റാഹിൽ
തൃശ്ശൂര്‍: പ്രശസ്ത ജൂവലറികളിലേക്ക് ഫോണില്‍ വിളിച്ച് വലിയ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണെന്ന് പരിചയപ്പെടുത്തി സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുക്കുന്നയാള്‍ അറസ്റ്റിലായി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേപ്പുരയില്‍ വീട്ടില്‍ റാഹില്‍ (28) ആണ് തൃശ്ശൂര്‍ സിറ്റി കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പോലീസിന്റെ പിടിയിലായത്. തൊഴിലാളികള്‍ക്ക് നല്‍കാന്‍ സ്വര്‍ണനാണയങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് പിന്നീട് ജൂവലറികളിലെത്തുന്ന ഇയാള്‍ കമ്പനിയുടെ ജീവനക്കാര്‍ക്ക് സമ്മാനം നല്‍കാന്‍ ഒരു പവന്റെ നാണയങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. തുടര്‍ന്ന് സമീപത്തെ സ്റ്റാര്‍ ഹോട്ടലിലേക്ക് എത്തിക്കാനും പറയും. ഹോട്ടലിലെത്തുന്ന ജൂവലറി ജീവനക്കാരെ കബളിപ്പിച്ച് നാണയങ്ങള്‍ തട്ടിയെടുത്തു മുങ്ങുകയാണ് രീതി.
മറ്റൊരു തട്ടിപ്പിന് പദ്ധതി തയ്യാറാക്കവേ കോഴിക്കോട് ആഡംബര ഹോട്ടലില്‍നിന്നാണ് പ്രതി പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണിയാളെന്ന് പോലീസ് പറയുന്നു.
നവംബര്‍ ഏഴിന് തൃശ്ശൂര്‍ നഗരത്തിലെ ജൂവലറിയിലേക്ക് വിളിച്ച് റാഹില്‍ ഒരു പവന്റെ ഏഴ് നാണയങ്ങള്‍ ഓര്‍ഡര്‍ചെയ്ത് തട്ടിപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് ജൂവലറി ജീവനക്കാര്‍ തൃശ്ശൂര്‍ ഈസ്റ്റ് പേലീസില്‍ പരാതി നല്‍കി.
2019-ല്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പുകേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്ന റാഹില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ജയില്‍മോചിതനായത്. തുടര്‍ന്നാണ് സ്വര്‍ണനാണയങ്ങളും വിലപിടിച്ച മൊബൈല്‍ ഫോണുകളും തട്ടിയെടുക്കുന്ന പുതിയ രീതിയുമായി ഇറങ്ങിയത്
നവംബര്‍ രണ്ടിന് എറണാകുളം വൈറ്റിലയിലുള്ള മൊബൈല്‍ഷോപ്പില്‍ നിന്ന് സമാനമായ രീതിയില്‍ പത്തുലക്ഷം രൂപയുടെ ഐഫോണുകള്‍, വാച്ച് എന്നിവ തട്ടിയെടുത്തതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഒക്ടോബര്‍ 10-ന് കോഴിക്കോട് ഹോട്ടലില്‍ താമസിച്ച് അരലക്ഷം രൂപയും വിലകൂടിയ മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസുമുണ്ട്.
മലപ്പുറം വാഴക്കോട്, എറണാകുളത്തെ മരട്, അങ്കമാലി, മുളവുകാട് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന്‍, കോഴിക്കോട് ചേലാവൂര്‍ എന്നിവിടങ്ങളില്‍ റാഹിലിന്റെ പേരില്‍ തട്ടിപ്പുകേസുകള്‍ ഉണ്ട്. തൃശ്ശൂര്‍ ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ എ.ആര്‍. നിഖില്‍, കെ. ഉണ്ണികൃഷ്ണന്‍, ഷാഡോ പോലീസ് എസ്. ഐ. മാരായ എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, പി. രാഗേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.എസ്. ലിഗേഷ്, കെ.ബി. വിപിന്‍ദാസ്, എന്നിവരുള്‍പ്പെടുന്ന അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.
പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം, ആഡംബര ജീവിതം
തൃശ്ശൂര്‍: വിവിധ ജ്വല്ലറികളില്‍നിന്ന് തട്ടിയെടുത്ത ഏഴു പവന്റെ സ്വര്‍ണനാണയങ്ങള്‍ റാഹില്‍ പല ജില്ലകളിലെ ജ്വല്ലറികളിലാണ് വിറ്റഴിച്ചിരിക്കുന്നത്. ഇതുകൊണ്ട് നേടിയ ആറേകാല്‍ ലക്ഷം രൂപ കഴിഞ്ഞ രണ്ടു മാസം കൊണ്ട് ഇയാള്‍ ചെലവഴിച്ചു.
താമസിച്ചിരുന്നത് മുംബൈ താജ് റസിഡന്‍സി, ബെംഗളൂരു മാരിയറ്റ് ഹോട്ടല്‍ എന്നിവിടങ്ങളിലായിരുന്നു. ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും മാത്രം മുപ്പതിനായിരം രൂപയാണ് ചെലവഴിച്ചിരുന്നത്. കൊച്ചിയില്‍നിന്നും കണ്ണൂരില്‍ നിന്നും മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് വിമാനത്തിലാണ് സഞ്ചരിച്ചിരുന്നത്. എപ്പോഴും ടാക്‌സിയില്‍ മാത്രമാണ് യാത്രചെയ്തിരുന്നത്.
വിലകൂടിയ ബ്രാന്റ്ഡ് ഡ്രസ്സുകളും ചെരിപ്പുകളും ഷൂകളും മാത്രമാണ് ഉപയോഗിച്ചിരുന്നത്. ആയിരങ്ങള്‍ വിലവരുന്ന സൗന്ദര്യവര്‍ധക വസ്തുക്കളും സുഗന്ധലേപനങ്ങളും പ്രതി താമസിച്ചിരുന്ന മുറി പരിശോധിച്ചപ്പോള്‍ കണ്ടെടുത്തതായി പോലീസ് പറയുന്നു
Content Highlights: Fraud in jewelery in the name of company MD, luxurious life, spent six and a half lakhs in one month
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..