Screengrab: Mathrubhumi News
കൊല്ലം: ഇന്ദോറില്നിന്നു കൊല്ലത്തേക്ക് തപാല്‍മാര്‍ഗം അയച്ച 220 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കൊല്ലം പട്ടത്താനം പോസ്റ്റ് ഓഫീസില്‍ ശനിയാഴ്ച രാവിലെയാണ് പാഴ്സലായി ഇന്ദോറില്‍നിന്ന് അയച്ച കവര്‍ കിട്ടിയത്.
പേരും നഗറും പോസ്റ്റ് ഓഫീസും മാത്രമേ വിലാസമായി നല്കിയിരുന്നുള്ളൂ. കവറിന്റെ ഒരുഭാഗം പൊട്ടിയ നിലയിലായിരുന്നു. സംശയംതോന്നിയ വനിതാ ജീവനക്കാരി പോസ്റ്റ്മാസ്റ്ററെ വിവരമറിയിച്ചു. കവറിനു പുറത്ത് തരിപോലെ കണ്ടപ്പോള്‍ ആദ്യം തേയിലയെന്ന് തോന്നിയെങ്കിലും കഞ്ചാവെന്ന സംശയത്താല്‍ എക്സൈസ് അധികൃതരെ വിവരം അറിയിച്ചു. കൊല്ലം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പാഴ്സല്‍ പൊട്ടിച്ച് പരിശോധിച്ച് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പട്ടത്താനം പീസ് കോട്ടേജില്‍ റിജോ(28)യെ കസ്റ്റഡിയിലെടുത്തു.
ചോദ്യംചെയ്തതില്‍ മധ്യപ്രദേശിലെ ഇന്ദോറിലുള്ള സുഹൃത്ത് അയച്ചതാണെന്നും പിടിക്കപ്പെടാതിരിക്കാന്‍ മേല്‍വിലാസം തെറ്റായി രേഖപ്പെടുത്തി ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നെന്നും വ്യക്തമാക്കി. നേരത്തേയും തപാല്‍ വഴി കഞ്ചാവ് പാഴ്സലായി അയച്ചുതന്നിട്ടുണ്ടെന്നും എക്സൈസ് സംഘത്തോട് പറഞ്ഞു. കേസില്‍ വിശദമായ തുടരന്വേഷണം നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ബി.സുരേഷ് അറിയിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ഷാജി, പ്രിവന്റീവ് ഓഫീസര്‍ മനോജ്ലാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, നിഥിന്, ഡ്രൈവര്‍ സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തപാല്‍ വഴി കഞ്ചാവെത്തുന്നത് ആദ്യം
ലഹരി ഉത്പന്നങ്ങളും മദ്യവും തപാല്‍ വഴിയെത്തുന്നത് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും തപാല്‍ വഴി കഞ്ചാവെത്തുന്നത് ആദ്യമെന്ന് എക്സൈസ് അധികൃതര്‍. തപാല്‍ ജീവനക്കാരുടെ ഇടപെടലും കവര്പൊട്ടിയിരുന്നതും കൊണ്ടാണ് കഞ്ചാവാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്.
പാഴ്സലുകള്‍ പൊതിയുംമുമ്പ് സാക്ഷ്യപ്പെടുത്തണം
ഇന്ത്യ പോസ്റ്റ് വഴി അയയ്ക്കുന്ന പാഴ്സലുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന തപാല്‍ ഓഫീസിലെ പോസ്റ്റ്മാസ്റ്റര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയശേഷം മാത്രം പൊതിഞ്ഞാല്‍ മതിയെന്ന വകുപ്പുതല നിര്‍ദേശം കൃത്യമായി പാലിക്കപ്പെടുന്നില്ല.
ഈ സാഹചര്യം മുതലെടുത്താണ് ലഹരിമാഫിയ തപാല്‍ സര്‍വീസ് ദുരുപയോഗം ചെയ്ത് ഇടപാടുകാര്‍ക്ക് ലഹരിമരുന്നുകള്‍ എത്തിക്കുന്നത്.
Content Highlights: ganja smuggling through postal parcel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..