പ്രതീകാത്മക ചിത്രം | Getty Images
ലക്‌നൗ: അയോധ്യയില്‍ പതിനഞ്ചുകാരിയെ അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പരാതി. പെൺകുട്ടി പഠിക്കുന്ന സ്വകാര്യ സ്‌കൂളിലെ അധ്യാപകർ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്ന് മൃതദേഹം താഴേക്കെറിഞ്ഞെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. സ്കൂളിന്‍റെ പ്രധാനാധ്യാപിക അടക്കമുള്ളവർക്കെതിരേ അയോധ്യ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സ്വകാര്യ സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന 15 വയസ്സുള്ള മകളെ അധ്യാപകർ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്‍റെ പരാതി. തുടര്‍ന്ന് സ്‌കൂളിന്റെ മുകള്‍ നിലയില്‍നിന്ന് മൃതദേഹം താഴേക്കെറിഞ്ഞെന്നും പരാതിയിലുണ്ട്. എന്നാല്‍, ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന കാര്യം ഉറപ്പാക്കാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സ്‌കൂളിന്റെ ടെറസില്‍നിന്ന് വിദ്യാര്‍ഥിനി വീണെന്നും അധ്യാപകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെന്നും അറിയിച്ച് സ്‌കൂള്‍ അധികൃതര്‍ വെള്ളിയാഴ്ച രാവിലെ ബന്ധപ്പെട്ടിരുന്നതായി അയോധ്യ സിറ്റി പോലീസ് പറയുന്നു. തുടര്‍ന്ന് ചികിത്സയ്ക്കിടെ വിദ്യാര്‍ഥിനി മരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയാണ്. സി.സി.ടി.വി., ഫോണ്‍ കോള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിക്കും. സ്‌കൂള്‍ അധ്യാപകരെയും സ്റ്റാഫ് അംഗങ്ങളെയും എഫ്.ഐ.ആറില്‍ ഉൾപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നതായി പറയുന്നില്ല. തലയ്ക്കും തുടയെല്ലിനും മാരകമായ പരിക്കേറ്റതായും ശരീരത്തില്‍ ചില മുറിവുകളുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. ഇവ വീഴ്ചയുടെ ആഘാതത്തില്‍ സംഭവിച്ചിരിക്കാമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അവധി ദിവസമായ വെള്ളിയാഴ്ച മകളെ സ്‌കൂളിലേക്ക് പ്രധാനാധ്യാപിക വിളിച്ചുവരുത്തുകയായിരുന്നെന്നും മരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിക്കുന്നു.
Content Highlights: gang rape, murder, minor student, ayodhya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..