Photo: twitter.com/iShekhab
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സമീപവാസിയെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സമീപത്തെ വയലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മൃതദേഹം ഉപേക്ഷിക്കാനായി ഇയാളെ സഹായിച്ച സുഹൃത്തും പിടിയിലായിട്ടുണ്ട്.
അച്ഛന്‍ മരിക്കുകയും അമ്മ വീട് വിട്ടിറങ്ങുകയും ചെയ്തതോടെ ഒറ്റപ്പെട്ട പെണ്‍കുട്ടിയെ പിടിയിലായ ആളുടെ ഭാര്യയാണ് പോറ്റിവളര്‍ത്തിയിരുന്നത്. ഏതാനുംമാസങ്ങളായി ഇവരുടെ വീട്ടിലായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇതിനിടെ ഇയാള്‍ പലതവണ കുട്ടിയെ ഉപദ്രവിച്ചിരുന്നതായും ശനിയാഴ്ച ബലാത്സംഗശ്രമം ചെറുത്തതോടെയാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഇയാളും ഭാര്യയും പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും ഇവരുടെ വീട്ടില്‍നിന്ന് മൂന്നു കിലോ മീറ്റര്‍ അകലെയുള്ള വയലില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കേസില്‍ ഈ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴികളിലെ വൈരുദ്ധ്യവും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ശനിയാഴ്ച വൈകിട്ട് മുതല്‍ മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നായിരുന്നു പ്രതിയുടെ മൊഴി. ഇതിനിടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറയും കണ്ടെത്തി. മാത്രമല്ല, പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ഇയാളും സുഹൃത്തും ഒരു ചാക്കുമായി സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് നാലുവയസ്സുകാരിയെ ഇയാൾതന്നെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.
മൊബൈല്‍ ഫോണ്‍ ഷോപ്പുടമയായ ഇയാൾക്കു പെണ്‍കുട്ടിയെ സ്വന്തംവീട്ടില്‍ നിര്‍ത്തുന്നതിനോട് എതിര്‍പ്പായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ ചെലവ് കൂടി താന്‍ വഹിക്കേണ്ടിവരുന്നതാണ് ഇയാളെ ചൊടിപ്പിച്ചത്. ഇതിനാല്‍തന്നെ നാലു വയസ്സുകാരിയെ ഉപദ്രവിക്കുന്നതും മോശമായി പെരുമാറുന്നതും പതിവായിരുന്നു.
ശനിയാഴ്ച രാവിലെ ഭാര്യയെയും മകനെയും പ്രതി മൊബൈല്‍ ഫോണ്‍ ഷോപ്പിലേക്ക് പറഞ്ഞുവിട്ടു. മകളോട് തൊട്ടടുത്ത കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിവരാനും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇയാള്‍ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ 'അങ്കിള്‍' ഉപദ്രവിക്കാന്‍ ശ്രമിച്ചത് എല്ലാവരോടും പറയുമെന്ന് പെണ്‍കുട്ടി ഇയാളോട് പറഞ്ഞു. ഇതോടെ പ്രതി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടി ബഹളംവെച്ചതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. മരിച്ചെന്ന് ഉറപ്പാക്കിയതോടെ മൃതദേഹം വീട്ടിലെ പൂജാമുറിയിലേക്ക് മാറ്റി. മണിക്കൂറുകളോളം മൃതദേഹം ഇവിടെയാണ് ഒളിപ്പിച്ചത്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം ചാക്കില്‍ക്കെട്ടി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോകുകയും മൂന്നു കിലോമീറ്റര്‍ അകലെയുള്ള വയലില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
കൊല്ലപ്പെട്ട നാലു വയസ്സുകാരിയുടെ അച്ഛന്‍ അമിതമായ മദ്യപാനം കാരണം കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. ഇതോടെ അയല്‍ക്കാരുടെ സഹായത്താലാണ് പെണ്‍കുട്ടിയും അമ്മയും കഴിഞ്ഞിരുന്നത്. എന്നാല്‍, മാസങ്ങള്‍ക്ക് മുമ്പ് അമ്മയ്ക്ക് മാനസികപ്രശ്‌നങ്ങളുണ്ടാവുകയും ഇവര്‍ വീട് വിട്ടിറങ്ങിപ്പോവുകയുമായിരുന്നു. ഇതോടെ വീട്ടില്‍ ഒറ്റപ്പെട്ട നാലു വയസ്സുകാരിയെ പിടിയിലായ ആളുടെ ഭാര്യയാണ് പോറ്റിവളര്‍ത്തിയതെന്നും കുട്ടിയെ നിയമപരമായി ദത്തെടുക്കാന്‍ ഇവര്‍ ആലോചിച്ചിരുന്നതായും പോലീസ് പറഞ്ഞു.
Content Highlights: four year old girl raped and killed in uttar pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..