നെല്ലിക്കുന്നത്ത് കഞ്ചാവുമായി പിടിയിലായ ഗോകുൽ, വിഷ്ണു, അരുൺ അജിത്ത് എന്നിവർ(ഇടത്ത്) പെരുങ്കുളത്ത് പിടിയിലായ ബിജുകുമാറും സുഭാഷും(വലത്ത്)
കൊട്ടാരക്കര: കൊല്ലം റൂറല്‍ ജില്ലയില്‍ പോലീസിന്റെ കഞ്ചാവുവേട്ടയില്‍ രണ്ടു സംഘങ്ങള്‍ പിടിയിലായി. 7.83 കിലോ കഞ്ചാവ് പിടികൂടുകയും കുപ്രസിദ്ധ കുറ്റവാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലാകുകയും ചെയ്തു. ജില്ലയിലെ പ്രധാന കഞ്ചാവ് വ്യാപാരികളായ ചക്കുപാറ പ്ലാംകീഴില്‍ ചരുവിളവീട്ടില്‍ വിഷ്ണു (27), വല്ലം ശ്രീകൃഷ്ണമന്ദിരത്തില്‍ അരുണ്‍ അജിത്ത് (25), ചക്കുപാറ കോളനിയില്‍ ഗോകുല്‍ (18) എന്നിവരാണ് ആദ്യ ഓപ്പറേഷനില്‍ പിടിയിലായത്.
നെല്ലിക്കുന്നത്ത് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ കടന്ന സംഘത്തെ പോലീസ് പിന്തുടര്‍ന്നു ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. മൂന്നുകിലോ 750 ഗ്രാം കഞ്ചാവ് പിടികൂടി. പെരുങ്കുളത്തായിരുന്നു രണ്ടാം ഓപ്പറേഷന്‍. കഞ്ചാവുകേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള പെരുങ്കുളം കളീലുവിള വിശാഖത്തില്‍ ബിജുകുമാര്‍ (മണിക്കുട്ടന്‍-49), തലവൂര്‍ കുരാ സുഭാഷ് ഭവനില്‍ സുഭാഷ് (40) എന്നിവരാണ് ഡാന്‍സാഫ് ടീമിന്റെ പിടിയിലായത്. 2.13 കിലോ കഞ്ചാവ് ഇവരില്‍നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ നവംബറില്‍ ഏഴുകിലോ കഞ്ചാവുമായി ബിജുകുമാറിനെ ഡാന്‍സാഫ് ടീം പിടികൂടിയിരുന്നു. വാളയാര്‍ ചെക്പോസ്റ്റില്‍ കഞ്ചാവുമായി പിടിയിലായ സുഭാഷ് രണ്ടുവര്‍ഷമായി ജയിലിലായിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ വീണ്ടും കഞ്ചാവുകച്ചവടം നടത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.
ആദ്യ സംഘത്തില്‍പ്പെട്ട വിഷ്ണു, അരുണ്‍ അജിത്ത് എന്നിവര്‍ സ്ഥിരം കുറ്റവാളികളാണ്. കാപ്പ നിയമപ്രകാരം ജയിലിലായ വിഷ്ണു മൂന്നുമാസംമുമ്പാണ് പുറത്തിറങ്ങിയത്. കുന്നിക്കോട്, കൊട്ടാരക്കര, പുനലൂര്‍, കോട്ടയം, പാലാ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകം, നരഹത്യാശ്രമം, കൂട്ടക്കവര്‍ച്ച, പിടിച്ചുപറി, കള്ളനോട്ട്, അടിപിടി കേസുകളില്‍ പ്രതിയാണ് വിഷ്ണു. പുത്തൂര്‍, കൊട്ടാരക്കര, ആലുവ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, കഞ്ചാവ്, പിടിച്ചുപറി കേസുകളില്‍ പ്രതിയാണ് അരുണ്‍ അജിത്ത്. അന്തസ്സംസ്ഥാന മയക്കുമരുന്നു സംഘങ്ങളുമായി ബന്ധമുള്ള ഇവരെ നാളുകളായി പോലീസ് തിരയുകയായിരുന്നു.
കൊട്ടാരക്കര എസ്.എച്ച്.ഒ. വി.എസ്.പ്രശാന്ത്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. കെ.എസ്.ദീപു, എസ്.ഐ.മാരായ ബാലാജി എസ്.കുറുപ്പ്, സുദര്‍ശനന്‍, സി.പി.ഒ.മാരായ സലില്‍, ഷിബു കൃഷ്ണന്‍, നഹാസ്, സഹില്‍, ജയേഷ് തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് ആദ്യ ഓപ്പറേഷനില്‍ പങ്കാളികളായത്. കൊട്ടാരക്കര ഇന്‍സ്‌പെക്ടര്‍ക്കൊപ്പം റൂറല്‍ ഡാന്‍സാഫ് എസ്.ഐ. എ.അനീഷ്, എസ്.ഐ. അനില്‍ കുമാര്‍, എ.എസ്.ഐ. രാധാകൃഷ്ണപിള്ള, കൊട്ടാരക്കര എസ്.ഐ. ഗോപകുമാര്‍, എസ്.ഐ. രാജന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് രണ്ടാം ഓപ്പറേഷന്‍ നടത്തിയത്. അന്വേഷണം തുടരുമെന്ന് അഡീ. എസ്.പി. ജെ.സന്തോഷ് കുമാര്‍, ഡിവൈ.എസ്.പി. ജി.ഡി.വിജയകുമാര്‍ എന്നിവര്‍ പറഞ്ഞു.
Content Highlights: ganja sales gangs arrested in kollam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..