പ്രതീകാത്മക ചിത്രം
കോഴിക്കോട് : ഡോക്ടർ ചമഞ്ഞ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുറച്ചുകാലമായി വിലസുന്ന യുവാവ് പിടിയിൽ. മുക്കം ചേന്നമംഗലൂർ ചേന്നാംകുന്നത്ത് വീട്ടിൽ സി.കെ. അനൂപിനെ (29) യാണ് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരാണ് പിടികൂടിയത്. ഡ്യൂട്ടി മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് പോലീസിന് പരാതി നൽകിയതിനെത്തുടർന്ന് പോലീസ് ആശുപത്രിയിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
സുരക്ഷാജീവനക്കാരായ കെ. സജിൻ, ഇ. ഷാജി എന്നിവർ വാർഡുകളിൽ നിരീക്ഷണം നടത്തവേ 36-ാം വാർഡിനടുത്താണ് അനൂപിനെ കണ്ടത്. വാർഡുകളിലും ഒ.പി.കളിലും സ്റ്റെതസ്കോപ്പും വെള്ളക്കോട്ടും ധരിച്ച് ഇടയ്ക്ക് ആശുപത്രിയിലെത്താറുള്ള അനൂപ് ശരിരായ ഡോക്ടറല്ല, വ്യാജനാണെന്ന് നേരത്തേ ആശുപത്രിയിലെ സുരക്ഷാജീവനക്കാർക്ക് വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം അനൂപിനെ കണ്ടാൽ പിടികൂടണമെന്ന് സർജന്റ് പി. സാഹിർ നേരത്തേ നിർദേശം നൽകിയിരുന്നു.
അനൂപിന്റെ ഫോട്ടോ ലഭിച്ചതോടെ സുരക്ഷാജീവനക്കാർ നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം ഇയാൾ എത്തിയെങ്കിലും പിടികൂടാനുള്ള നീക്കത്തിനിടെ സ്ഥലം വിട്ടു. ശനിയാഴ്ച രാത്രി അനൂപ് വീണ്ടും വാർഡ് 36-ന് അടുത്തെത്തിയത്. പിടികൂടിയപ്പോൾ ആദ്യം ഡോക്ടറാണെന്ന് പറഞ്ഞെങ്കിലും പരിശോധിച്ചപ്പോൾ തിരിച്ചറിയൽ കാർഡ് ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് വാർഡിലെ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി ഉറപ്പുവരുത്തുകയായിരുന്നു. തുടർന്ന് പോലീസെത്തി അനൂപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രണ്ടാഴ്ചയിലേറെയായി ഇയാൾ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് നടക്കുകയായിരുന്നു. മുമ്പ് 108 ആംബുലൻസിൽ ജോലിചെയ്തതിന്റെ പരിചയം ഉപയോഗിച്ചാണ് ഡോക്ടറായി മെഡിക്കൽ കോളേജിൽ വിലസാൻ തുടങ്ങിയതെന്ന് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. ഇതേരീതിയിൽ കഴിഞ്ഞയാഴ്ച മെഡിക്കൽ കോളേജിൽ വ്യാജ തിരിച്ചറിയൽ കാർഡും വെള്ളക്കോട്ടുമായി ആശുപത്രിയിലെത്തി തട്ടിപ്പുനടത്തിയ യുവതിയെ മെഡിക്കൽ കോളേജ് അധികൃതർ പോലീസിന് കൈമാറിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..