അറസ്റ്റിലായ സംഗീത്, അരുൺ
കൊടുങ്ങല്ലൂര്‍: സ്വന്തമായി മീന്‍പിടിത്ത ബോട്ട് വാങ്ങി കടലിലിറക്കുക എന്ന ലക്ഷ്യത്തോടെ മീന്‍പിടിത്ത യാനങ്ങളിലെ എന്‍ജിനുകള്‍ മോഷ്ടിച്ച് വില്‍ക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ അറസ്റ്റിലായി.
കൂളിമുട്ടം പൊക്ലായി സ്വദേശികളായ പുന്നയ്ക്കത്തറയില് അരുണ്‍ (35), കൊട്ടെക്കാട്ട് സംഗീത് (24) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ അഴീക്കോട് ഹാര്‍ബറില്‍ മീന്‍പിടിത്തം കഴിഞ്ഞ് നങ്കൂരമിട്ടിരുന്ന വള്ളങ്ങളില്‍നിന്ന് എന്‍ജിനുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ സംഭവത്തിലാണ് ഇവര്‍ അറസ്റ്റിലായത്. നങ്കൂരമിട്ട് കിടക്കുന്ന വള്ളങ്ങളിലേക്ക് രാത്രിയില്‍ വഞ്ചിയിലെത്തി എന്‍ജിനുകള്‍ അഴിച്ചെടുത്ത് തീരത്ത് കാത്തുകിടക്കുന്ന വണ്ടിയില്‍ കയറ്റി കൊയിലാണ്ടി, വെള്ളയില്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഇവര്‍ വില്‍പ്പന നടത്തിയ എന്‍ജിനുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് ഇവര്‍ കടലോരത്ത് തമ്പടിച്ച് എന്‍ജിനുകള്‍ മോഷ്ടിച്ചു വില്‍പ്പന നടത്താന്‍ തുടങ്ങിയത്. ഇതിനകം അഞ്ചോളം യാനങ്ങളിലെ എന്‍ജിനുകള്‍ ഇത്തരത്തില്‍ മോഷ്ടിച്ചു വില്‍പ്പന നടത്തിയതായും ഇത്തരത്തില്‍ കിട്ടുന്ന തുക കൊണ്ട് ബോട്ട് സ്വന്തമായി വാങ്ങുന്നതിനുമാണ് ലക്ഷ്യമിട്ടിരുന്നതെന്നും പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസത്തോളമായി വള്ളങ്ങളില്‍ നിന്നും എന്‍ജിനുകള്‍ നഷ്ടപ്പെടുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഡിവൈ.എസ്.പി. യുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കൊടുങ്ങല്ലൂര്‍ ഇന്‍സ്പെക്ടര്‍ ബ്രിജുകുമാര്‍, അഴീക്കോട് തീരദേശ പോലീസ് ഇന്‍സ്പെക്ടര്‍ സി. ബിനു, പി.സി. സുനില്‍, സിപി.ഒ. മാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുന് ആര്. കൃഷ്ണ, നിഷാന്ത്, അരുണ്‍ നാഥ്, സിന്റോ, വിബിന്, ശ്യാം കെ. ശിവന് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..