Photo: Instagram/nagarajucricketer7
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ രഞ്ജി താരം അറസ്റ്റില്‍. 2014 മുതല്‍ 2016 വരെ ആന്ധ്ര രഞ്ജി ക്രിക്കറ്റ് ടീം അംഗമായിരുന്ന നാഗരാജു ബുദുമുരു(28)വിനെയാണ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ പേരില്‍ ഇലക്ട്രോണിക്‌സ് കമ്പനിയില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റാണെന്ന് പരിചയപ്പെടുത്തിയാണ് നാഗരാജു തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. റിക്കി ഭൂയി എന്ന ക്രിക്കറ്റ് താരത്തെ സ്‌പോണ്‍സര്‍ ചെയ്യണമെന്നായിരുന്നു ഇയാള്‍ കമ്പനി അധികൃതരോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നത്. ഇതിനായി വ്യാജ തിരിച്ചറിയല്‍ രേഖകളും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുമായി ബന്ധപ്പെട്ട രേഖകളും ഇ-മെയില്‍ വഴി അയച്ചുനല്‍കി. തുടര്‍ന്ന് കമ്പനി അധികൃതര്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി പ്രതി ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് 12 ലക്ഷം രൂപയാണ് അയച്ചത്. എന്നാല്‍ പണം നല്‍കിയിട്ടും ക്രിക്കറ്റ് ബോര്‍ഡില്‍നിന്നോ മറ്റുള്ളവരില്‍നിന്നോ പ്രതികരണമില്ലാതായതോടെ കമ്പനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പണം അയച്ചുനല്‍കിയ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൈബര്‍ക്രൈം പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്ന് ഏഴരലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
2014 മുതല്‍ 2016 ആന്ധ്ര രഞ്ജി ടീമില്‍ അംഗമായിരുന്ന നാഗരാജു ആഡംബരജീവിതം നയിക്കാനായാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. നേരത്തെ ഐ.പി.എല്‍. ടീമായ ഹൈദരാബാദ് സണ്‍റൈസേഴ്‌സിലും ഇന്ത്യന്‍ ബി ടീമിലും നാഗരാജു അംഗമായിരുന്നു. എന്നാല്‍ 2018-ല്‍ കരിയര്‍ അവസാനിച്ചതോടെ ആഡംബരജീവിതത്തിന് പണം തികയാതായി. ഇതോടെയാണ് പ്രതി സാമ്പത്തിക തട്ടിപ്പിലേക്ക് കടന്നതെന്നും നേരത്തെയും ഒട്ടേറെ തട്ടിപ്പുകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
എം.ബി.എ. ബിരുദധാരിയായ നാഗരാജു ഇതുവരെ മൂന്നുകോടി രൂപയോളം തട്ടിപ്പിലൂടെ കൈക്കലാക്കിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ അറുപതോളം കമ്പനികളാണ് മുന്‍ ക്രിക്കറ്റ് താരത്തിന്റെ തട്ടിപ്പിനിരയായത്. നേരത്തെ മന്ത്രി കെ.ടി.രാമറാവുവിന്റെ പേരിലും ബി.സി.സി.ഐ. സെലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ പേരിലും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോനിയുടെ പേരിലും പ്രതി പണം തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Content Highlights: former ranji cricketer posed as aide of andhra cm ys jaganmohan reddy arrested for money fraud
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..