പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
നെയ്യാറ്റിന്‍കര: സ്കൂള്‍ യൂണിഫോമിട്ടെത്തിയ പെണ്‍കുട്ടി നെയ്യാറ്റിന്‍കരയിലെ വെള്ളി ആഭരണക്കടയില്നിന്നും പണം കവര്‍ന്നു. കടയിലുണ്ടായിരുന്ന ആള് ഉറക്കത്തിലായിരുന്നപ്പോഴാണ് മോഷണം നടത്തിയത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
ബസ് സ്റ്റാന്‍ഡ് കവലയിലെ മൂകാംബിക സില്‍വര്‍ പാലസിലാണ് മോഷണം നടന്നത്. പാന്റ്സും ഷര്‍ട്ടും ഓവര്കോട്ടുമിട്ട സ്കൂള്‍ യൂണിഫോമിലെത്തിയ പെണ്‍കുട്ടി പണമെടുത്ത് മടങ്ങുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം.
എണ്‍പത് വയസ്സ് പ്രായമുള്ള നാഗപ്പന്‍നായര്‍ എന്നയാളും മറ്റൊരു ജീവനക്കാരനായ ഷാജിയുമാണ് കടയില്‍ ഉള്ളത്. ഷാജി ബാങ്കില്പോയ സമയത്താണ് പെണ്‍കുട്ടി സില്‍വര്‍ പാലസിലെത്തിയത്.
പെണ്‍കുട്ടിയെത്തുമ്പോള്‍ നാഗപ്പന്‍നായര്‍ കടയിലിരുന്ന് ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കടയിലെ പണം സൂക്ഷിക്കുന്ന ഡ്രോയര്‍ തുറന്ന് ബാഗ് കൈയിലെടുത്ത് പുറത്തിറങ്ങി.
ബാഗില്‍ കടയുടെ താക്കോല്‍ മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് വീണ്ടും കടയില്‍ കയറി ഡ്രോയര്‍ തുറന്ന് റബ്ബര്‍ബാന്‍ഡ് ഇട്ടുവെച്ചിരുന്ന 21,180 രൂപയുമെടുത്ത് ബസ് സ്റ്റാന്‍ഡിലേയ്ക്ക് നടന്നുപോകുകയായിരുന്നു.
ബാങ്കില്പോയിരുന്ന ഷാജി തിരികെയെത്തി മേശ തുറന്നു നോക്കുമ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടര്‍ന്ന് ജൂവലറിയിലെ സി.സി.ടി.വി. ക്യാമറയിലെ ദൃശ്യം പരിശോധിക്കുമ്പോഴാണ് സ്കൂള്‍ യൂണിഫോമിട്ടെത്തിയ പെണ്‍കുട്ടി മോഷണം നടത്തിയ വിവരം അറിയുന്നത്.
നെയ്യാറ്റിന്‍കര പോലീസിനെ വിവരം അറിയിച്ചു. ഇവരെത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചു. മോഷണം നടത്തിയ പെണ്‍കുട്ടിയെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
പെണ്‍കുട്ടി മാസ്ക് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: The girl, who was in a school uniform, stole money from a jewelry store. On camera
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..