അൻജിത്ത്, സൂര്യൻ, വിപിൻ, ആദിഷ്
കോട്ടയം: ആക്രിപെറുക്കി ഉപജീവനം നടത്തുന്ന ഇതരസംസ്ഥാന ദമ്പതിമാരെ മാരകായുധങ്ങളും കല്ലുകളുമായി ആക്രമിച്ച് സാധനങ്ങള്‍ തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. കോട്ടയം വേളൂര്‍ മാണിക്കുന്നം പുതുവാക്കല്‍ വീട്ടില്‍ അന്‍ജിത്ത് പി.അനില്‍ (22), കോട്ടയം താഴത്തങ്ങാടി പള്ളിക്കോണം കാവുങ്കല്‍പറമ്പ് വീട്ടില്‍ സൂര്യന് എസ്.(23), വേളൂര്‍ പനച്ചിത്തറ വീട്ടില്‍ വിപിന്‍ ജോസഫ് ഫിലിപ്പ്(22), വേളൂര്‍ പുറക്കടമാലിയില്‍ ആദിഷ് പി.എ.(20) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതിമാരെയാണ് ആക്രമിച്ചത്.
വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം ഇവരുടെ ആക്രി സാധനങ്ങള്‍വെയ്ക്കുന്ന സ്ഥലത്ത് പ്രതികള്‍ സംഘംചേര്‍ന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയത് വീട്ടുടമസ്ഥനെ അറിയിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞദിവസം രാത്രിയോടെ ദമ്പതിമാരുടെ വീട്ടിലെത്തിയ പ്രതികള്‍ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് മടങ്ങി.
പിന്നീട് അര്‍ധരാത്രിയോടെ തിരിച്ചെത്തിയ അക്രമികള്‍ വീട്ടില്‍കയറി, വാക്കത്തിയും കല്ലുകളും ഉപയോഗിച്ച് ദമ്പതിമാരെ മര്‍ദിക്കുകയും ജനല്‍ചില്ലുകളും ഫര്‍ണിച്ചറും അടിച്ചുതകര്‍ക്കുകയും ചെയ്തശേഷം ഇവരുടെ ആക്രി സാധനങ്ങള്‍ തീയിട്ടുനശിപ്പിക്കുകയുമായിരുന്നു. സമീപവാസികളെത്തിയതോടെ അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ദമ്പതിമാരുടെ പരാതിയില്‍ കേസെടുത്ത് കോട്ടയം വെസ്റ്റ് പോലീസ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന അക്രമികളെ പിടികൂടിയത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Content Highlights: four youths arrested for attacking migrant labour couple at kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..