പി.സി.ജോർജ്
തിരുവനന്തപുരം: തിരുവന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ പോലീസ് പി.സി. ജോർജിന് നോട്ടീസ്. ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ചാണ് ഫോര്‍ട്ട് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തൃക്കാക്കരയില്‍ പ്രചാരണത്തിന് എത്താനിരിക്കെയാണ് ഞായറാഴ്ച ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയില്‍ പോകുമെന്നും മുഖ്യമന്ത്രിക്ക് എതിരെ ഉള്‍പ്പെടെ പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ജോര്‍ജ് പറഞ്ഞിരുന്നു. അതിനിടെ, ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നതനുസരിച്ച് നാളെ തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നാല്‍ അദ്ദേഹത്തിന് തൃക്കാക്കരയിലേക്ക് പോകാന്‍ കഴിയില്ല. അത് തടയുകയെന്ന ഉദ്ദേശത്തോടെ നടക്കുന്ന രാഷ്ട്രീയ നാടകമാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്നാണ് പി.സി ജോര്‍ജ് അനുകൂലികള്‍ പറയുന്നു.
തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസിന്റെ ഭാഗമായി കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും അതിനായി ഹാജരാകണമെന്നും കാണിച്ചാണ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ഷാജി പി.സി ജോര്‍ജിന് നോട്ടീസ് അയച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് പി.സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഒപ്പം, ശാസ്ത്രീയ പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
കോടതി നല്കിയ ഉപാധികള്‍ അനുസരിച്ച് ഞായറാഴ്ച തിരുവനന്തപുരത്ത് ഹാജരായില്ലെങ്കില്‍ അത് കോടതി നിര്‍ദേശത്തിന്റെ ലംഘനമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കാനും വീണ്ടും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനും പോലീസിന് സാധിക്കും.
അതിനിടെ, കോടതിവിധി കൃത്യമായി അനുസരിക്കുമെന്നും നിയമലംഘനം നടത്തില്ലെന്നും പി.സിയുടെ മകന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..