അറസ്റ്റിലായ പ്രതി അബ്ദുൾസമദിനെ ഗൂഡല്ലൂർ ഡി.എസ്.പി. പി.കെ. മഹേഷ്കുമാറും സംഘവും കസ്റ്റഡിയിലെടുത്തപ്പോൾ, ഇൻസെറ്റിൽ അബ്ദുൾ സമദും ഫർസാനയും
ഗൂഡല്ലൂര്‍: മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുള്‍സമദിനെ പോലീസ് രണ്ടരവര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
ഫര്‍സാനയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ അബ്ദുള്‍ സമദ് ഒളിവില്‍പ്പോവുകയാണുണ്ടായത്. 2020 ജൂണ്‍ 18-നാണ് മേപ്പാടി റിപ്പണിലെ പോത്ഗാര്‍ഡനില്‍ അബ്ദുള്ളയുടെയും ഖമറുനിസയുടെയും മകള്‍ ഫര്‍സാനയെ (21) ഗൂഡല്ലൂര്‍ രണ്ടാംമൈലിലെ വാടകവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗൂഡല്ലൂര്‍ ഡി.എസ്.പി. പി.കെ. മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പോലീസ് സംഘം ചൂരല്‍മലയിലെ വീട്ടില്‍നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അബ്ദുള്‍സമദിനെ പിടികൂടിയത്.
ഫര്‍സാനയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാരോപിച്ച് പിതാവ് അബ്ദുള്ള ഗൂഡല്ലൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതിനല്‍കിയിരുന്നു. 2017 ഓഗസ്റ്റ് 15-നായിരുന്നു അബ്ദുള്‍സമദും ഫര്‍സാനയും വിവാഹിതരായത്. ഇരുവരും കോവിഡ്കാലത്ത് തന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും മരുമകന്റെ ആവശ്യാര്‍ഥം 2019-ല്‍ സ്ത്രീധനമായി ഗൂഡല്ലൂര്‍ ടൗണിലെ റീഗല്‍ കോംപ്ലക്സില്‍ ഐട്യൂണ്‍ എന്നപേരില്‍ മൊബൈല്‍കട തുടങ്ങിക്കൊടുത്തതായും അബ്ദുള്ളയുടെ പരാതിയില്‍ പറയുന്നു. മകള്‍ ഗര്‍ഭിണിയായസമയത്തായിരുന്നു ഇത്. തുടര്‍ന്ന് പ്രസവാനന്തരം ഒന്നാംമൈലിലും പിന്നീട് കുറച്ചുകാലത്തിനുശേഷം രണ്ടാംമൈലിലും താമസിക്കാന്‍ താന്‍തന്നെ വാടകവീട് തരപ്പെടുത്തിനല്‍കിയതായും അബ്ദുള്ള പറയുന്നു.
കോവിഡ് സമയമായതിനാല്‍ അതിര്‍ത്തിക്കപ്പുറമുള്ള താനുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്ന മകളുടെ മരണവിവരം രാത്രിവൈകിയാണ് അറിഞ്ഞതെന്നും പിറ്റേദിവസം വൈകുന്നേരംവരെ മകളുടെ മൃതദേഹം കാണിക്കാന്‍ പോലീസുള്‍പ്പെടെ തയ്യാറായില്ലെന്നും മകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പോലീസ് നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചതായും അബ്ദുള്ള പരാതിയില്‍ പറയുന്നു.
കോവിഡ്കാലത്ത് രണ്ടാംമൈലിലെ വാടകവീട്ടില്‍ കഴിയുകയായിരുന്ന ഫര്‍സാനയും അബ്ദുള്‍സമദും തമ്മില്‍ കറി പാചകംചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തര്‍ക്കത്തെ തുടര്‍ന്ന് മുറിക്കകത്ത് കയറി വാതിലടച്ച ഫര്‍സാന തൂങ്ങിമരിച്ചതായും പിന്നീട് ഇവരുടെ രണ്ടുവയസ്സുള്ള കുഞ്ഞ് വാതിലിന് തട്ടിയപ്പോള്‍ അബ്ദുള്‍സമദ് വാതില്‍ ചവിട്ടിത്തുറക്കുകയുമാണുണ്ടായത്. ഫര്‍സാന മുറിക്കുള്ളില്‍ തൂങ്ങിമരിച്ചതായും താന്‍ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തിയെന്നുമാണ് അബ്ദുള്‍സമദ് സമീപവാസികളോടും മറ്റും പറഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഗൂഡല്ലൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അബ്ദുള്‍സമദിനെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Content Highlights: farsana death case, husband arrested after two and half years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..