ഡാമിൽ തിരച്ചിൽ നടത്തുന്ന ദൃശ്യം(ഇടത്ത്) മരിച്ച ബിനീഷും മകൾ പാർവതിയും(വലത്ത്)
അടിമാലി(ഇടുക്കി): കോട്ടയം പാമ്പാടിയില്‍നിന്ന് കാണാതായ അച്ഛനെയും മകളെയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷ്(45) മകള്‍ പാര്‍വതി(19) എന്നിവരുടെ മൃതദേഹങ്ങളാണ് ഡാമില്‍നിന്ന് കണ്ടെത്തിയത്. ഇരുവരും ഡാമില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ചയാണ് ബിനീഷിനെയും മകളെയും കാണാതായത്. ഇടുക്കി കമ്പംമെട്ടിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ഇരുവരും ഞായറാഴ്ച രാവിലെ 11 മണിയോടെ പാമ്പാടിയില്‍നിന്നും യാത്രതിരിച്ചത്. വൈകീട്ട് ആറുമണി വരെ ബിനീഷ് മൊബൈല്‍ ഫോണില്‍ പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് ഫോണ്‍ എടുത്തില്ല. രാത്രിയായിട്ടും ഇരുവരും ബന്ധുവീട്ടില്‍ എത്തിയതുമില്ല. ഇതോടെ ഭര്‍ത്താവിനെയും മകളെയും കാണാനില്ലെന്ന് ബിനീഷിന്റെ ഭാര്യ പാമ്പാടി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ബിനീഷിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കല്ലാര്‍കുട്ടി മേഖലയിലുണ്ടെന്ന് കണ്ടെത്തി. ഇതിനിടെ, കല്ലാര്‍കുട്ടി ഡാമിന് പരിസരത്ത് ഒരു ബൈക്ക് ഇരിക്കുന്നത് ഞായറാഴ്ച വൈകീട്ട് തന്നെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ ബൈക്കില്‍നിന്ന് മൊബൈല്‍ഫോണും പേഴ്‌സും കണ്ടെത്തി. ഇതേസമയം തന്നെ പാമ്പാടി പോലീസ് അടിമാലി പോലീസിനെ വിവരമറിയിച്ചു. കണ്ടെത്തിയ ബൈക്കും മൊബൈലും ബിനീഷിന്റേതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഇരുവരും ഡാമില്‍ ചാടിയതാകുമെന്ന നിഗമനത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചത്.
അടിമാലി, വെള്ളത്തൂവല്‍ പോലീസും അടിമാലി അഗ്നിരക്ഷാസേന യൂണിറ്റും മുവാറ്റുപുഴയില്‍നിന്നുള്ള സ്‌കൂബാ ടീമുമാണ് ഡാമില്‍ തിരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബിനീഷിന്റെ മൃതദേഹം ചെളിയില്‍പൂണ്ട നിലയില്‍ പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. മൂന്നുമണിയോടെ മകളുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: father and daughter who went missing from kottayam found dead in idukki kallarkutty dam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..