പ്രതീകാത്മക ചിത്രം
മൈസൂരു: നഗരത്തിലെ വൊണ്ടിക്കൊപ്പലില്‍ ഗുണ്ടയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. കാളിദാസ റോഡില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വൊണ്ടിക്കൊപ്പല്‍നിവാസിയായ ചന്ദ്രു (45) ആണ് കൊല്ലപ്പെട്ടത്. റോഡില്‍ പരിചയക്കാരനായ തയ്യല്‍ക്കാരനുമായി സംസാരിക്കുന്നതിനിടെ ആറംഗസംഘമെത്തി ചന്ദ്രുവിനെ ആക്രമിക്കുകയായിരുന്നു. തലയിലും അടിവയറിലും ഒന്നിലധികം വെട്ടേറ്റ ചന്ദ്രുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2008-ലെ ഹുന്‍സൂര്‍ ഇരട്ടക്കൊലക്കേസിലും 2016-ലെ പടുവരഹള്ളി ദേവു കൊലപാതകക്കേസിലും പ്രതിയായിരുന്നു ചന്ദ്രു. ഇരുകേസുകളിലും കുറ്റവിമുക്തനാക്കപ്പെട്ടതിനെത്തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ചന്ദ്രു ജയിലില്‍ നിന്നിറങ്ങിയത്. ഇതിനുശേഷം വൊണ്ടിക്കൊപ്പലില്‍ ഭക്ഷണശാല നടത്തുന്ന ഭാര്യ ശില്‍പ്പയെ സഹായിക്കുകയായിരുന്നു.
അതേസമയം, പ്രതികളെ പിടികൂടാന്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ നാല് സംഘങ്ങള്‍ രൂപവത്കരിച്ചു. ദേവരാജ, നരസിംഹരാജ, വിജയനഗര്‍, സിറ്റി ക്രൈംബ്രാഞ്ച് എന്നീ അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് സംഘങ്ങള്‍. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്താല്‍ പ്രതികളില്‍ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ബന്ധുക്കളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. സിറ്റി പോലീസ് കമ്മിഷണര്‍ രമേഷ് ബാനോത്തിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. വി.വി. പുരം പോലീസ് കേസെടുത്തു.
Content Highlights: gangster killed in mysuru


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..