സംഭവസ്ഥലത്തെ ദൃശ്യങ്ങളിൽ നിന്ന് | Screengrab: മാതൃഭൂമി ന്യൂസ്
ആലപ്പുഴ: ഹരിപ്പാട് ചാമ്പക്കണ്ടം പട്ടികജാതി കോളനിയില്‍ പോലീസ് അതിക്രമിച്ച കയറിയതായി പരാതി. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. സ്ത്രീകളെയുള്‍പ്പെടെ പോലീസ് മര്‍ദ്ദിച്ചുവെന്നും പരാതിയുണ്ട്. എന്നാല്‍ വീടിന് മുന്നില്‍ സംശയകരമായി രണ്ട് പേരെ കണ്ടപ്പോള്‍ ചോദ്യം ചെയ്തതിന് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഹരിപ്പാട് നിന്നുള്ള മൂന്നംഗ പോലീസ് സംഘം പട്രോളിങ്ങിനിറങ്ങയതായിരുന്നു. അജിത്ത്, ശരത്ത് എന്നീ സഹോദരങ്ങളുടെ വീടിന് മുന്നില്‍ ഒരു ബൈക്ക് പാര്‍ക്ക് ചെയ്തിരിക്കുന്നതും സമീപത്തായി രണ്ട് പേര് നിന്ന് സംസാരിക്കുന്നതും കണ്ടാണ് പോലീസ് ഇവരെ ചോദ്യം ചെയ്തത്. മദ്യലഹരിയിലാണെന്ന് സംശയിക്കപ്പെടുന്ന യുവാക്കള്‍ ഉടന്‍ തന്നെ പോലീസുകാരുമായി തട്ടിക്കയറുകയായിരുന്നു.ഇതിനിടെ പോലീസുകാരിലൊരാള്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും യുവാക്കളെ ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഒച്ചപ്പാടുണ്ടാകുകയായിരുന്നു.
ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തുകയും പോലീസ് വാഹനത്തെ തടയുകയും ജീപ്പിന്റെ താക്കോല്‍ ഊരിയെടുക്കുകയുമായിരുന്നു. എന്നാല്‍ യുവാക്കളെ കൊണ്ട് പോകാനുള്ള നീക്കത്തില്‍ നിന്ന് പോലീസ് പിന്മാറിയില്ല.സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പോലീസിനെ തടഞ്ഞു. ഇതിനിടെ ഒരു മണിക്കൂറിന് ശേഷം കൂടുതല്‍ പോലീസുകാര്‍ സ്ഥലത്ത് എത്തി. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസുകാരെത്തിയാണ് തടഞ്ഞുവെച്ച പോലീസുകാരെ മോചിപ്പിച്ചത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റുവെന്ന് കാണിച്ച് സ്ത്രീകളുള്‍പ്പെടെ എട്ടുപേര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പോലീസ് നടപടി തടസ്സപ്പെടുത്തിയെന്നതുള്പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രണ്ട് പേര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..