പ്രതീകാത്മക ചിത്രം/മാതൃഭൂമി
കുമ്പനാട്(പത്തനംതിട്ട): നാഷണല്‍ ക്ലബ്ബിലെ ചൂതാട്ടംപിടികൂടാന് പോലീസ് നടത്തിയ റെയ്ഡിനിടെ മതില്‍ചാടി ഓടിയത് എസ്.ഐ എന്ന് സംശയം. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇയാളുെട വിവരങ്ങള്‍ അന്വേഷണസംഘത്തിന് കിട്ടിയതായാണ് സൂചന. റെയ്ഡില്‍ കൊല്ലം സ്വദേശിയായ സിവില്‍ പോലീസ് ഓഫീസര്‍ പിടിയിലായിരുന്നു.
അതേസമയം ചീട്ടുകളിച്ച സംഘത്തെ സാഹസികമായി പിടികൂടിയെങ്കിലും എല്ലാത്തിനും ഒത്താശ ചെയ്തുനല്കിയ ക്ലബ്ബിലെ ഉന്നതരെ തൊടാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇവരുടെ ഉന്നത രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ പിന്തുണയുമാണ് കാരണം. ക്ലബ്ബിലെ അംഗങ്ങളായ ഉന്നതര്‍ക്ക് പല രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പല പോലീസ് ഉദ്യോഗസ്ഥരും ഇവിടത്തെ നിത്യസന്ദര്‍ശകരാണെന്ന പരാതിയും പല തവണയായി ഉയര്‍ന്നതാണ്. ശനിയാഴ്ച ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം നടത്തിയ മിന്നല്‍പ്പരിശോധനയില്‍ ഈ ബന്ധം വ്യക്തമായി.
പരിശോധനയുടെ വിവരങ്ങള്‍ നല്കിയാല് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചോര്‍ത്തി നല്‍കുമെന്ന സംശയത്തില്‍ അതീവ രഹസ്യമായിട്ടായിരുന്നു എസ്.പി.യുടെ നീക്കം. പോലീസ് സംഘം ക്ലബ്ബിന്റെ ഗേറ്റ് കടന്നെത്തിയപ്പോള്‍ പരിസരത്ത് ആംഡംബര വാഹനങ്ങളില്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. ഇവരില്‍ പലരും ചൂതാട്ടത്തിനും മദ്യ സല്‍ക്കാരത്തിനും എത്തിയവരാണെന്നാണ് പോലീസ് പറയുന്നത്. എത്തിയത് പോലീസ് സംഘമാണെന്ന് തുടക്കത്തില്‍ ഇവര്‍ക്ക് മനസ്സിലായില്ലെങ്കിലും അപ്രതീക്ഷിത നീക്കം കണ്ട് പലരും ഓടിരക്ഷപ്പെട്ടു.
ക്ലബ്ബില്‍ അംഗത്വഫീസായി ഒരുലക്ഷം രൂപയാണ് ഈടാക്കുന്നത്. ഇങ്ങനെ അംഗമാകുന്നവരെ ക്ലബ്ബിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തും. നിരന്തരം പരാതി ഉയര്‍ന്നിരുന്ന പശ്ചാത്തലമുള്ള ക്ലബ്ബ് ഗ്രൂപ്പില്‍ സര്‍വീസിലിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇതിലൊന്നും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല.
മിക്ക ദിവസങ്ങളിലും ക്ലബ്ബ് കേന്ദ്രീകരിച്ച് മദ്യസല്‍ക്കാരവും ചൂതാട്ടവും നടക്കാറുണ്ടെന്ന് ചില അംഗങ്ങള്‍ തന്നെ സമ്മതിക്കുന്നു. ചൂതാട്ടം തുടങ്ങിയ സമയമായതിനാലാണ് 10 ലക്ഷം രൂപയായതെന്നും ഇതിന്റെ പല മടങ്ങ് പണമിറക്കി മത്സരങ്ങള്‍ പതിവാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മദ്യവില്പ്പനയ്ക്കുള്ള ലൈസന്‍സ് ലഭിക്കാന്‍ ക്ലബ്ബ് നേതൃത്വം പലവട്ടം ശ്രമിച്ചെങ്കിലും ജില്ലയില്‍നിന്നുള്ള ചില ജനപ്രതിനിധികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഈ നീക്കം പരാജയപ്പെട്ടത്. ക്ലബ്ബിലെ ഭരണസമിതി അംഗങ്ങള്‍ക്കിടയിലുള്ള വിഭാഗീയതയാണ് റെയ്ഡില്‍ കലാശിച്ചതെന്നും സൂചനയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..