മരിച്ച അഹിൽ, പ്രതാപൻ, ഷേർളി, അഭിരാമി
തിരുവനന്തപുരം: വര്‍ക്കലയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ തീപിടിത്തമുണ്ടായ വീട്ടില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗം പരിശോധന നടത്തി. തീപിടിത്തമുണ്ടായതിന്റെ കാരണം കണ്ടെത്താനാണ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ ബുധനാഴ്ച വീട്ടില്‍ പരിശോധന നടത്തിയത്. അതേസമയം, തീപിടിത്തത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് വര്‍ക്കല അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ ഗൃഹനാഥനായ ആര്‍. പ്രതാപന്‍, ഭാര്യ ഷേര്‍ളി, ഇളയ മകന്‍ അഹില്‍, രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി, ഇവരുടെ മകന്‍ റയാന്‍ എന്നിവര്‍ മരിച്ചിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടിയായിരുന്നു അഞ്ചുപേരുടെയും മരണം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിഹുല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമായതെന്നാണ് പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹതകളില്ലെന്നാണ് പോലീസിന്റെ നിഗമനം. എന്നാലും മറ്റുസാധ്യതകളും പോലീസ് തള്ളിക്കളയുന്നില്ല. ഇതിന്റെ ഭാഗമായാണ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അടക്കം വീട്ടില്‍ പരിശോധന നടത്തിയത്.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നിഹുലിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയില്‍നിന്നുള്ള വിവരം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നിഹുലിന്റെ മൊഴിയും രേഖപ്പെടുത്തും.
മരിച്ചവരുടെ ബന്ധുക്കളെ അടൂര്‍ പ്രകാശ് എം.പി.യും ബുധനാഴ്ച സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ നല്ലരീതിയില്‍ അന്വേഷണം നടക്കട്ടെയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, പ്രതാപന്റെ മൂത്തമകന്‍ രാഹുല്‍ കഴിഞ്ഞദിവസം വിദേശത്തുനിന്ന് നാട്ടിലെത്തിയിരുന്നു. അഭിരാമിയുടെ അച്ഛന്‍ നടേശന്‍ ലണ്ടനിലാണ്. ഇദ്ദേഹം നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരചടങ്ങുകള്‍.
Content Highlights: five of a family killed in house fire in varkala investigation at home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..