പ്രതീകാത്മക ചിത്രം | ANI
ആഗ്ര: പെണ്‍കുട്ടിയെ വീടിന്റെ ടെറസില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍. അലിഗഢിലെ പരേതനായ മുഹമ്മദ് ബാബു-ഷാസിയ ദമ്പതിമാരുടെ മകള്‍ യാസ്മീന്(16) കൊല്ലപ്പെട്ട കേസിലാണ് മാതാവ് ഷാസിയ, കാമുകനായ മുഹമ്മദ് ആരിഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ആരിഫാണ് കേസിലെ മുഖ്യപ്രതിയെന്നും പെണ്‍കുട്ടിയെ മൂന്നാംനിലയിലെ ടെറസില്‍നിന്ന് തള്ളിയിട്ടത് ഇയാളാണെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
ഷാസിയയുടെ ഭര്‍ത്താവ് മുഹമ്മദ് ബാബു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ഇതിനുശേഷം ഷാസിയ മുഹമ്മദ് ആരിഫുമായി അടുപ്പത്തിലായി. ഷാസിയയെ കാണാനായി ഇയാള്‍ ഇടയ്ക്കിടെ വീട്ടിലെത്തുന്നതും പതിവായിരുന്നു. എന്നാല്‍ മാതാവിന്റെ കാമുകന് വീട്ടില്‍ വരുന്നത് യാസ്മീന് എതിര്‍ത്തു. ഇതേച്ചൊല്ലി പലതവണ യാസ്മീന് മര്‍ദനമേല്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രിയും ഷാസിയയെ കാണാനായാണ് ആരിഫ് ഇവരുടെ വീട്ടിലെത്തിയത്. വാതില്തുറന്ന യാസ്മീന്, മാതാവ് വീട്ടില്‍ ഇല്ലെന്നായിരുന്നു ആരിഫിനോട് പറഞ്ഞത്. ഷാസിയ വീട്ടിലുണ്ടായിട്ടും മകള്‍ ഇല്ലെന്ന് പറഞ്ഞത് യുവാവിനെ ചൊടിപ്പിച്ചു. തുടര്‍ന്ന് ആരിഫ് ഷാസിയയുടെ കണ്മുന്നില്വെച്ച് യാസ്മീനെ പൊതിരെതല്ലി. രക്ഷപ്പെടാനായി യാസ്മീന് മൂന്നാംനിലയിലേക്ക് ഓടി. പിന്തുടര്ന്നെത്തിയ ആരിഫ്, പെണ്‍കുട്ടിയെ കണ്ടെത്തുകയും പിന്നാലെ മൂന്നാംനിലയിലെ ടെറസില്‍നിന്ന് തള്ളിയിടുകയുമായിരുന്നു.
ആരിഫ് നേരത്തെയും യാസ്മീനെ മര്‍ദിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ആരിഫ് വീട്ടില്‍ വരുന്നത് യാസ്മീന് ഇഷ്ടമല്ലായിരുന്നുവെന്നും ഇതിനെച്ചൊല്ലി പലതവണ വഴക്കുണ്ടായിരുന്നതായും ബന്ധുവായ ഷാരൂഖ് മെഹ്റാജ് പറഞ്ഞു. സംഭവസമയം ആരിഫ് മദ്യപിച്ചിരുന്നതായും ഇദ്ദേഹം ആരോപിച്ചു.
കൊലക്കുറ്റം ചുമത്തിയാണ് ആരിഫിനെയും ഷാസിയെയും അറസ്റ്റ് ചെയ്തതെന്ന് സിവില്‍ ലൈന്‍സ് സര്‍ക്കിള്‍ ഓഫീസര്‍ ശ്വേതാഭ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. യാസ്മീന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Content Highlights: girl dies as mothers love pushes her from terrace in uttar pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..