രാജേന്ദ്ര സിംഹ്
എടപ്പാള്‍: ജര്‍മനിയില്‍ ജോലി വാഗ്ദാനംചെയ്ത് മലയാളികളെ അഭിമുഖത്തിനായി മീററ്റിലെത്തിച്ചശേഷം മയക്കുമരുന്നുനല്‍കി അഞ്ചുലക്ഷം കവര്‍ന്ന സംഭവത്തിലെ പ്രതിയെ അറസ്റ്റുചെയ്തു. പഞ്ചാബ് ലുധിയാന സ്വദേശി രാജേന്ദ്രസിങ്ങിനെ (38)യാണ് മീററ്റ് പോലീസ് അറസ്റ്റുചെയ്തത്. രണ്ട് ആധാര്‍കാര്‍ഡ്, എട്ട് പാസ്‌പോര്‍ട്ടുകള്‍, ഒന്‍പത് മൊബൈല്‍ സിം കാര്‍ഡുകള്‍ എന്നിവ ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
പഞ്ചാബില്‍ രണ്ടാഴ്ചയിലധികം നടത്തിയ ഊര്‍ജിത അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. നവംബര്‍ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. എടപ്പാള്‍ പെരുമ്പറമ്പ് തെക്കേപുറത്തേയില്‍ അരവിന്ദന്‍ (65), മകന്‍ രാഹുല്‍ (26), തിരുവനന്തപുരം സ്വദേശികളായ അഭിലാഷ് (33), ഭാര്യ അബിത (27), ഒരു വയസ്സുള്ള മകള്‍ എന്നിവരെയാണ് ഇയാള്‍ ഹോട്ടല്‍ മുറിയില്‍വെച്ച് ജ്യൂസില്‍ മയക്കുമരുന്നുനല്‍കി മയക്കിയത്. അതിനുശേഷം എ.ടി.എം. കാര്‍ഡ് കൈക്കലാക്കി അഞ്ചുലക്ഷത്തോളം രൂപ തട്ടിയെടുത്തൂവെന്നാണ് കേസ്. ജര്‍മനിയില്‍ ജോലി വാഗ്ദാനംചെയ്താണ് മീററ്റിലെത്തിച്ചത്.
തട്ടിപ്പിനുശേഷം അതുവരെ ഉപയോഗിച്ച സിംകാര്‍ഡ് ഹോട്ടലില്‍ പൊട്ടിച്ചുകളഞ്ഞ് പുതിയ നമ്പറുപയോഗിക്കാന്‍ തുടങ്ങിയ പ്രതിയെ പോലീസ് ഏറെ പരിശ്രമിച്ചാണ് കണ്ടെത്തിയത്. നിരീക്ഷണ ക്യാമറകളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. സലാപൂരിലുള്ള ഒരു ടാക്‌സി ഡ്രൈവറെ ഇയാള്‍ വിളിച്ചതായും കണ്ടെത്തി. തുടര്‍ന്ന് പോലീസ് അവിടെയെത്തി. അയാളില്‍നിന്ന് ഘര്‍ഗൗഡ എന്ന സ്ഥലത്ത് പ്രതിയുമായി ബന്ധമുള്ള ഒരുയുവതിയെക്കുറിച്ച് വിവരംലഭിച്ചു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി വേറെയും തട്ടിപ്പുകള്‍ നടത്തിയതായി മനസ്സിലാക്കി.
പ്രധാനമന്ത്രിയുടെ പേരിലുള്ള വിവിധ ക്ഷേമപദ്ധതികളില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ക്കെന്നപേരില്‍ പലരില്‍നിന്ന് തട്ടിയെടുത്ത പണം യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ ഇയാള്‍ നിക്ഷേപിച്ചിരുന്നു. രണ്ടു തവണ 40,000 രൂപ വീതം യുവതിക്ക് പ്രതിഫലവും നല്‍കി. പിന്നീട് അക്കൗണ്ട് റദ്ദാക്കി.
യുവതിയില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് ലുധിയാന, കുരുക്ഷേത്ര എന്നിവിടങ്ങളിലെത്തിയ പോലീസ് അവിടെയും ഇത്തരത്തില്‍ ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി കണ്ടെത്തി. രണ്ടു സംഘങ്ങള്‍ രൂപവത്കരിച്ച് ലുധിയാനയിലും കുരുക്ഷേത്രയിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലുധിയാനയില്‍ പ്രതി വലയിലായത്.
പ്രതിയെ എടപ്പാളിലെ രാഹുലിന് വീഡിയോ കോളിലൂടെ പോലീസ് കാണിച്ചു കൊടുത്ത് ഉറപ്പാക്കിയശേഷം അറസ്റ്റുചെയ്തു. കൂട്ടാളികള്‍ ഉണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: germany job fraud and robbery case main accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..