പ്രതീകാത്മക ചിത്രം/AP
പറവൂര്‍: കുടുംബസംബന്ധമായ ദുരിതശാന്തിക്കായി പൂജ നടത്താമെന്നുപറഞ്ഞ് വീട്ടമ്മയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തതായി പരാതി. വടക്കേക്കര പഞ്ചായത്ത് അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയായ വീട്ടമ്മയുടെ പണവും സ്വര്‍ണവുമാണ് രണ്ടംഗസംഘം ഇത്തരത്തില്‍ തട്ടിയെടുത്തത്. വീട്ടിലെത്തിയ രണ്ടുപേര്‍ മക്കളെക്കുറിച്ചുള്ള വിവരം തിരക്കുകയും വീട്ടമ്മ അത് വെളിപ്പെടുത്തുകയും ചെയ്തു. ഗള്‍ഫിലുള്ള മകന് വലിയ ആപത്തുണ്ടാകുമെന്നും പ്രത്യേക പൂജകള്‍ ചെയ്താല്‍ അതൊഴിവാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പൂജ നടത്തുന്നതിന് സ്വര്‍ണം ആവശ്യമാണെന്നും ഇവര്‍ വീട്ടമ്മയെ ധരിപ്പിച്ചു. മകന് ദുരിതങ്ങളുണ്ടാകരുതെന്നുകരുതി ആധിപൂണ്ട വീട്ടമ്മ
ഒന്നരപ്പവന്റെ മാല, അരപ്പവന്‍, കാല്പ്പവന് വരുന്ന മോതിരങ്ങള്‍, 1400 രൂപ എന്നിവ ഇവരെ ഏല്‍പ്പിച്ചു. സ്വര്‍ണം നല്കുന്നതില് ആദ്യം വീട്ടമ്മ വിമുഖത കാട്ടിയെങ്കിലും മകന് ആപത്ത് അടുത്തിരിക്കുകയാണെന്ന് പലകുറി പറഞ്ഞശേഷം അവര്‍ സ്വര്‍ണം കൊടുക്കാന്‍ വഴങ്ങുകയായിരുന്നു. വീട്ടമ്മയെ വിശ്വസിപ്പിക്കാന്‍ വീടിനടുത്ത ചിലരുടെ പേരുകള്‍ പറഞ്ഞ് ഇത്തരം പൂജകള്‍ ഇവര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞതോടെ വീട്ടമ്മ മറ്റൊന്നും ആലോചിച്ചില്ല.
പൂജകഴിഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകൊണ്ടുത്തരാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. അതോടെ ബന്ധുക്കളെ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തട്ടിപ്പ് നടത്തിയവര്‍ ഇതിനുമുമ്പും ഇതേ വീട്ടിലെത്തി മകന് ഗള്‍ഫില്‍ ഉയര്‍ന്ന ജോലിക്കായി പ്രത്യേകം പൂജകള്‍ നടത്താമെന്നുപറഞ്ഞ് 2000 രൂപ വാങ്ങിയിരുന്നതായി വീട്ടമ്മ പറയുന്നു. മേഖലയില്‍ ഇത്തരം തട്ടിപ്പുകള്‍ കൂടുതല്‍ ഇടങ്ങളില്‍ നടന്നിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ അറിയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..