ബെന്നി മാത്യു, യദുകൃഷ്ണൻ
മറയൂര്‍: മറയൂര്‍ പള്ളനാട്ടില്‍ ഭിന്നശേഷിക്കാരനെ മനോവൈകല്യമുള്ള യുവാവ് അടിച്ചും വെട്ടിയും കൊലപ്പെടുത്തി. ആനച്ചാല്‍ ചെങ്കുളം തോപ്പില്‍വീട്ടില്‍ ബെന്നി മാത്യു (57)ആണ് കൊല്ലപ്പെട്ടത്. കാന്തല്ലൂര്‍ ചുരക്കുളം സ്വദേശി ആര്.യദുകൃഷ്ണ (22)നെ മറയൂര്‍ പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി.
മറയൂര്‍ പള്ളനാട്ടില്‍ കല്ലറക്കല്‍ ജോസ് മാത്യുവിന്റെ തോട്ടങ്ങളുടെ മേല്‍ നോട്ടക്കാരനായിരുന്നു ബെന്നി മാത്യു. പള്ളനാട്ടിലെ കമുകിന്തോട്ടത്തിലുള്ള വീട്ടില്‍ മുന്‍വശത്തെ മുറിയിലാണ് നഗ്നനായനിലയില്‍ രക്തത്തില്‍ കുളിച്ച് മൃതദേഹം കണ്ടത്. വ്യാഴാഴ്ച രാവിലെ ഏഴോടെ തോട്ടത്തില്‍ ജോലിക്ക് വന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മറയൂര്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ബുധനാഴ്ച രാത്രി യദു കൃഷ്ണന് ബെന്നി മാത്യുവിന്റെ വീട്ടില്‍ ഉണ്ടായിരുന്നതായി സൂചന ലഭിച്ചു. യദുവിനെ പോലീസ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മൃതദേഹത്തിനടുത്ത് നിന്ന് ഫോണ്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ചെറുവാട് ഭാഗത്തുനിന്നു യദുകൃഷ്ണനെ പിടികൂടുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഭിന്നശേഷിക്കാരനായ ബെന്നി മാത്യു ഭിന്നശേഷിക്കാരുടെ സംഘടന (ഡി.എ.ഡബ്ള്യു.എഫ്.) ഏരിയ സെക്രട്ടറിയായിരുന്നു. മനോവൈകല്യമുള്ള യദുകൃഷ്ണന് സഹായത്തിനായി ബെന്നി മാത്യുവിനെ സമീപിച്ചിരുന്നു. ബുധനാഴ്ച മറയൂര്‍ ചെറുവാട് കുടിയില്‍ നടന്ന ഊരൂകൂട്ടത്തില് ഇരുവരും പങ്കെടുത്തു. വൈകുന്നേരത്തോടെ പള്ളനാട്ടിലെ വീട്ടിലെത്തിയ യദു പത്തരയോടെ ചുരക്കുളത്തെ വീട്ടിലേക്ക് പോകാന്‍ ശ്രമിച്ചത് ബെന്നി തടഞ്ഞു. വീടിന്റെ വാതിലുകള്‍ താഴിട്ട് പൂട്ടി. ഇതില്‍ പ്രകോപിതനായ യദു വീട്ടിനുള്ളിലുണ്ടായിരുന്ന കമ്പും വാക്കത്തിയും ഉപയോഗിച്ച് ബെന്നി മാത്യുവിനെ ആക്രമിക്കുകയായിരുന്നു.
അടുക്കളവാതിലിന്റെ പൂട്ട് വാക്കത്തി ഉപയോഗിച്ച് തകര്‍ത്ത് പ്രതി രക്ഷപ്പെട്ടു. മൃതദേഹം മേല്‍നടപടികള്‍ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പരിശോധനയ്ക്കായി മാറ്റി. മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്.മനോജ്, മറയൂര്‍ ഇന്‍സ്പെക്ടര്‍ പി.ടി.ബിജോയ്, എസ്.ഐമാരായ ബജിത് ലാല്‍ ബി, പി.ജി.അശോക് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബെന്നിയുടെ ഭാര്യ: ജെസി, മകള്‍: റാണിമോള്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..