പ്രതീകാത്മകചിത്രം| Photo: Mathrubhumi
മൈസൂരു: തീവണ്ടിയില്‍ ടിക്കറ്റ് പരിശോധകനെന്ന (ടി.ടി.ഇ.) വ്യാജേന യാത്രക്കാരില്‍നിന്ന് പിഴയീടാക്കി വന്നയാളെ പിടികൂടി. കഴിഞ്ഞ ആറുമാസത്തിനിടെ യാത്രക്കാരെ കബളിപ്പിച്ച് 70,000-ത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്. കനകപുര സ്വദേശി മല്ലേഷ് (35) ആണ് പിടിയിലായത്.
വാക്കിടോക്കിയും വ്യാജ റെയില്‍വേ തിരിച്ചറിയല്‍ കാര്‍ഡുമായി സംശയാസ്പദമായ രീതിയില്‍ ബെംഗളൂരു-മൈസൂരു ടിപ്പു എക്സ്പ്രസില്‍ കറങ്ങിനടന്ന ഇയാളെ തീവണ്ടിയിലെ യഥാര്‍ഥ ടി.ടി.ഇ. പിടികൂടുകയായിരുന്നു. തീവണ്ടിയില്‍ ബെഡ് റോള്‍ ബോയിയായി (എ.സി. കോച്ച് യാത്രക്കാര്‍ക്ക് പുതപ്പും തലയിണയും നല്കാന് നിയോഗിക്കപ്പെട്ടവര്‍) കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചപ്പോഴാണ് ടി.ടി.ഇ.യുടെ ജോലിയെക്കുറിച്ച് മനസ്സിലാക്കിയതെന്ന് പ്രതി ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയതായി റെയില്‍വേ പോലീസ് പറഞ്ഞു.
ബെംഗളൂരുവിലെ ഗാന്ധിബസാറില്നിന്നാണ് 50 രൂപയ്ക്ക് വ്യാജ റെയില്‍വേ തിരിച്ചറിയല്‍ കാര്‍ഡും 700 രൂപയ്ക്ക് വാക്കിടോക്കിയും പ്രതി കരസ്ഥമാക്കിയത്. കറുത്ത പാന്റും സ്പോര്‍ട്സ് ഷൂസും ധരിച്ചാണ് ടി.ടി.ഇ.യെന്ന വ്യാജേനെ ഇയാള്‍ ടിക്കറ്റില്ലാത്ത യാത്രക്കാരില്‍നിന്ന് പിഴയെന്ന പേരില്‍ പണം തട്ടിയെടുത്തിരുന്നത്. ആഴ്ചയിലൊരിക്കല്‍ തട്ടിപ്പ് നടത്തുന്ന പ്രതി 7,000 രൂപയാണ് ഒരുദിവസം സമ്പാദിച്ചിരുന്നത്. ആറുമാസത്തിനിടെ ഇത്തരത്തില്‍ നേടിയ 70,000-ത്തോളം രൂപ മദ്യപാനത്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്നും പ്രതി വ്യക്തമാക്കിയെന്ന് പോലീസ് പറഞ്ഞു.
യഥാര്‍ഥ ടി.ടി.ഇ.യ്ക്ക് സസ്പെന്ഷന്
പ്രതിയുടെ തട്ടിപ്പ് മറ്റൊരു യഥാര്‍ഥ ടി.ടി.ഇ.യ്ക്ക് സസ്പെന്ഷന് ലഭിക്കാനും ഇടയാക്കി. ജൂണ്‍ 23-ന് ബെംഗളൂരു-ഹുബ്ബള്ളി പാതയില്‍ സര്‍വീസ് നടത്തുന്ന തീവണ്ടിയില്‍ കയറിയ പ്രതി യാത്രക്കാരായ ഒരുകുടുംബത്തിനോട് 7,000 രൂപ നല്കിയാല് സീറ്റ് നല്‍കാമെന്ന് പറഞ്ഞു. യഥാര്‍ഥ ടി.ടി.ഇ.യാണെന്ന് വിശ്വസിച്ച കുടുംബം പണം നല്കി. എന്നാല്‍, അടുത്ത സ്റ്റേഷനില്‍ പ്രതി ഇറങ്ങിപ്പോയി.
സീറ്റ് ലഭിക്കാതെ വന്നതോടെ കുടുംബം റെയില്‍വേയ്ക്ക് പരാതി നല്കി. ഇതേത്തുടര്‍ന്ന് സംഭവദിവസം തീവണ്ടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടി.ടി.ഇ.യായ സുനിലിനെ 14 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇയാളുടെ സസ്പെന്ഷന് ഇതുവരെ പിന്‍വലിച്ചിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..