Screengrab: Mathrubhumi News
മൂന്നാര്‍: ഗുണ്ടുമല എസ്റ്റേറ്റില്‍ എട്ടുവയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് ശാസ്ത്രീയ പരിശോധനകളില്‍ തെളിഞ്ഞതായി പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡിവൈ.എസ്.പി. എ.ജി. ലാല്‍.
സംഘം നടത്തിയ ഡമ്മി പരീക്ഷണത്തിലും കൊലപാതകസൂചനകളും തെളിവും ലഭിച്ചെന്നും പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ഡിവൈ.എസ്.പി. പറഞ്ഞു. പ്രതികളെന്ന് സംശയിക്കുന്നവരെ വരുംദിവസങ്ങളില്‍ കൂടുതല്‍ ചോദ്യംചെയ്യും.
2019 സെപ്തംബര്‍ ഒമ്പതിനാണ് ഗുണ്ടുമല എസ്റ്റേറ്റില്‍ അപ്പര്‍ ഡിവിഷനില്‍ എട്ടുവയസ്സുകാരിയെ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് വള്ളി കഴുത്തില്‍ ചുറ്റി മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയുടെ മുകളില്‍ കെട്ടിയിരുന്ന വള്ളി പൊട്ടി താഴെവീണ നിലയിലായിരുന്നു മൃതദേഹം.ആത്മഹത്യ എന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം. എന്നാല്‍, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൃതദേഹപരിശോധനയില്‍, പെണ്‍കുട്ടി നിരവധിതവണ പീഡനത്തിനിരയായതായി കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന സംശയം ഉയര്‍ന്നത്.
ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലാതായതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ഫെബ്രുവരി ഏഴിനാണ് അന്വേഷണ സംഘത്തലവന്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എ.ജി. ലാല്‍, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് മെഡിക്കല്‍ വിദഗ്ദന്‍ ഡോ. സന്തോഷ് ജോയി, കാക്കനാട് റീജനല്‍ ഫോറന്‍സിക് ലബോറട്ടറി അസി.ഡയറക്ടര്‍ ഡോ.സൂസന്‍ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ഡമ്മി പരീക്ഷണം നടത്തിയത്.
28 കിലോ ഭാരമുള്ള ഡമ്മിയും, കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് വള്ളിക്ക് സമാനമായ വള്ളിയും ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഈ ഡമ്മി തൂക്കാന്‍ ഉപയോഗിച്ച വള്ളിക്ക് 20 കിലോ മാത്രമേ താങ്ങാന്‍ കഴിയുകയൂള്ളുവെന്നും കണ്ടെത്തി.
മരിച്ചുകിടന്ന മുറിയുടെ മുകള്‍ഭാഗത്ത് കുടുക്ക് ഇടുന്നതിന് കുട്ടിക്ക് സാധിക്കില്ലെന്നും ഇത്രയും ഉയരത്തില്‍ കയറുന്നതിന് ഏണി, കസേര എന്നിവ ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.
Content Highlights: girl death in gundumala estate idukki police says it was a murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..