മണച്ചാലിലെ വൈഡൂര്യ ഖനനം: പ്രതികളെ ഇതുവരെ കണ്ടെത്തിയില്ല, വനംവകുപ്പ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍


സ്വന്തം ലേഖകന്‍

മണച്ചാലിൽ വൈഡൂര്യഖനനത്തിനായി എടുത്ത കുഴി(ഇടത്ത്) ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ(വലത്ത്) ഫയൽചിത്രം

തിരുവനന്തപുരം: പാലോട് വൈഡൂര്യ ഖനനവുമായി ബന്ധപ്പെട്ട് കല്ലാര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. പാലോട് ബ്രൈമൂര്‍ മണച്ചാലില്‍ നടന്ന വൈഡൂര്യ ഖനനത്തിന്റെ പേരിലാണ് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ എം.എസ്.റീഗനെ സസ്പെന്‍ഡ് ചെയ്തത്. കല്ലാര്‍ ഫോറസ്റ്റ് സെക്ഷന്‍ കീഴിലാണ് മണച്ചാല്‍ മേഖല വരുന്നത്. പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറാണ് നടപടിയെടുത്തത്.

ഡിസംബര്‍ എട്ടിനാണ് നേരത്തെയും വൈഡൂര്യ ഖനനത്തിന് കുപ്രസിദ്ധി നേടിയ പൊന്മുടിമലയുടെ താഴ്വാരത്തില്‍ വീണ്ടും ഖനനം നടന്നതായി സ്ഥിരീകരിച്ചത്. തുടക്കത്തില്‍ വനംവകുപ്പും പോലീസും ഖനനം നടന്ന കാര്യം നിഷധിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് സ്ഥിരീകരിക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്ന് 62 ഡിറ്റനേറ്ററും 43 ടിന്‍പശയും വലിയചുറ്റികകള്‍, വെള്ളം വറ്റിക്കുന്നതിനായുള്ള മോട്ടോറുകള്‍, കമ്പിപ്പാര, ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ എന്നിവയും കണ്ടെത്തി. ഇതിന്റെ തുടരന്വേഷണം ഇപ്പോഴും ഇഴയുകയാണ്. അതിനിടെയാണ് ഉദ്യോഗസ്ഥനെതിരെ സസ്പെന്‍ഷന്‍ നടപടി വന്നിരിക്കുന്നത്.

കഴിഞ്ഞദിവസം നിയമസഭയില്‍ വൈഡൂര്യ ഖനനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ വൈഡൂര്യ ഖനനവുമായി ബന്ധപ്പെട്ട് ഇതുവരെയും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം, സസ്പെന്‍ഷന്‍ നടപടിക്കെതിരെ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. അനധികൃത ഖനനം കണ്ടെത്തുകയും അതില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തിന് തുടക്കമിടുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടത് എല്ലാ ജീവനക്കാരുടെയും ധാര്‍മികതയെയും ജോലിയോടുള്ള ആത്മാര്‍ഥതയെയും ചോദ്യം ചെയ്തതിന് തുല്യമാണെന്ന് ഇവര്‍ വനം വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. കുറ്റക്കാര്‍ രക്ഷപ്പെടാന്‍ അവസരം ഒരുക്കുന്ന അച്ചടക്ക നടപടി പുനഃപരിശോധിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് മുന്നറിയിപ്പ്.

വൈഡൂര്യ ഖനനവുമായി ബന്ധപ്പെട്ട് പലരെയും ചോദ്യം ചെയ്തെങ്കിലും പ്രതികളിലേക്ക് എത്താന്‍ അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. മൃഗവേട്ടയും, വൈഡൂര്യഖനനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പേ മണച്ചാല്‍ വനമേഖല കുപ്രസിദ്ധമാണ്. ഈ കേസുകളില്‍ പ്രതിയായവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും എങ്ങുമെത്തിയില്ല. അന്വേഷണത്തിന്റെ ഭാഗമായി ഏകദേശം മുപ്പതോളം പേരെ ചോദ്യം ചെയ്തതായാണ് അറിയുന്നത്. പക്ഷേ വ്യക്തമായ തെളിവ് വനംവകുപ്പിന് ഇതുവരെ കിട്ടിയിട്ടില്ല.

ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ടെങ്കിലും ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വൈഡൂര്യ ഖനനം നടന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ട് എന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു. ഖനനം നടന്ന സ്ഥലത്തേക്ക് എത്തണമെങ്കില്‍ മങ്കയം ചെക്ക് പോസ്റ്റിലെ പരിശോധനയും ബ്രൈമൂറിലെ ചെക്കിംഗ് പോയിന്റും കടക്കണം. ഇതല്ലാതെ മറ്റൊരു വഴിയിലൂടെ അവിടെ എത്തുക എന്നത് താരതമ്യേന പ്രയാസമാണ്.

ഖനനം നടന്ന സ്ഥലത്തിന് സമീപം ഒരു ശാസ്താക്ഷേത്രമുണ്ട്. ഇവിടത്തെ പൂജാരിക്ക് ബ്രൈമൂറില്‍ നിന്ന് ക്ഷേത്രത്തിലെത്താന്‍ ആറ് കിലോമീറ്ററോളം നടക്കണം. ഇദ്ദേഹവും വനംവകുപ്പിന്റെ ക്യാമ്പ് ഷെഡില്‍ എത്തി ഇവിടത്തെ രജിസ്റ്ററില്‍ ഒപ്പുവച്ച ശേഷം ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ക്ഷേത്ര പൂജ ചെയ്യാറുള്ളൂ. ഈ സാഹചര്യത്തിലാണ് യാതൊരു പരിശോധനയും കൂടാതെ ഇരുപത് ദിവസത്തോളം ഖനനം നടന്നു എന്നവിവരം പുറത്തുവന്നത്.


Content Highlights: Gem mining case in manachal palode; Thiruvananthapuram forest officer suspended

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented