ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ ജയിലിൽനിന്ന് കൊണ്ടുപോകുന്നു (File) | ഫോട്ടോ: പി.ടി.ഐ.
അഹമ്മദാബാദ്: യു.പി. പോലീസ് തന്നെ കൊലപ്പെടുത്തുമെന്ന് ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ എം.പി.യുമായ ആതിഖ് അഹമ്മദ്. ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് ഉത്തര്‍പ്രദേശ് പോലീസ് സംഘം പ്രയാഗ് രാജിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പായിരുന്നു ആതിഖിന്റെ പ്രതികരണം.
'കൊല്ലപ്പെടും, കൊല്ലപ്പെടും' എന്നാണ് ആതിഖ് അഹമ്മദ് ജയിലിന് പുറത്തുവെച്ച് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്. തനിക്ക് അവരുടെ പദ്ധതിയറിയാമെന്നും അവര്‍ക്ക് തന്നെ കൊല്ലുകയാണ് വേണ്ടതെന്നും ആതിഖ് പറഞ്ഞു.
ഞായറാഴ്ചയാണ് ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് ആതിഖ് അഹമ്മദിനെ യു.പി. പോലീസ് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോയത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വൈകിട്ട് ആറുമണിയോടെ കനത്ത സുരക്ഷയിലാണ് പ്രതിയെ പുറത്തിറക്കിയത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയായ ആതിഖിനെ ചൊവ്വാഴ്ചയാണ് പ്രയാഗ് രാജിലെ കോടതിയില്‍ ഹാജരാക്കേണ്ടത്.
മുന്‍ എം.പി.യും എം.എല്‍.എ.യുമായ ആതിഖ് അഹമ്മദ് നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005-ല്‍ ബി.എസ്.പി. എം.എല്‍.എ. രാജുപോള്‍ കൊല്ലപ്പെട്ട കേസിലും ആതിഖിനെതിരേ ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ കേസിലെ സാക്ഷിയായ ഉമേഷ് പാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിലും ആതിഖിന് പങ്കുണ്ടെന്നാണ് ആരോപണം.
2019-ല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. അതേസമയം, ഉമേഷ്പാല്‍ കൊലക്കേസില്‍ തനിക്ക് പങ്കില്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും അവകാശപ്പെട്ട് ആതിഖ് അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. യു.പി. പോലീസ് വ്യാജ ഏറ്റമുട്ടലിലൂടെ തന്നെ വധിക്കുമെന്നും തനിക്ക് സുരക്ഷ നല്‍കണമെന്നും ഇയാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: gangster atiq ahmed says up police may kill him
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..