പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം(ഇടത്ത്) മണിക്കൂറുകൾക്ക് ശേഷം വിവാഹത്തിന് ശേഷം പെൺകുട്ടി പുറത്തുവിട്ട വീഡിയോ(വലത്ത്) | Screengrab: twitter.com/krishanKTRS & twitter.com/jsuryareddy
ഹൈദരാബാദ്: അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയി. തെലങ്കാന മുദപ്പള്ളി സ്വദേശിയായ ശാലിനി(18)യെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30-ഓടെ തട്ടിക്കൊണ്ടുപോയത്. അതേസമയം, പോലീസ് തിരച്ചില്‍ തുടരുന്നതിനിടെ തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും വിവാഹം കഴിഞ്ഞെന്നും വെളിപ്പെടുത്തിയുള്ള പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവന്നു.
സംഭവത്തില്‍ ആറ് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിവാഹചടങ്ങിന് പിന്നാലെയുള്ള പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവന്നത്. ശാലിനിയുടെ വരനായ ജ്ഞാനേശ്വര്‍ എന്ന ജോണിയും വീഡിയോയിലുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് നാടകീയസംഭവങ്ങളുടെ തുടക്കം. അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ നാലംഗസംഘം കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. അച്ഛനെ തള്ളിമാറ്റി പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവത്തിന് പിന്നാലെ പോലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കാറിലുണ്ടായിരുന്ന ഒരാള്‍ പെണ്‍കുട്ടിയുമായി സൗഹൃദം പുലര്‍ത്തുന്ന 24-കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. മറ്റൊരാള്‍ പെണ്‍കുട്ടിയുടെ നാട്ടുകാരനാണെന്നും മനസ്സിലായി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതേ 24-കാരന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് അന്ന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞാണ് ഇയാള്‍ വീണ്ടും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകല്‍ വന്‍ചര്‍ച്ചയായതിന് പിന്നാലെയാണ് ഏവരെയും അമ്പരിപ്പിച്ച് പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവന്നത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശാലിനിയും കാമുകനായ ജോണിയും വീഡിയോയിലൂടെ കാര്യങ്ങള്‍ വിശദമാക്കിയത്.
തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും തന്റെ ആഗ്രഹപ്രകാരം കാമുകനായ ജോണിയുമായുള്ള വിവാഹം നടന്നു എന്നുമാണ് ശാലിനി വീഡിയോയില്‍ പറയുന്നത്. നാലുവര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണ്. തന്റെ സമ്മതത്തോടെ കൂട്ടിക്കൊണ്ടുപോകാനായാണ് ജോണി രാവിലെ ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ സംഭവസമയം മാസ്‌ക് ധരിച്ചതിനാല്‍ കാമുകനെ പെട്ടെന്ന് തിരിച്ചറിയാനായില്ല. ഇതുകാരണമാണ് അവര്‍ ബലംപ്രയോഗിച്ചതെന്നും പിന്നീടാണ് കാമുകനെ തിരിച്ചറിഞ്ഞതെന്നും തങ്ങളുടെ വിവാഹം കഴിഞ്ഞെന്നും പെണ്‍കുട്ടി പറഞ്ഞു.
Content Highlights: girl kidnapped in telangana on morning later her video released she claims her marriage held
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..