Photo: Mathrubhumi
പനാജി: ഗോവയില്‍ രണ്ട് കുട്ടികളെ സ്വന്തം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികളുടെ പിതാവിനെ വീടിന് പിന്‍വശത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കാന്‍ഡൊലിം സ്വദേശി ജോയ് ഫെര്‍ണാണ്ടസിനെയും എട്ടും പതിനഞ്ചും വയസുള്ള ആണ്‍കുട്ടികളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവസമയം കുട്ടികളുടെ മാതാവ് സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയ ഇവര്‍ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് അയല്‍വാസികളുടെ സഹായത്തോടെ അകത്തു കടന്നപ്പോഴാണ് കുട്ടികളെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിച്ചു.
രാത്രി 10.30 നാണ് കുട്ടികള്‍ അവശരായി കിടക്കുന്നുവെന്നറിച്ച് ഫോണ്‍ വിളി വന്നതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ സ്ഥലത്തെത്തി കുട്ടികളെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെ നിന്നാണ് മരണം സ്ഥിരീകരിച്ചതെന്നും പോലീസ് പറഞ്ഞു. കുട്ടികളുടെ അച്ഛന് ജോയ് ഫെര്‍ണാണ്ടസിനെ വീടിന് പിന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തകനായ ഇയാള്‍ 2021-ലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട വ്യക്തികൂടിയാണ്. കുട്ടികളെ കൊലപ്പെടുത്തിയശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: goa two children found dead, father found hanging
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..