അറസ്റ്റിലായ പ്രതികൾ
കൊച്ചി: ആന്ധ്രയില്‍ നിന്നും പെരുമ്പാവൂര്‍ കുന്നുവഴിയിലെ കൂറിയര്‍ സ്ഥാപനം വഴി കഞ്ചാവെത്തിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കോതമംഗലം അയിരൂര്‍പ്പാടം ആയക്കാട് കളരിക്കല്‍ വീട്ടില്‍ ഗോകുല്‍(24) പുളിമല കാഞ്ഞിരക്കുഴി വീട്ടില്‍ വിമല്‍ (24) ആയിരൂര്‍പ്പാടം ആളക്കല്‍ വീട്ടില്‍ മന്‍സൂര്‍ (24) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ കുന്നുവഴിയിലെ കൂറിയര്‍ സ്ഥാപനം വഴി 30 കിലോഗ്രാം കഞ്ചാവ് പാഴ്സലായി എത്തുകയായിരുന്നു. വിമലിന്റെ പേരിലാണ് പാഴ്സല്‍ വന്നത്. ആന്ധ്രയിലെ കഞ്ചാവ് വില്‍പ്പനക്കാരില്‍ നിന്നും ഗോകുലാണ് കഞ്ചാവ് വാങ്ങി അയച്ചത്.
പത്ത് കിലോ കഞ്ചാവുമായി ഇയാളെ ആന്ധ്ര പോലീസ് നേരത്തെ പിടികൂടിയിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വ്യാപകമായി കച്ചവടം തുടങ്ങിയത്. നാല് കിലോ കഞ്ചാവുമായി തൃശൂര്‍ അയ്യന്തോള്‍ പോലീസും ഗോകുലിനെ പിടികൂടിയിരുന്നു. വിമലിന്റെയും മന്‍സൂറിന്റെയും പേരിലും കേസുകളുണ്ട്.
റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ടീം അന്വേഷണം നടത്തുന്നതിനിടയിലാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ കോഴിക്കോട് പൂവാട്ടുപറമ്പില്‍ നിന്നും പിടികൂടിയത്. ഇവര്‍ ഇതിനു മുമ്പും കൂറിയര്‍ വഴി കഞ്ചാവ് അയച്ചിട്ടുണ്ടെന്നാണ് സൂചന. കഞ്ചാവ് സംഘത്തിന്റെ ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നുണ്ട്.
കിലോഗ്രാമിന് രണ്ടായിരം മുതല്‍ മുവായിരം രൂപ വരെ നല്കി ആന്ധ്രയില്‍ നിന്ന് കഞ്ചാവ് വാങ്ങി 25000-30000 രൂപയ്ക്കാണ് കേരളത്തില്‍ വില്‍പ്പന നടത്തുന്നത്. ആന്ധ്രയിലെ പഡേരു ഗ്രാമത്തില്‍ നിന്നുമാണ് കേരളത്തിലേക്ക് കൂടുതലായും കഞ്ചാവ് എത്തുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ റൂറല്‍ പോലീസ് 500 കിലോയിലേറെ കഞ്ചാവാണ് പിടികൂടിയത്.
എ.എസ്.പി അനുജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ ആര്.രഞ്ജിത്, എ.എസ്.ഐ ജയചന്ദ്രന്, എസ്.സി.പി.ഒമാരായ കെ.എ നൗഷാദ്, അബ്ദുള്‍ മനാഫ് (കുന്നത്തുനാട്), എം.ബി.സുബൈര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതുള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.
Content Highlights: ganja smuggling through courier service three more accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..