ആതിര, പ്രതി മൃതദേഹം ഉപേക്ഷിച്ച വനത്തിൽ പോലീസ് പരിശോധന നടത്തുന്നു | Screen grab- Mathrubhumi news
തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവതിയെ സുഹൃത്ത് കൊന്ന് വനത്തില്‍ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു. യുവതിയെ കൊലപ്പെടുത്തി തുമ്പൂര്‍മുഴി വനത്തില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.
കാലടി പോലീസാണ് കേസന്വേഷിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഖില്‍ മൃതദേഹം ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയത്.
ഏപ്രില്‍ 29 മുതല്‍ ആതിരയെ കാണാനില്ലായിരുന്നു. ഇതോടെ ഭര്‍ത്താവും വീട്ടുകാരും പോലീസില്‍ പരാതി നല്‍കി. യുവതിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് അഖില്‍ എന്ന സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചു. അങ്കമാലിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കാരാണ് ഇരുവരും.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഖിലുമൊത്ത് ആതിര കാറില്‍ കയറിപ്പോകുന്നത് ചിലര്‍ കണ്ടതായി വിവരം ലഭിച്ചു. അഖിലിനെ ചോദ്യം ചെയ്തതില്‍നിന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. ഷോള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊന്നുവെന്ന് അഖില്‍ മൊഴി നല്‍കി.
ആതിരയില്‍നിന്ന് സ്വര്‍ണവും പണവും ഉള്‍പ്പെടെ അഖില്‍ കടം വാങ്ങിയിരുന്നു. ഇത് ആതിര തിരികെ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. തുടര്‍ന്ന് പെണ്‍കുട്ടിയെ തുമ്പൂര്‍മുഴിയിലെത്തിച്ച് ഷാള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി തുമ്പൂര്‍മുഴി വനത്തില്‍ ഉപേക്ഷിച്ചെന്നാണ് സൂചന.
Content Highlights: friend killed the young woman and left her in the forest, thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..