത്തുള്ള ഇരുപതോളം നിരീക്ഷണ ക്യാമറകള്‍ പോലീസ് പരിശോധിച്ചു. വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. രാത്രിയിലെ ദൃശ്യങ്ങളായതിനാല്‍ പലതും തെളിഞ്ഞുകാണുന്നുമില്ല.
ഇതേസമയം, വീട്ടിലെ ജോലിക്കാരടക്കം മുപ്പതിലേറെപ്പേരെ പോലീസ് ചോദ്യംചെയ്തു. ആറുമാസം മുമ്പുവരെ വീട്ടില്‍ സഹായിയായി ഉണ്ടായിരുന്നയാളെപ്പറ്റിയും അന്വേഷിക്കും. വീട്ടിലെ പണിക്കാരില്‍ ഇതേ ശാരീരികപ്രകൃതിയുള്ള ആളുകളുണ്ടോയെന്ന് പരിശോധിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.
പ്രവാസി സ്വര്‍ണവ്യവസായിയായ ഗുരുവായൂര്‍ ആനക്കോട്ട റോഡില്‍ തമ്പുരാന്‍പടി കുരഞ്ഞിയൂര്‍വീട്ടില്‍ ബാലന്റെ വീട്ടില്‍ വന്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ മൂന്ന് ടീമുകളായുള്ള പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് തൃശ്ശൂരില്‍ സിനിമയ്ക്കുപോയി രാത്രി മടങ്ങുന്നതുവരെയുള്ള സമയത്തിനുള്ളില്‍ ബാലന്റെയും ഡ്രൈവറുടെയും ഫോണുകളിലേക്ക് വിളിച്ച നമ്പറുകള്‍ പരിശോധിച്ചുവരുകയാണ്. ബാലനും കുടുംബവും തൃശ്ശൂരില്‍ പോയി രാത്രി വീട്ടിലെത്തുന്നതിനിടയിലാണ് കവര്‍ച്ച നടന്നിട്ടുള്ളത്. മോഷ്ടാവിനോ അയാളുമായി ബന്ധപ്പെട്ട മറ്റാര്‍ക്കെങ്കിലുമോ ഈ സമയത്തെപ്പറ്റി കൃത്യമായി ബോധ്യമുണ്ടായിരിക്കണം.അതുകൊണ്ടാണ് ബാലന്റെയും ഡ്രൈവറുടെയും ഫോണ്‍ വിവരങ്ങള്‍ എടുത്തത്.
സ്വര്‍ണവും പണവും സൂക്ഷിച്ചത് മറ്റാര്‍ക്കുമറിയില്ലെന്ന്
അലമാരയില്‍ സ്വര്‍ണവും പണവും സൂക്ഷിച്ചിരിക്കുന്നത് തനിക്കും ഭാര്യക്കും മാത്രമേ അറിയുകയുള്ളൂവെന്ന് കെ.വി. ബാലന്റെ മൊഴി. പണിക്കാര്‍ക്കും ഡ്രൈവര്‍ക്കുമെന്നല്ല, വീട്ടിലെ മറ്റാര്‍ക്കും ഈ വിവരം അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. മോഷ്ടാവ് മറ്റ് മുറികളിലേക്കൊന്നും കയറാതെ സ്വര്‍ണവും പണവും സൂക്ഷിച്ചിട്ടുള്ള അലമാരമാത്രം തുറന്നതിനെപ്പറ്റി ചോദിച്ചപ്പോഴാണ് പോലീസിനോട് ഇങ്ങനെ പറഞ്ഞത്.
വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രഹസ്യമായി അറിയുന്നയാള്‍ക്കു മാത്രമേ ഇത്രയും കൃത്യമായി നിരീക്ഷിച്ച് കവര്‍ച്ച നടത്താനാകൂവെന്ന് പറയുമ്പോഴും വീട്ടുടമയുടെ ഈ മൊഴി ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
കസ്റ്റംസും പരിശോധനയ്‌ക്കെത്തി
ഇത്രയധികം സ്വര്‍ണം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി ശനിയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാലന്റെ വീട്ടിലെത്തി. ഇദ്ദേഹത്തെപ്പറ്റി ഗുരുവായൂര്‍ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരുന്നു സംഘം വീട്ടില്‍ ചെന്നത്. ഇത്രയും സ്വര്‍ണം എത്രകാലത്തിനുള്ളിലാണ് വീട്ടിലേക്ക് കൊണ്ടുവന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചറിഞ്ഞു. അലമാരയില്‍ തരംതിരിച്ച് സൂക്ഷിച്ചിരുന്ന സ്വര്‍ണത്തോടൊപ്പം അതിന്റെ രേഖകളുണ്ടെന്നും അതടക്കമാണ് മോഷ്ടാവ് കൊണ്ടുപോയതെന്നും ബാലന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
വീടിനകത്തെ സ്വീകരണമുറിയില്‍ മയിലിന്റെ മനോഹരമായൊരു ശില്പമുണ്ട്. അത് 60 ഗ്രാം സ്വര്‍ണത്തില്‍ പൊതിഞ്ഞതാണ്. ഇതും കസ്റ്റംസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ലോഡ്ജുകളിലും അന്വേഷണം
കഴിഞ്ഞ ദിവസങ്ങളില്‍ ഗുരുവായൂരിലെ ലോഡ്ജുകളില്‍ ഒറ്റയ്ക്കു താമസിച്ചവരെപ്പറ്റിയുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. സി.സി.ടി.വി.യില്‍ കണ്ട മോഷ്ടാവിന്റെ ദൃശ്യവുമായി സാമ്യമുള്ളവരെ കണ്ടെത്താന്‍ ലോഡ്ജുകളിലെ ക്യാമറകളും നിരീക്ഷിക്കും.
കൂടുതല്‍ ക്യാമറാദൃശ്യങ്ങള്‍ ശേഖരിച്ചു, 'പ്രൊഫഷണല്‍' മോഷ്ടാവെന്ന് നിഗമനം, വിരലടയാളങ്ങള്‍പോലും അവശേഷിപ്പിച്ചില്ല
കവര്‍ച്ച നടന്ന വീട്ടിലെ വാതിലുകള്‍, അലമാര, ഗ്രില്ലുകള്‍, മോഷ്ടാവ് ചാടിവന്ന മതില്‍, കുളിമുറിക്കു മുന്നില്‍നിന്ന് ഊരിയെടുത്ത ബള്‍ബ്, വാതിലിന്റെ പൂട്ടുപൊളിച്ച ഭാഗം തുടങ്ങിയവയൊക്കെ ശാസ്ത്രീയാന്വേഷണവിദഗ്ധരും വിരലടയാള ഉദ്യോഗസ്ഥരും വിശദമായി പരിശോധിച്ചിരുന്നു.
പക്ഷേ, എവിടെയും വിരലടയാളങ്ങളെ സംബന്ധിച്ച കൃത്യമായ സൂചനകള്‍ കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മോഷ്ടാവ് ഗ്ലൗസോ മറ്റോ ധരിച്ചിരിക്കണം. രാത്രി 7.20-നും 8.30-നുമിടയിലെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും വലിയ കവര്‍ച്ച നടത്തണമെങ്കില്‍ മോഷ്ടാവ് ഈ രംഗത്ത് വൈദഗ്ധ്യമുള്ളയാളാകണമെന്നാണ് പോലീസിന്റെ അനുമാനം.
കവര്‍ച്ച: അന്വേഷണം പാലക്കാട്ടേക്കും
ഗുരുവായൂര്‍: സ്വര്‍ണക്കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട അന്വേഷണം പാലക്കാട്ടേക്കും. അടുത്തിടെ സമാനസംഭവം അവിടെയും ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പോലീസ് ടീമാണ് പാലക്കാട്ടുള്ളത്.
സി.സി.ടി.വി.യില്‍ പതിഞ്ഞ മോഷ്ടാവിന്റെ രൂപവുമായി സാദൃശ്യം പാലക്കാട്ടെ കേസിലെ പ്രതിക്കുണ്ടോയെന്ന് പരിശോധിച്ചുവരുകയാണ്. സി.സി.ടി.വി. ദൃശ്യങ്ങള്‍ മറ്റ് ജില്ലകളിലെ സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്.
Content Highlights: gold robbery in guruvayur thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..