ലക്ഷ്യം മൂലക്കുരു ഒറ്റമൂലി; ചങ്ങലയ്ക്കിട്ട് ഇരുമ്പുവടിക്ക് അടിച്ചു, കുളിമുറിയിലിട്ട് വെട്ടിനുറുക്കി


പ്രതി ഷൈബിൻ അഷ്‌റഫ്

നിലമ്പൂര്‍: കവര്‍ച്ചക്കേസിലെ പരാതിക്കാരന്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതി. സുഹൃത്തുക്കള്‍ വീട്ടില്‍ മോഷണം നടത്തിയെന്നു പരാതിപ്പെട്ട നിലമ്പൂര്‍ മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫാണ് കുടുങ്ങിയത്. മൈസൂരുവിലെ നാട്ടുവൈദ്യനെ ഇയാള്‍ ഒരുവര്‍ഷത്തിലേറെ വീട്ടില്‍ തടവിലിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളിയതായി പോലീസിനു വിവരം ലഭിച്ചു. ഷൈബിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. വീട്ടില്‍ കവര്‍ച്ച നടത്തിയതിന് അറസ്റ്റിലായ, ഇയാളുടെ സുഹൃത്തുക്കള്‍കൂടിയായ പ്രതികള്‍തന്നെയാണ് കൊലപാതകവിവരം പോലീസിനോടു വെളിപ്പെടുത്തിയത്.

മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിനെ (60) 2019 ഓഗസ്റ്റില്‍ ഷൈബിന്‍ തട്ടിക്കൊണ്ടുവന്നു. മൈസൂരു രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ. ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. തന്റെ വീടിന്റെ ഒന്നാംനിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച് തടവില്‍ പാര്‍പ്പിച്ചായിരുന്നു പീഡനം.

ഒരുവര്‍ഷത്തിലേറെ പീഡിപ്പിച്ചിട്ടും ഷാബാ രഹസ്യം വെളിപ്പെടുത്തിയില്ല. 2020 ഒക്ടോബറില്‍ ഷൈബിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചും മുഖത്തേക്ക് സാനിറ്റൈസര്‍ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ ഷാബാ കൊല്ലപ്പെട്ടു. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി. രണ്ടുവര്‍ഷം പിന്നിട്ടതിനാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുക പ്രയാസമായിരിക്കുമെന്ന് പോലീസ് പറയുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം മുറിച്ച് കഷണങ്ങളാക്കിയത്.

പീഡിപ്പിക്കാനും മൃതദേഹം പുഴയില്‍ തള്ളാനും സഹായിച്ച സുഹൃത്തുക്കള്‍ക്ക് ഷൈബിന്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാഞ്ഞിട്ടാണെന്നു പറയുന്നു, ഇയാളുടെ വീട്ടില്‍നിന്ന് സുഹൃത്തുക്കള്‍ കവര്‍ച്ച നടത്തി. ഇതിനെതിരേ ഏപ്രില്‍ 24-ന് ഷൈബിന്‍ നിലമ്പൂര്‍ പോലീസില്‍ പരാതിനല്‍കി. ഈ കേസില്‍ നൗഷാദിനെ പോലീസ് അറസ്റ്റുചെയ്തു. മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതിനിടെ പ്രതികള്‍ ഏപ്രില്‍ 29-ന് സെക്രട്ടേറിയറ്റിനു മുന്‍പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി.

''നീതി കിട്ടുന്നില്ല, ഞങ്ങളെക്കൊണ്ട് ഷൈബിന്‍ കൊലപാതകം ചെയ്യിച്ചിട്ടുണ്ട്'' എന്നു പറഞ്ഞായിരുന്നു ആത്മഹത്യാശ്രമം. ഇവരെ കസ്റ്റഡിയിലെടുത്ത കന്റോണ്‍മെന്റ് പോലീസ്, നിലമ്പൂര്‍ പോലീസിന് കൈമാറി. ഇവരെയും നൗഷാദിനെയും ചേര്‍ത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. ഷാബാ ശെരീഫിനെ കാണാതായപ്പോള്‍ ബന്ധുക്കള്‍ മൈസൂരു പോലീസില്‍ പരാതിനല്‍കിയിരുന്നു. ഷാബായെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി സുഹൃത്തുക്കള്‍ സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ പോലീസിനു കൈമാറി. ബന്ധുക്കളെ കാട്ടി ഇത് ഷാബാ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

മരക്കട്ടയും കത്തിയും ഉപയോഗിച്ച് മൃതദേഹം വെട്ടിനുറുക്കി

നിലമ്പൂര്‍: ഷാബാ ശെരീഫിനെ ഷൈബിനും കൂട്ടുകാരും കൊന്ന് മൃതദേഹം കഷണങ്ങളായി മുറിച്ചത് തടിമില്ലില്‍നിന്ന് കൊണ്ടുവന്ന മരക്കട്ടയും ഇറച്ചിവെട്ടുന്ന കത്തിയുമുപയോഗിച്ചെന്ന് പോലീസ്. മുറിച്ചുമാറ്റിയ മൃതദേഹം പിന്നീട് പ്ലാസ്റ്റിക് കവറിലാക്കി ചാലിയാറില്‍ തള്ളി. കുളിമുറിയില്‍വെച്ച് വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹഭാഗങ്ങള്‍ ഷൈബിന്റെ ആഡംബരകാറിലാണ് കൊണ്ടുപോയത്. ഈ വാഹനത്തില്‍ ഷൈബിനും ഡ്രൈവര്‍ നിഷാദുമാണുണ്ടായിരുന്നത്. മുന്നില്‍ മറ്റൊരു ആഡംബരകാറില്‍ ഷിഹാബുദ്ദീനും പിന്നില്‍ നൗഷാദും അകമ്പടിയായി പോയി. തിരികെ വീട്ടിലെത്തി പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചു.

മൈസൂരുവിലെ ലോഡ്ജില്‍ താമസിക്കുന്ന വൃദ്ധനായ രോഗിയെ ചികിത്സിക്കാനാണെന്ന വ്യാജേനയാണ് ഷാബാ ശെരീഫിനെ ബൈക്കില്‍ കൊണ്ടുവന്നത്. വഴിയില്‍ കാത്തുനിന്ന ഷൈബിന്റെ കാറില്‍ കയറ്റി നിലമ്പൂരിലെ വീട്ടിലെത്തിച്ചു. ഷാബാ ശെരീഫിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ സരസ്വതീപുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താത്തതില്‍ കുടുംബം കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിച്ചു. ഇതിനിടയിലാണ് നിലമ്പൂര്‍ പോലീസ് ഷാബാ ശെരീഫിന്റെ ബന്ധുക്കളെ അന്വേഷിച്ചു ചെല്ലുന്നത്.

ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യത്തില്‍നിന്ന് ബന്ധുക്കള്‍ ഷാബാ ശെരീഫിനെ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഡിവൈ.എസ്.പി.മാരായ സാജു കെ. അബ്രഹാം, കെ.എം. ബിജു, നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണു, എസ.ഐ.മാരായ നവീന്‍ഷാജ്, എം. അസൈനാര്‍, എ.എസ്.ഐ. മാരായ റെനി ഫിലിപ്പ്, അനില്‍കുമാര്‍, എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

Content Highlights: folk healer murder in nilambur accused need to know medicine details of hemorrhoids

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section
Most Commented