അവശനിലയിലായവർ മീററ്റിലെ ആശുപത്രിയിൽ
എടപ്പാള്‍: ജര്‍മനിയില്‍ ജോലി വാഗ്ദാനംചെയ്ത് അഭിമുഖത്തിനായി ഉത്തര്‍പ്രദേശിലെ മീററ്റിലേക്ക് വിളിച്ചുവരുത്തിയ മലയാളികളെ മയക്കി എ.ടി.എം. കാര്‍ഡും പണവും തട്ടിയെടുത്ത സംഭവത്തിനുപിന്നില്‍ വന്‍ സംഘമെന്ന് സൂചന.
കേരളം, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു. അന്വേഷണം ഈ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
അതിനിടെ, മീററ്റിലെ പ്യാരിലാല്‍ ശര്‍മ ഗവ. ആശുപത്രിയില്‍ പോലീസ് കാവലില്‍ ചികിത്സയിലായിരുന്ന മലയാളികള്‍ വെള്ളിയാഴ്ച നാലുമണിയോടെ ആശുപത്രിവിട്ടു. ഇവര്‍ രാത്രിയോടെ കേരളത്തിലേക്ക് തിരിച്ചു. എടപ്പാള്‍ പെരുമ്പറമ്പ് തെക്കേപുറത്തേയില്‍ അരവിന്ദന്‍(65), മകന്‍ രാഹുല്‍(26), തിരുവനന്തപുരം സ്വദേശികളായ അഭിലാഷ്(33), ഭാര്യ അബിത(27), ഒരു വയസ്സുള്ള മകള്‍ എന്നിവരാണ് ആശുപത്രിയിലുണ്ടായിരുന്നത്.
സംഭവമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പോലീസ് പ്രതിയുടെ ചിത്രം പതിഞ്ഞ ഹോട്ടലിലെയും എ.ടി.എം. കൗണ്ടറുകളിലെയും സ്വര്‍ണമെടുത്ത ജൂവലറിയിലേയും നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍ ശേഖരിച്ചു. എല്ലാ ചിത്രത്തിലും തൊപ്പിയും മാസ്‌കും ധരിച്ചിട്ടുണ്ട്. മുഖം വ്യക്തമല്ല. മലയാളികളുമായി ഇയാള്‍ സംസാരിച്ച ഫോണ്‍ നമ്പര്‍ തന്നെയാണ് ഹോട്ടലിലും നല്‍കിയിട്ടുള്ളത്. സംഭവശേഷം ഈ ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്. ഇയാള്‍ ഹോട്ടലില്‍ നല്‍കിയത് രാജസ്ഥാന്‍ വിലാസത്തിലുള്ള വ്യാജ തിരിച്ചറിയല്‍ രേഖയാണെന്നും പോലീസ് കണ്ടെത്തി.
സ്വീകരിച്ചത് ബൊക്കെ നല്‍കി
ജോലി ആവശ്യാര്‍ത്ഥം അഭിമുഖത്തിനെത്തിയ തിരുവന്തപുരത്തെ ദമ്പതിമാരെ പ്രതി ഹോട്ടല്‍ മുറിയിലേക്ക് സ്വീകരിച്ചത് ബൊക്കെ നല്‍കിയായിരുന്നു. മീററ്റിലെ ഏറ്റവും മികച്ച ഹോട്ടലിലാണ് ഇവര്‍ക്ക് താമസസൗകര്യമേര്‍പ്പെടുത്തിയിരുന്നത്. ജര്‍മനിയില്‍ വന്‍ ശമ്പളത്തില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനംചെയ്താണ് ഇവരെ വരുത്തിയത്. ദമ്പതിമാര്‍ ഒരുമിച്ചു പോകുകയാണെങ്കില്‍ ഭാര്യയ്ക്ക് അവിടെ ഓഫീസ് സ്റ്റാഫായും ജോലി ലഭിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിലാഷ് ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം എത്തിയത്.
നവംബര്‍ ആദ്യവാരം വന്ന പരസ്യംകണ്ട് അപേക്ഷിച്ച ഇവര്‍ 20 ദിവസത്തോളം പ്രതിയുമായി സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടാണ് മുംബൈ വഴി മീററ്റിലെത്തിയത്. ഒരുരൂപപോലും വേണ്ടെന്നും വരുന്നവരുടെ അക്കൗണ്ടില്‍ മൂന്ന് ലക്ഷത്തോളം രൂപയുണ്ടായാല്‍ മതിയെന്നുമാണ് ജര്‍മനിയിലെ നിബന്ധനയെന്നും ഇവരെ വിശ്വസിപ്പിച്ചിരുന്നു. അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ ഇവരെ വീണ്ടും ഹോട്ടല്‍ മുറിയിലാക്കി ബിരിയാണിയടക്കമുള്ളവ നല്‍കി. മയക്കത്തിലായാലും ചോദിക്കുന്നതിനെല്ലാം കൃത്യമായി മറുപടി പറയുന്ന തരത്തിലും അളവിലുമുള്ള മയക്കുമരുന്നാണ് ജ്യൂസില്‍ ചേര്‍ത്തുനല്‍കിയത്.
അഞ്ചു ലക്ഷത്തോളം രൂപ പ്രതി കൈക്കലാക്കിയെങ്കിലും അപ്പോഴേക്കും അഭിലാഷിന്റെ അമ്മാവന്‍ വീഡിയോകോള്‍ചെയ്ത് സംഭവമറിഞ്ഞിരുന്നു. അതോടെ മലയാളി അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗമായ സണ്ണി ഇടപെട്ട് ശേഷിക്കുന്ന ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു. ഇതോടെയാണ് പ്രതിക്ക് കൂടുതല്‍ തുക തട്ടിയെടുക്കാനാവാതെ വന്നത്. വൈകാതെ പ്രതികള്‍ വലയിലാകുമെന്നാണ് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കേസന്വേഷിക്കുന്ന പോലീസ് നല്‍കിയ ഉറപ്പ്.
Content Highlights: germany job fraud case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..