സഹോദരിയുടെ കൊലപാതകം: പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കി, കൂടപ്പിറപ്പിനായുള്ള ഇല്‍സയുടെ പോരാട്ടം വിജയം


ഇൽസ സ്‌ക്രോമേനെ

തിരുവനന്തപുരം: കൂടപ്പിറപ്പിനെ കൊലപ്പെടുത്തിയവരെ കണ്ടെത്താനും ശിക്ഷ വാങ്ങിനല്‍കാനും ലാത്വിയന്‍ യുവതി ഇല്‍സ സ്‌ക്രോമേനെ നടത്തിയെ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു. മറ്റൊരു ഭൂഖണ്ഡത്തിലാണ് ജീവിച്ചതെങ്കിലും കേരളത്തില്‍ നടന്ന നിയമനടപടികള്‍ക്കു പിന്നാലെതന്നെ ഇല്‍സയുണ്ടായിരുന്നു.

അന്വേഷണവും വിചാരണയുമെല്ലാം വൈകുന്ന ഘട്ടങ്ങളില്‍ ഇല്‍സയുടെ ഇടപെടലുകളുണ്ടായി. മുഖ്യമന്ത്രിയെയും ഹൈക്കോടതിയെയും ലാത്വിയന്‍ എംബസിയെയുമെല്ലാം സമീപിച്ച് നടപടികള്‍ വേഗത്തിലാക്കി. പ്രതികള്‍ കുറ്റക്കാരാണെന്നു വിധിച്ച കോടതിനടപടികള്‍ക്കു മുഴുവന്‍ സാക്ഷിയാവുകയും ചെയ്തു.

സഹോദരിയെ കാണാതായ നിമിഷം മുതല്‍ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തുന്നതു വരെയുള്ള ദിവസം വരെ ഇല്‍സ അക്ഷരാര്‍ത്ഥത്തില്‍ കണ്ണിലെണ്ണയൊഴിച്ച് കേസിനു പിന്നാലെതന്നെയുണ്ടായിരുന്നു.

2018 ഫെബ്രുവരി മൂന്നിനാണ് ലാത്വിയന്‍ സ്വദേശികളായ സഹോദരിമാര്‍ പോത്തന്‍കോട്ടെ ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലെത്തിയത്. സഹോദരിയുടെ വിഷാദരോഗത്തിനുള്ള ചികിത്സയ്ക്കായാണ് ഇവരെത്തിയത്. മാര്‍ച്ച് 14-നാണ് ഇല്‍സയുടെ സഹോദരിയെ കാണാതാവുന്നത്. ഇവരെ കോവളം ബീച്ചിനു സമീപം എത്തിച്ചതായി സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പറഞ്ഞു. ഇല്‍സയും ആയുര്‍വേദകേന്ദ്രത്തിലെ മാനേജരും ജീവനക്കാരും കോവളത്തെത്തി പരിസരപ്രദേശങ്ങളിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി.

മൃതദേഹം കണ്ടെത്തിയത് 38 ദിവസം കഴിഞ്ഞ്

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കാര്യമായ അന്വേഷണം തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞതോടെ ഇല്‍സ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ നേരിട്ടു കണ്ടു. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം സിറ്റി പോലീസ് കമ്മിഷണര്‍ പി.പ്രകാശിനെ കണ്ടു. പ്രസ് ക്ലബ്ബില്‍ വച്ച് മാധ്യമങ്ങളെ കണ്ട് സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇന്ത്യയിലെ ലാത്വിയന്‍ കോണ്‍സല്‍, ഡി.ജി.പി.യെയും ഐ.ജി.യെയും നേരില്‍ക്കണ്ട് അന്വേഷണപുരോഗതി തിരക്കി. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. രണ്ടാഴ്ച പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാതായതോടെ ഇല്‍സ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ചെയ്തു.

38 ദിവസം കഴിഞ്ഞ് ഏപ്രില്‍ 20-നാണ് കോവളം ബീച്ചില്‍നിന്ന് രണ്ടര കിലോമീറ്റര്‍ അകലെയുള്ള പനത്തുറ കൂനംതുരുത്തിയിലെ കണ്ടല്‍ക്കാട്ടില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സഹോദരിയുടെ മരണം ആത്മഹത്യയാണെന്ന പോലീസിന്റെ പ്രാഥമിക നിഗമനത്തിനെതിരേ കൊലപാതകമാണെന്ന തെളിവുകളുമായി തൊട്ടടുത്ത ദിവസം ഇല്‍സ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. ഇതോടെയാണ് ഐ.ജി. മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ ഫോര്‍ട്ട് എ.സി. ജെ.കെ.ദിനിലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെയും ഇല്‍സ കണ്ടു. കേസിലെ മുഖ്യപ്രതികളായ ഉമേഷിനെയും ഉദയനെയും മേയ് മൂന്നിന് പോലീസ് അറസ്റ്റുചെയ്തു. തുടര്‍ന്ന് സഹോദരിയുടെ മൃതദേഹം ശാന്തികവാടത്തില്‍ സംസ്‌കരിച്ച് ചിതാഭസ്മവുമായി ഇല്‍സ നാട്ടിലേക്കു മടങ്ങി.

വിചാരണ വൈകിയതോടെ തിരിച്ചെത്തി

കേസിന്റെ തുടര്‍നടപടികള്‍ കൃത്യമായി നടത്തുമെന്നും പ്രതികള്‍ക്കു ശിക്ഷയുറപ്പാക്കുമെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മനോജ് എബ്രഹാം ഇല്‍സയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ കേസിലെ പ്രതികള്‍ക്ക് കോടതി ജാമ്യമനുവദിച്ചു.

ഏതാനും ദിവസങ്ങള്‍ക്കകം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അടുത്ത മാസംതന്നെ കേസിലെ വിചാരണാനടപടികള്‍ വേഗത്തിലാക്കണമെന്നഭ്യര്‍ത്ഥിച്ച് ഇല്‍സ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ അയച്ചു. വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു.

ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടിയുണ്ടാകാതെവന്നതോടെ 2021 സെപ്റ്റംബറില്‍ ഇല്‍സ വീണ്ടും കേരളത്തിലെത്തി, വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചു. വിചാരണനടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ലാത്വിയന്‍ എംബസി അധികൃതര്‍ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയയ്ക്കുകയും ചെയ്തു.

ഇല്‍സയുടെ ഹര്‍ജി സ്വീകരിച്ച ഹൈക്കോടതി നവംബര്‍ അഞ്ചിന് വിചാരണ ആരംഭിക്കുമന്ന് അറിയിച്ചു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ കോടതിയിലെ വിചാരണ കാണാനും ഇല്‍സയെത്തി.

വിസ കാലാവധി തീര്‍ന്ന് അയര്‍ലന്‍ഡിലേക്കു മടങ്ങിയപ്പോള്‍, ഓണ്‍ലൈനായി വിചാരണ കാണണമെന്നും ഇല്‍സ ആവശ്യപ്പെട്ടിരുന്നു. ഇതു കോടതിയും അംഗീകരിച്ചു.

പ്രതികള്‍ കുറ്റക്കാരാണെന്ന കോടതിയുടെ കണ്ടെത്തലിനോട് ഏറെ ആഹ്ലാദത്തോടെയാണ് ഇല്‍സ പ്രതികരിച്ചത്. സഹോദരിയുടെ തിരോധാനത്തെയും കൊലപാതകത്തെയും കുറിച്ച് ഇല്‍സ ഒരു പുസ്തകവും എഴുതുന്നുണ്ട്.

'ദൈവത്തിനു സ്തുതി; ഇതു സന്തോഷമുള്ള ദിവസം'
തന്റെ സഹോദരിക്കു നീതി ലഭിച്ചുവെന്നാണ്, കോടതിയുടെ കണ്ടെത്തലിനോട് ഇല്‍സ ഓണ്‍ലൈനായി പ്രതികരിച്ചത്. 'ദൈവത്തിനു സ്തുതി. എനിക്കും കുടുംബത്തിനും സന്തോഷമുള്ള ദിവസമാണ്. പ്രോസിക്യൂട്ടര്‍ മോഹന്‍ രാജിനും അന്വേഷണോദ്യോഗസ്ഥന്‍ ദിനിലിലും മുന്‍ സിറ്റി പോലീസ് കമ്മിഷണര്‍ പ്രകാശിനും എ.ഡി.ജി.പി. മനോജ് എബ്രഹാമിനും പ്രോസിക്യൂഷന്‍ സംഘത്തിനും പ്രത്യേക നന്ദി'- ഇല്‍സ പറഞ്ഞു. സുഹൃത്തുക്കള്‍, ഒപ്പംനിന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം ഇല്‍സ നന്ദി രേഖപ്പെടുത്തി.


കേസിന്റെ സാഹചര്യം കൃത്യമായി ബോധ്യപ്പെടുത്താനായി -മോഹന്‍രാജ്
തിരുവനന്തപുരം: കേസിന്റെ സാഹചര്യങ്ങള്‍ കൃത്യമായി കോടതിയെ ബോധിപ്പിക്കാന്‍ കഴിഞ്ഞതിനാലാണ് കൊലക്കുറ്റവും പീഡനവും അടക്കമുള്ള പ്രോസിക്യൂഷന്‍ കേസുകളെല്ലാം തെളിയിക്കാന്‍ കഴിഞ്ഞതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് പറഞ്ഞു. 18 സാഹചര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. കൂനംതുരുത്ത് എന്ന ഒറ്റപ്പെട്ട സ്ഥലത്ത് യുവതിയെ ആരു കൊണ്ടുപോയി എന്നതായിരുന്നു പ്രധാന ചോദ്യം. പ്രതികള്‍ക്കാണ് അവിടെ ഏറ്റവും കൂടുതല്‍ പരിചയവും സ്വാധീനവുമുള്ളത്. പ്രതികളുടെ ശരീരത്തിലെ മുറിവുകള്‍ ഏങ്ങനെയുണ്ടായി എന്നതും പ്രതിഭാഗത്തിനു വ്യക്തമാക്കാനായില്ല. മുന്‍ കെമിക്കല്‍ എക്‌സാമിനര്‍കൂടി കൂറുമാറി. ഡയാറ്റം ബാക്ടീരിയ ശരീരത്തിനുള്ളില്‍ കാണുന്നത് മുങ്ങിമരണംകൊണ്ടു മാത്രമാണെന്ന ഒരു പൊതുപ്രസ്താവനകൊണ്ടാണ് അദ്ദേഹം കൂറുമാറിയതായി പറയേണ്ടിവന്നതെന്നും മോഹന്‍രാജ് പറഞ്ഞു.

പ്രതികള്‍ കുറ്റക്കാര്‍;ശിക്ഷ തിങ്കളാഴ്ച വിധിക്കും

തിരുവനന്തപുരം: കോവളത്തിനു സമീപം 2018-ല്‍ ലാത്വിയന്‍ യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഇവരുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.സനില്‍കുമാറാണ് വിധി പറഞ്ഞത്.

പ്രതികള്‍ക്കെതിരേ പോലീസ് ചുമത്തിയിരുന്ന കൊലക്കുറ്റം, മരണകാരണമായേക്കാവുന്ന പീഡനം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, മയക്കുമരുന്നു നല്‍കല്‍ എന്നീ കുറ്റങ്ങളെല്ലാം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി.

കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരാണ് പ്രതികള്‍.

പ്രോസിക്യൂഷനുവേണ്ടി ഹാജരായത് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജാണ്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ.ദിനിലായിരുന്നു അന്വേഷണോദ്യോഗസ്ഥന്‍.

2018 ഫെബ്രുവരി മൂന്നിനാണ് അയര്‍ലന്‍ഡില്‍നിന്ന് പോത്തന്‍കോട് അരുവിക്കോണത്തെ ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍ വിഷാദരോഗ ചികിത്സയ്ക്കായി യുവതി എത്തിയത്. ഇവിടെനിന്ന് മാര്‍ച്ച് 14-ന് കാണാതായ യുവതിയുടെ മൃതദേഹം കോവളം വാഴമുട്ടത്തെ കൂനംതുരുത്തിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ ഏപ്രില്‍ 20-ന് കണ്ടെത്തി.

മൃതദേഹം അഴുകിയ നിലയിലായിരുന്നു.

ആയുര്‍വേദ ചികിത്സാകേന്ദ്രത്തില്‍നിന്ന് ഓട്ടോറിക്ഷയില്‍ കോവളത്തെത്തിയ യുവതിയെ കഞ്ചാവുബീഡി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പ്രതികള്‍ പീഡിപ്പിച്ചു കൊലപ്പെടുത്തി വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ തൂക്കിയിട്ടു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

മരിച്ച യുവതിയുടെ ശരീരത്തില്‍ ഡയാറ്റം ബാക്ടീരിയ കണ്ടെത്തിയെന്ന കെമിക്കല്‍ എക്‌സാമിനറുടെ മൊഴി മുങ്ങിമരണത്തിനുള്ള സാധ്യതയാണു കാണിക്കുന്നതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും പ്രോസിക്യൂഷന്‍ നിരത്തിയ സാഹചര്യത്തെളിവുകളടക്കമുള്ളവ കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു സാക്ഷികള്‍ കൂറുമാറുകയും ചെയ്തിരുന്നു.

Content Highlights: foreign woman murder in kovalam sister fight


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented