പ്രതീകാത്മക ചിത്രം | AP & Mathrubhumi
ഭോപ്പാല്‍: കാമുകനും മുന്‍കാമുകനും ഒരുമിച്ചെത്തി മര്‍ദിച്ചതോടെ പെണ്‍കുട്ടി കിണറ്റില്‍ ചാടി. മധ്യപ്രദേശിലെ ബൈത്തൂല്‍ ഗ്രാമത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കാമുകന്മാരുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായി കിണറ്റില്ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാര്‍ കിണറ്റില്‍നിന്ന് രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമാണ് കാമുകനും മുന്‍കാമുകനും ഒരുമിച്ച് വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇവര്‍ക്കൊപ്പം കത്തിയും വടിയുമായി മറ്റു ചിലരുമുണ്ടായിരുന്നു. കാമുകന്മാരായ രണ്ടു പേരും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പിന്നാലെ പെണ്‍കുട്ടിയെ മര്‍ദിക്കുകയായിരുന്നു. ഇതോടെ വീട്ടില്‍നിന്ന് പുറത്തേക്ക് ഓടിയ പെണ്‍കുട്ടി വീട്ടുവളപ്പിലെ കിണറ്റില്‍ ചാടി. സംഭവം കണ്ടെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ കിണറ്റില്‍നിന്ന് രക്ഷിച്ച് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, പെണ്‍കുട്ടിയെ ആക്രമിച്ച രണ്ട് യുവാക്കളെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
പെണ്‍കുട്ടി താനുമായുള്ള ബന്ധം ഉപേക്ഷിച്ചതും ദീര്‍ഘനാളായി സംസാരിക്കാതിരുന്നതുമാണ് മുന്‍കാമുകനെ പ്രകോപിപ്പിച്ചത്. അടുത്തിടെ മുന്‍കാമുകനും പെണ്‍കുട്ടിയുടെ നിലവിലെ കാമുകനും നേരിട്ട് കണ്ടിരുന്നു. തുടര്‍ന്ന് ഇരുവരും പ്രണയത്തെക്കുറിച്ച് പെണ്‍കുട്ടിയോട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് മറ്റു ചിലരെയും കൂട്ടി രണ്ട് യുവാക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തതായും രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് ബോര്‍ദേഹി പോലീസ് അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: girl thrashed by lover and ex lover in betul madhya pradesh she jumps into well
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..