മരിച്ച ഷാജിയും ശ്രീജയും(ഒരാഴ്ച മുൻപ് വിവാഹസമയത്ത് എടുത്ത ഫോട്ടോ), അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ പാടിച്ചാലിലെ വീട്(വലത്ത്) | Screengrab: Mathrubhumi News
കണ്ണൂര്‍: ചെറുപുഴ പാടിച്ചാലില്‍ ദമ്പതിമാരെയും മൂന്നുമക്കളെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലയ്ക്ക് ശേഷമുള്ള ആത്മഹത്യയെന്ന് സംശയം. പാടിച്ചാല്‍ സ്വദേശി ശ്രീജ, ശ്രീജയുടെ മക്കളായ സുജിന്‍(12) സൂരജ്(10) സുരഭി(എട്ട്) ശ്രീജയുടെ രണ്ടാംഭര്‍ത്താവ് ഷാജി എന്നിവരെയാണ് പാടിച്ചാലിലെ ശ്രീജയുടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മക്കളെ കൊലപ്പെടുത്തിയശേഷം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ സംശയം. ജീവനൊടുക്കുന്നതിന് മുന്‍പ് ശ്രീജ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ശ്രീജ ചെറുപുഴ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചത്. മക്കളെ കൊന്നിട്ടുണ്ട്, ഞങ്ങളും മരിക്കാന്‍ പോവുകയാണെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇതോടെ പോലീസ് സ്ഥലത്തേക്ക് കുതിച്ചു. ഇതിനിടെ നാട്ടുകാരെയും പോലീസ് വിവരമറിയിച്ചിരുന്നു. എന്നാല്‍ നാട്ടുകാരും പോലീസും വീട്ടിലെത്തിയപ്പോള്‍ അഞ്ചുപേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്.
ശ്രീജയുടെയും ഷാജിയുടെയും രണ്ടാംവിവാഹമാണിത്. അടുപ്പത്തിലായിരുന്ന ഇരുവരും ഒരാഴ്ച മുന്‍പാണ് വിവാഹിതരായത്. തുടര്‍ന്ന് ഷാജി ശ്രീജയ്‌ക്കൊപ്പം താമസം ആരംഭിച്ചു. പാടിച്ചാലിലെ വീട്ടില്‍ ശ്രീജയും ഷാജിയും താമസിക്കുന്നതിനെച്ചൊല്ലി ആദ്യഭര്‍ത്താവ് സുനിലുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ശ്രീജ ഷാജിയെ വിവാഹം കഴിച്ചതോടെ ആദ്യഭര്‍ത്താവ് സുനില്‍ ഏതാനുംദിവസങ്ങളായി മറ്റൊരിടത്താണ് താമസം. ശ്രീജയ്‌ക്കെതിരേ സുനില്‍ പോലീസിലും പരാതി നല്‍കിയിരുന്നു. ഇവരുടെ പ്രശ്‌നപരിഹാരത്തിനായി ബുധനാഴ്ച മധ്യസ്ഥ ചര്‍ച്ച നടത്താനും പോലീസ് തീരുമാനിച്ചു. ഇതിനിടെയായിരുന്നു അഞ്ചുപേരുടെയും മരണം.
മരിച്ച മൂന്നുകുട്ടികളും ശ്രീജയുടെ ആദ്യബന്ധത്തിലുള്ളതാണ്. ഷാജിയുടെ ആദ്യവിവാഹത്തിലും രണ്ട് കുട്ടികളുണ്ട്. ആദ്യഭര്‍ത്താവ് സുനിലും ശ്രീജയും തമ്മില്‍ യാതൊരുപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആദ്യഭര്‍ത്താവുമായി നല്ല ബന്ധത്തിലായിരിക്കെയാണ് ശ്രീജയും ഷാജിയും അടുപ്പത്തിലായതെന്നും തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ശ്രീജ ഷാജിയെ വിവാഹംകഴിച്ചതോടെ സുനില്‍ പോലീസിനെ സമീപിച്ചിരുന്നു. കുട്ടികളെ സംരക്ഷിക്കണമെന്നും ഭാര്യയും രണ്ടാംഭര്‍ത്താവും കുട്ടികളെ കൊന്നുകളഞ്ഞേക്കുമെന്നാണ് ഇദ്ദേഹം പരാതിപ്പെട്ടിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ശ്രീജയുടെ രണ്ടാംവിവാഹത്തെക്കുറിച്ച് തങ്ങളറിഞ്ഞില്ലെന്നായിരുന്നു ശ്രീജയുടെ സഹോദരിയുടെയും പ്രതികരണം. ശ്രീജയുടെ ആദ്യഭര്‍ത്താവ് സുനില്‍ നല്ല സ്വഭാവക്കാരനാണ്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇവിടെ പുതിയ വീട് പണികഴിപ്പിച്ചതിന് ശേഷമാണ് ശ്രീജയും ഷാജിയും ബന്ധം തുടങ്ങുന്നത്. കഴിഞ്ഞയാഴ്ച വാട്‌സാപ്പില്‍ ഫോട്ടോ കണ്ടതോടെയാണ് ഇവരുടെ കല്യാണം കഴിഞ്ഞകാര്യം അറിഞ്ഞതെന്നും ശ്രീജയുടെ സഹോദരി പറഞ്ഞു.
അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ വീട്ടില്‍ ഡിവൈ.എസ്.പി. ഇ.പ്രേമചന്ദ്രന്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡിവൈ.എസ്.പി. അറിയിച്ചു. വിരലടയാള, ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.
Content Highlights: five members of a family found dead in their home in cherupuzha kannur more details reveals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..