പ്രതീകാത്മക ചിത്രം | Photo: AP
മുംബൈ: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഏഴാംനിലയില്‍നിന്ന് വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മുംബൈ പന്‍വേല്‍ സ്വദേശിനിയായ 19-കാരിയാണ് നവിമുംബൈ ബേലാപുരിലെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
ആൺസുഹൃത്തിനും മറ്റൊരു സുഹൃത്തിനും ഒപ്പം 'ബിയര്‍ പാര്‍ട്ടി'ക്കായാണ് പെണ്‍കുട്ടി കെട്ടിടത്തിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ അബദ്ധത്തില്‍ കാല്‍തെന്നിവീണെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിന് നല്‍കിയ മൊഴി. ഏഴാംനിലയില്‍നിന്ന് ഒന്നാംനിലയിലേക്കാണ് പെണ്‍കുട്ടി വീണതെന്നും തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരപരിക്കേറ്റ പെണ്‍കുട്ടിയെ ചോരയില്‍ കുളിച്ചനിലയിലാണ് കണ്ടതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബേലാപുര്‍ സ്വദേശിയും ഷോപ്പിങ് മാളിലെ ജീവനക്കാരനുമായ 20-കാരനാണ് പെണ്‍കുട്ടിയുടെ ആൺസുഹൃത്ത്. ഇവരുടെ സുഹൃത്തായ 23-കാരനും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു.
പാതിവഴിയില്‍ സ്‌കൂള്‍ പഠനം നിര്‍ത്തിയ പെണ്‍കുട്ടിയും 20-കാരനും തമ്മില്‍ ഏറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വിവാഹത്തിന് വീട്ടുകാരും സമ്മതിച്ചിരുന്നു. ഇതോടെ പെണ്‍കുട്ടി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതും പതിവായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ആണ്‍സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി നടത്താനായിരുന്നു മൂവര്‍സംഘം ആദ്യംതീരുമാനിച്ചിരുന്നത്. എന്നാല്‍ വീടിന് പുറത്ത് മറ്റൊരിടത്ത് പാര്‍ട്ടി നടത്താമെന്ന് പെണ്‍കുട്ടി നിര്‍ബന്ധം പിടിച്ചതോടെ മൂവരും ഷോപ്പിങ് മാളിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് വരികയായിരുന്നു. കെട്ടിടത്തിലെ ഏഴാംനിലയിലാണ് ഇവര്‍ ആഘോഷത്തിനായി ഒത്തുകൂടിയത്. ഇതിനിടെ ആണ്‍സുഹൃത്ത് മൂത്രമൊഴിക്കാനായി പോയപ്പോള്‍ പെണ്‍കുട്ടി പിന്നാലെ പോയെന്നും ഇതിനിടെ കാല്‍തെന്നി വീണെന്നുമാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പ്രാഥമികഘട്ടത്തില്‍ അപകടമരണമെന്നനിലയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കെട്ടിടത്തിന്റെ ഏഴാംനിലയില്‍നിന്ന് ഒഴിഞ്ഞ ബിയര്‍കുപ്പികള്‍ കണ്ടെടുത്തതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പോലീസ് പറഞ്ഞു.
Content Highlights: girl at beer party falls from seventh floor of building in mumbai
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..