വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട ഹഖ് മുഹമ്മദ്, മിഥിലാജ്, സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
വെഞ്ഞാറമൂട്: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടന്നിട്ട് ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഡി.സുനിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.
ഇത് പ്രതിപക്ഷം ആയുധമാക്കുകയാണ്. ഒരാഴ്ചയ്ക്കു മുന്‍പാണ് ഡി.സുനില്‍ 'സി.പി.ഐ. നെല്ലനാട് പഞ്ചായത്ത്' എന്ന ഫെയ്സ്ബുക്ക് പേജിലൂടെ വിവാദ പോസ്റ്റിട്ടത്. സി.പി.എം. നേതാവും എം.എല്‍.എ.യുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നല്‍കുന്ന സൂചന.
എന്നാല്‍ പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ സി.പി.ഐ.-സി.പി.എം. നേതാക്കളുടെ ഇടപെടലുണ്ടായി. തുടര്‍ന്ന് ഇത് ഡിലീറ്റ് ചെയ്തു. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും താന്‍ പറഞ്ഞതിനനുസരിച്ചാണ് പേജില്‍ പോസ്റ്റ് ഇട്ടതെന്നും ഡി.സുനില്‍ മാതൃഭൂമിയോടു പറഞ്ഞു.
കൊലപാതകം നടക്കുമ്പോള്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു സുനില്‍ പിന്നീട് സി.പി.എം. പ്രാദേശിക നേതാക്കളുമായി തെറ്റി പരസ്യപ്രസ്താവന നടത്തുകയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണില്‍ സി.പി.ഐ.യില്‍ ചേര്‍ന്നു. ഇപ്പോള്‍ സി.പി.ഐ.യുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് ഡി.സുനില്‍.
ബൈക്കില്‍ പോവുകയായിരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവര്‍ 2020 ഓഗസ്റ്റ് 30-ന് രാത്രിയില്‍ പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയില്‍ വെച്ച് വെട്ടും കുത്തുമേറ്റു കൊല്ലപ്പെടുകയായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ദിവസം നടന്ന സംഘര്‍ഷമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.
കൊലപാതകം, ഗൂഢാലോചന ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി 9 പേരെ പ്രതികളാക്കിയാണ് വെഞ്ഞാറമൂട് പോലീസ് കുറ്റപത്രം നല്‍കിയത്.
കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട രാഷ്ട്രീയ ഗൂഢാലോചനയെന്നാരോപിച്ച് സി.പി.എം. ഗൗരവത്തോടെയാണ് സംഭവം ചര്‍ച്ചാവിഷയമാക്കിയത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും 13 മന്ത്രിമാരും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുകയും ധനസഹായം നല്‍കുകയും ചെയ്തിരുന്നു.
Content Highlights: former cpm local leader facebook post about venjaramoodu double murder case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..