പിടിച്ചെടുത്ത കഞ്ചാവ്, ഇൻസെറ്റിൽ അറസ്റ്റിലായ ഫാസിൽ, ഷാഹിദ്, നൗഫൽ എന്നിവർ
പാലക്കാട്: ആന്ധ്രാപ്രദേശില്‍നിന്ന് ചരക്കുലോറിയില്‍ മലപ്പുറം കോട്ടയ്ക്കലിലേക്ക് കഞ്ചാവ് കടത്തിയ മൂന്നുയുവാക്കളെ വാളയാറില്‍ എക്‌സൈസ് സംഘം പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന ലോറിയുടെ മുകളില്‍ ഒളിപ്പിച്ചിരുന്ന 170 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.
തിരൂര്‍ കോട്ടയ്ക്കല്‍ സ്വദേശികളായ പാറമ്മല്‍വീട്ടില്‍ പി. നൗഫല്‍ (33), കോങ്ങാടന്‍ വീട്ടില്‍ കെ. ഫാസില്‍ ഫിറോസ് (28), പാലപ്പുറം കല്ലേകുന്നന്‍വീട്ടില്‍ ഷാഹിദ് (27) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് വാളയാറില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസ് ക്രൈംബ്രാഞ്ച് സി.ഐ. ആര്‍.എല്‍. ബൈജുവിന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് ഉത്തരമേഖലാ സ്‌ക്വാഡും തൃശ്ശൂര്‍ എക്സൈസ് രഹസ്യാന്വേഷണ വിഭാഗവും വാളയാര്‍ എക്സൈസ് ചെക്‌പോസ്റ്റ് സംഘവും സംയുക്തമായാണ് വാളയാര്‍ ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയത്. ലോറിയുടെ റൂഫ് ടോപ്പില്‍ ടാര്‍പ്പായ ഉപയോഗിച്ച് മൂടിയനിലയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
കോട്ടയ്ക്കലിന് പുറമേ, മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചില്ലറവില്പനയ്ക്കായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് അറസ്റ്റിലായ യുവാക്കള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കി.
എക്സൈസ് സി.ഐ. മുഹമ്മദ് ഹാരിഷ്, തൃശ്ശൂര്‍ ഐ.ബി. ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍, ഉത്തരമേഖലാ സ്‌കാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍, പി.ഒ. മാരായ കെ.ജെ. ലോനപ്പന്‍, കെ.എസ്. ഷിബു, കെ.ആര്‍. രാമകൃഷ്ണന്‍, വാളയാര്‍ ചെക്‌പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ്, പി.ഒ. മാരായ മുഹമ്മദ് ഷെരീഫ്, അജിത്ത് കുമാര്‍, സനല്‍, പ്രബിന്‍, കെ. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. അറസ്റ്റിലായ യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്‌കൂട്ടറില്‍ കഞ്ചാവുമായെത്തിയ യുവാവ് എക്‌സൈസുകാരെ ഇടിച്ചിട്ട് രക്ഷപ്പെട്ടു
മുതലമട: സ്‌കൂട്ടറില്‍ കഞ്ചാവുമായെത്തിയ യുവാവ്, വാഹനം തടഞ്ഞ എക്‌സൈസുകാരെ ഇടിച്ച് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടിമറഞ്ഞു. സംഭവത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി.എം. ഷാനവാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജി. അഖില്‍ എന്നിവര്‍ക്ക് സ്‌കൂട്ടര്‍ ഇടിച്ച് കാല്‍മുട്ടിനുമുകളില്‍ പരിക്കേറ്റു. പള്ളം പള്ളിമൊക്ക് വീട്ടില്‍ എ. ഷാഹിറാണ് (22) ഇടിച്ചതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. ബാലസുബ്രഹ്‌മണ്യം പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പള്ളം പള്ളിമൊക്ക് പള്ളിയുടെ മുന്‍വശത്ത് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. സ്‌കൂട്ടറില്‍നിന്ന് 1.1 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. പരിക്കേറ്റവര്‍ മുതലമട കുടുംബാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി.
പരിശോധനയില്‍ എ. അബ്ദുല്‍ കലാം, കെ. വെള്ളക്കുട്ടി, കെ. പുഷ്‌കരന്‍, എസ്. സാഹിറ, എച്ച്. ഷെയ്ഖ് ബീവി, ഡി. മുജീബ് റഹ്‌മാന്‍ എന്നിവരും പങ്കെടുത്തു.
Content Highlights: ganja seized in walayar checkpost
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..